06 December Wednesday
അധികതുക കോര്‍പറേഷന്‍ വഹിക്കും

മത്സ്യത്തൊഴിലാളികള്‍ക്ക് ഐസ് ബോക്സ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
തിരുവനന്തപുരം
മത്സ്യത്തൊഴിലാളികൾക്ക് ഇൻസുലേറ്റഡ് ഐസ് ബോക്സ് നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യഫെ‍ഡിന് അധികമായി നൽകേണ്ട തുക കോർപറേഷൻ വഹിക്കും. 45 ലക്ഷം രൂപയുടെ പദ്ധതിയിൽ മത്സ്യഫെഡിൽനിന്നും ഐസ് ബോക്സുകൾ വാങ്ങാനാണ് കഴിഞ്ഞ വർഷം തീരുമാനിച്ചത്. സർക്കാർ മാനദണ്ഡപ്രകാരം ഏഴുലിറ്ററിന്റെ ബോക്സിന് 3500 രൂപയായിരുന്നു അന്ന് വില. എന്നാൽ ജൂലൈയിൽ ബോക്സിന് 3768 രൂപയായി. പദ്ധതി പ്രകാരം 50 ശതമാനം ഗുണഭോക്താവും 50 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനവുമാണ് നൽകേണ്ടത്. മത്സ്യഫെഡ് തുക ഉയർത്തിയതോടെ 268 രൂപ അധികം അടയ്‌ക്കേണ്ടതായി വരും. ഈ തുക മുഴുവൻ കോർപറേഷൻ അടയ്‌ക്കുമെന്ന് മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. 
 
മാലിന്യസംസ്കരണ 
ബോധവൽക്കരണത്തിന് കോര്‍പറേഷന്‍
തിരുവനന്തപുരം
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിന് ആരോഗ്യവിഭാഗവുമായി ചേർന്ന് ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇതിന് കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും മേയർ കൗൺസിലിൽ അറിയിച്ചു. മാലിന്യ സംസ്കരണത്തിൽ കോർപറേഷൻ വളരെ കരുതലോടെയാണ് മുന്നോട്ടുപോകുന്നതെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ജമീല ശ്രീധരൻ അറിയിച്ചു. ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഭരണസമിതി ഒരുക്കുന്നുണ്ട്. അജൈവമാലിന്യനീക്കം നിലവിൽ 99 വാർഡുകളിൽ ഹരിതകർമസേനയുടെ സഹായത്തോടെ നടത്തുന്നുണ്ട്. എന്നാൽ, കുറച്ച് ആളുകൾമാത്രമാണ് ഇതിൽ പങ്കാളിയായിട്ടുള്ളു. ഇത് തുടർന്നാൽ എല്ലാ അജൈവമാലിന്യങ്ങളും സംഭരിക്കാൻ സാധിക്കില്ല. കച്ചവട സ്ഥാപനങ്ങളും വീടുകളും കോർപറേഷന്റെ സംവിധാനത്തിലേക്ക് വരണം. കൗൺസിലർമാരുടെ സഹകരണം വേണമെന്നും ജമീല ശ്രീധരൻ പറഞ്ഞു. 
ഉറവിടമാലിന്യ സംസ്കരണത്തിന് വേണ്ടി 5000 കിച്ചൺ ബിൻ വാങ്ങാനും തീരുമാനിച്ചു. പാലക്കാട് നിന്നുള്ള ഐആർടിസി കമ്പനിയിൽ നിന്നാണ് കിച്ചൺ ബിൻ വാങ്ങുക. ടെൻഡറിൽ ഒന്നാമതെത്തിയ റാം ബൈയോളജിക്കൽ കമ്പനി സർക്കാർ കരിമ്പട്ടികയിലുൾപ്പെടുത്തിയത് കാരണമാണ് കരാർ രണ്ടാമതെത്തിയ ഐആർടിസിയ്ക്ക് കരാ‌ർ നൽകിയത്. ഒരു ബിന്നിന് 1525 രൂപ നിരക്കിലാണ് വാങ്ങുന്നത്.അപേക്ഷകരുടെ കുറവ് മൂലമാണ് ആദ്യഘട്ടത്തിൽ 5000 കിച്ചൺ ബിൻ വാങ്ങുന്നതെന്ന് ജമീല ശ്രീധരൻ അറിയിച്ചു.
 
