21 May Tuesday

കണ്ണീർക്കടലിൽ നിലയില്ലാതെ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

സിപിഐ എം നേതാക്കളായ ഇ പി ജയരാജൻ, എം വി ജയരാജൻ എന്നിവർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ 
രഘുവിന്‌ അന്ത്യോപചാരമർപ്പിക്കുന്നു

ഇരിട്ടി
കണ്ണീർക്കടലിൽ നിലയില്ലാതായി മൂന്ന്‌ പിഞ്ചുമക്കൾ. കാട്ടാന ചവിട്ടിക്കൊന്ന ആറളം ഫാം ബ്ലോക്ക്‌ പത്തിലെ കണ്ണാ രഘുവിന്റെ മൂന്ന്‌ മക്കളും വിദ്യാർഥികളാണ്‌. മൂത്തയാൾ രഹ്‌ന പ്ലസ്‌ടുവിനും രണ്ടാമത്തെ മകൾ  രഞ്ജിനി എട്ടിലും ഇളയവൻ വിഷ്‌ണു ആറിലുമാണ്‌ പഠിക്കുന്നത്‌. എട്ട്‌ വർഷം മുമ്പ്‌ അമ്മ ബീന പൊള്ളലേറ്റ്‌ മരിച്ചതിന്റെ  ഞെട്ടലും അനാഥത്വവും വിട്ടുമാറും മുമ്പാണ്‌  കുട്ടികൾക്ക്‌ അച്ഛനെയും നഷ്ടമായത്‌. ഇനി അച്ചമ്മ തമ്പായിയുടെ സംരക്ഷണയിലാണ്‌ ഈ കുഞ്ഞുങ്ങളുടെ പഠനവും ഭാവിജീവിതവും. ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനൻ, സംസ്ഥാന ജോ.സെക്രട്ടറി പി കെ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റി അംഗം ടി സി ലക്ഷ്‌മി, കോട്ടി കൃഷ്‌ണൻ, കെ എ ജോസ്‌, കെ വി സക്കീർ ഹുസൈൻ, പി പി അശോകൻ, ഇ എസ്‌ സത്യൻ, എൻ രാജൻ, കെ കെ ജനാർദനൻ, പി കെ രാമചന്ദ്രൻ എന്നിവർ വീട്ടിലെത്തി കുഞ്ഞുങ്ങളെയും തമ്പായിയെയും  ആശ്വസിപ്പിച്ചു.
 
ആനമതിൽ നിർമാണം ഉടൻ തുടങ്ങണം : എം വി ജയരാജൻ
കണ്ണൂർ
ആറളം ഫാമിൽ കണ്ണാ രഘുവെന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ദൗർഭാഗ്യകരമെന്നും  കുടുംബത്തിനും ആദിവാസി സമൂഹത്തിനും നേരിട്ട തീരാനഷ്ടത്തിൽ പങ്കുചേരുന്നതായും  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. രഘുവിന്റെ മൂന്ന്‌ മക്കളുടെ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിനുള്ള വനം വകുപ്പിന്റെ ധനസഹായം പത്തുലക്ഷം രൂപ ഉടൻ നൽകണം. 
 ആറളം ഫാമിന്റെയും ആദിവാസി മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ആനമതിൽ നിർമിക്കാൻ നേരത്തെ തീരുമാനിച്ചതാണ്‌. 28 കോടി രൂപയുടെ പുതുക്കിയ എസ്‌റ്റിമേറ്റും പ്ലാനും എസ്‌ടി വകുപ്പ്‌  ധനവകുപ്പിന്‌ അയച്ചിട്ടുണ്ട്‌. എസ്‌റ്റിമേറ്റിന്‌ ധനവകുപ്പ്‌  അംഗീകാരം നൽകി ആനമതിൽ നിർമാണത്തിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന്  എം വി ജയരാജൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.-
 
