29 March Friday
ആറ്റിങ്ങൽ നഗരസഭ

ഊന്നൽ സാമ്പത്തിക വികസനത്തിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
ആറ്റിങ്ങല്‍
സാമ്പത്തിക വികസനത്തിന് ഊന്നല്‍ നൽകി ആറ്റിങ്ങല്‍ നഗരസഭയ്ക്ക് 73 കോടിയുടെ ബജറ്റ്. 73.91 കോടി വരവും 62.22 കോടി ചെലവും 11.69 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ ഉപാധ്യക്ഷന്‍ ജി തുളസീധരന്‍പിള്ള അവതരിപ്പിച്ചത്. ചെയർപേഴ്‌സൺ എസ് കുമാരി അധ്യക്ഷയായി.
"സുസ്ഥിരമായ വരുമാനത്തിന് എല്ലാവര്‍ക്കും തൊഴില്‍' ലക്ഷ്യം കൈവരിക്കുന്നതിനുള്ള കര്‍മപദ്ധതികളാണ് ബജറ്റിലുള്ളത്. മൂല്യവര്‍ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിലൂടെയും തരിശുരഹിതനഗരം പദ്ധതിയിലൂടെയും നിരവധിപ്പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വാമനപുരം നദീതീര സംരക്ഷണത്തിനും പരിപാലനത്തിനും "ആറാട്ട് കടവ് മുതല്‍ ആറാട്ട് കടവ് വരെ " പദ്ധതി നടപ്പിലാക്കും. കൊല്ലമ്പുഴ  വിനോദസഞ്ചാരകേന്ദ്രമാക്കി  വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ബജറ്റിലുണ്ട്.  25 വര്‍ഷത്തെ നഗരവികസനം മുന്നില്‍ക്കണ്ടുകൊണ്ടുള്ള വികസനലക്ഷ്യമാണ് ബജറ്റില്‍ അവതരിപ്പിച്ചത്. മാലിന്യപരിപാലന പ്ലാന്റ് ലോകോത്തരമാതൃകയാക്കാനും ജനങ്ങള്‍ക്ക് സേവനവും ക്ഷേമവും പ്രദാനം ചെയ്യാനും അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിനുതകുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നഗരസഭയെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാനഗരമാക്കും, ഡിജിറ്റല്‍ വാര്‍ഡ് കേന്ദ്രങ്ങള്‍, ടൗണ്‍ഹാള്‍ നവീകരണം പൂര്‍ത്തിയാക്കല്‍, നഗരസഭാകാര്യാലയം വികസിപ്പിക്കല്‍, പാതയോര ശൗചാലയങ്ങള്‍, കാര്‍ഷികവിപണന കേന്ദ്രങ്ങള്‍, ഗ്രന്ഥശാല ഡിജിറ്റലൈസേഷൻ തുടങ്ങി വിവിധ ക്ഷേമപദ്ധതികളും ബജറ്റിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top