സീറോ ബജറ്റ് പൊങ്കാല
ആറ്റുകാൽ പൊങ്കാല സീറോ ബജറ്റ് ആയിരുന്നുവെന്നും മേയർ അറിയിച്ചു. സ്പോൺസർമാരുമായി സഹകരിച്ച് സൗജന്യമായി വാഹനം, ഭക്ഷണം, വളന്റിയർമാർക്കുള്ള ഷർട്ട് എന്നിവ നൽകി. പൊങ്കാലയോടനുബന്ധിച്ച് ശുചീകരണത്തൊഴിലാളികളടക്കം കാഴ്ചവച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്നും മേയർ പറഞ്ഞു.
 
സിന്ധു വിജയൻ 
രാജിവച്ചു
കോർപറേഷനിലെ നികുതി അപ്പീൽകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് ജനതാദൾ എസ് പ്രതിനിധി സിന്ധു വിജയൻ രാജിവച്ചു. കാലവധി കഴിഞ്ഞതിനെ തുടർന്നാണ് രാജി. എൽ‌ഡിഎഫിലെ നാലുഘടക കക്ഷികൾക്ക് അധ്യക്ഷസ്ഥാനം വീതിച്ച് നൽകാനാണ് മുൻ തീരുമാനം.  22നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം.
 
നഗരത്തിൽ കേബിളുകൾ 
സ്ഥാപിക്കുന്നതിന് മാനദണ്ഡം
തിരുവനന്തപുരം
പൊതുനിരത്തുകളിൽ അപകടമാകുന്നവിധം താഴ്ന്നുകിടക്കുന്ന കേബിൾ പ്രശ്നത്തിന് പരിഹാരവുമായി നഗരസഭ. മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന കേബിൾ കമ്പനി അധികൃതരുടെ യോഗത്തിൽ നഗരസഭാ പരിധിയിൽ കേബിളുകൾ സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങൾ രൂപീകരിച്ചു. അതത് കമ്പനിയെ തിരിച്ചറിയുന്നതിനായി കേബിളുകൾക്ക് കളർകോഡ് നിർബന്ധമാക്കി. എല്ലാ കേബിളുകളിലും ബന്ധപ്പെട്ട ഏജൻസിയെ തിരിച്ചറിയുന്ന ടാഗ് പതിക്കണം. വൈദ്യുത പോസ്റ്റുകളിൽ കേബിളുകൾ സ്ഥാപിക്കുമ്പോൾ കമ്പനിയെ തിരിച്ചറിയുന്നതിനായി പേര്, വാർഡ് നമ്പർ, ക്രമ നമ്പർ എന്നിവ രേഖപ്പെടുത്തണം. നിലവിലുള്ള കേബിളുകൾ പുതിയ നിർദേശപ്രകാരം നവീകരിക്കണം. ഏഴ് ദിവസത്തിനകം പ്രവൃത്തിയുടെ പുരോഗതി നഗരസഭയിൽ രേഖാമൂലം അറിയിക്കണം.
15 ദിവസത്തിനകം മുഴുവൻ നിർദേശങ്ങളും പ്രാവർത്തികമാക്കണം. അതിന്‌ശേഷം ടാഗ് ചെയ്യാതെ കണ്ടെത്തുന്ന കേബിളുകൾ ഉപേക്ഷിക്കപ്പെട്ടതായി പരിഗണിച്ച് നഗരസഭ നീക്കം ചെയ്യും. പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി റവന്യു ഓഫീസറെയും ചുമതലപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top