ചോരയും കണ്ണീരും കുതിർന്ന്‌ ആറളം
ആറളം ഫാം
ഫാം പത്താം ബ്ലോക്കിലെ വീട്ടിൽനിന്ന്‌ 100 മീറ്റർ അകലെ റോഡിന് എതിർവശത്തെ ഭൂമിയിൽ വിറക്‌ ശേഖരിക്കാൻ പോയ രഘുവിനെ പിന്നിൽനിന്നാണ്‌ കാട്ടാന തുമ്പിക്കൈകൊണ്ട്‌ അടിച്ചുവീഴ്‌ത്തിയത്‌. കലിയടങ്ങാതെ  രഘുവിന്റെ മുഖത്തും ചവിട്ടി. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും വനംവകുപ്പിന്റെ ആർആർടിയും ആനയുടെ അലർച്ച കേട്ട്‌ ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആന ചവിട്ടിക്കുഴച്ച  ജീവനും  സ്ഥലവും അങ്ങിങ്ങായി ചിതറിക്കിടന്ന രഘുവിന്റെ ചെരിപ്പുകളും  ഹൃദയം തകർക്കുന്ന കാഴ്‌ചകളായി. 
 
നേതാക്കൾ സന്ദർശിച്ചു
പരിയാരം
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ എത്തി സന്ദർശിച്ചു.
 
നടുക്കം മാറാതെ ഷിജു
ഇരിട്ടി
‘ആനയുടെ അലർച്ച കേട്ട്‌ ഞങ്ങ തിരിച്ചുവരാൻ തുടങ്ങുമ്പോഴാണ്‌ പിന്നിൽ ചിന്നംവിളി ഇരട്ടിച്ചത്‌. തിരിഞ്ഞോടുകയായിരുന്നു ഞാൻ. തിരിഞ്ഞ്‌ നോക്കിയപ്പോ ഒപ്പരം രഘു ഇല്ല. പരതി ചെന്നപ്പോൾ ഓൻ നെലത്ത്‌ വീണ്‌ കിടക്കുന്നു’–-വിറയൽ വിട്ടുമാറാതെ ഷിജു പറഞ്ഞു. ആറളം ഫാം പത്താം ബ്ലോക്കിൽ കൊല്ലപ്പെട്ട രഘുവിന്റെ അയൽക്കാരനാണ്‌ ഷിജു. ഇരുവരും ചേർന്നാണ്‌ വെള്ളിയാഴ്‌ച ഉച്ചക്ക്‌ വയനാടുകാർക്ക്‌ പതിച്ച്‌ നൽകിയ വീട്ടിനടുത്ത സ്ഥലത്തേക്ക്‌ പോയത്‌. വിറകെടുക്കാൻ രഘു മുന്നോട്ട്‌ നീങ്ങവെയാണ്‌ ആനയുടെ ഒച്ചകേട്ടത്‌. തിരിച്ചുവരാൻ നോക്കുമ്പോഴേക്കും  രഘുവിനെ കാട്ടാന തുമ്പിക്കൈകൊണ്ടടിച്ച്‌ ചവിട്ടി വീഴ്‌ത്തി. ഷിജുനിന്ന സ്ഥലത്തുനിന്ന്‌ അമ്പതടിമാത്രം അകലെയാണ്‌ രഘുവിന്റെ ജീവൻ പിടഞ്ഞവസാനിച്ചത്‌. 
ആടിന്‌ തീറ്റ ശേഖരിക്കാനാണ്‌ ഷിജു ഒപ്പം കൂടിയത്‌. അമ്മയില്ലാത്ത മൂന്ന്‌ മക്കൾക്ക്‌ തണലായിരുന്നു രഘു. കാട്ടാനകൾ വീട്ടുമുറ്റത്തും പറമ്പിലും എത്തുമ്പോൾ അവയെ ഓടിക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും സദാ ഒപ്പമുണ്ടായിരുന്നവൻ. 
  ആദിവാസി കുടുംബങ്ങളുടെ മുറ്റത്തും പറമ്പുകളിലുമായി ആനത്താരകൾ ഒരുക്കിയാണ്‌ കാട്ടാനകളുടെ വിളയാട്ടം. കഴിഞ്ഞ കൊല്ലം സെപ്‌തംബറിൽ ഫാം ബ്ലോക്ക്‌ ഏഴിൽ പി എ ദാമുവെന്ന ആദിവാസിയും വിറക്‌ ശേഖരിക്കാൻ പോയപ്പോഴാണ്‌ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്‌.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top