28 March Thursday

ഒരുക്കം തകൃതിയിൽ ചായപ്പീടികയിൽ രാഷ്‌ട്രീയം പറയാം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മടിക്കൈ അമ്പലത്തുകര ജങ്ഷനിൽ സ്ഥാപിച്ച കവാടം

 

മടിക്കൈ
സിപിഐ എം ജില്ലാ സമ്മേളനത്തിന് വേദിയാകുന്ന മടിക്കൈയിൽ  ഒരുക്കം തകൃതി. ന​ഗരസഭയിൽനിന്ന് ​ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പയ്യന്നൂർ എടാട്ടെ ചിത്രാഞ്ജലിയുടെ ചായപീടിക ഇൻസ്റ്റാലേഷൻ സ്ഥാപിച്ചു. ദിനേശ് ബീഡി തൊഴിലാളിയും ചായകുടിക്കാൻ വരുന്ന ആളുകളും ദേശാഭിമാനി പത്രം വായിച്ചുള്ള ചർച്ചയാണ് പ്രദർശിപ്പിച്ചിട്ടുള്ളത്‌.
തലശേരി കലാപം, നോട്ട് നിരോധനം, സഹകരണ പ്രസ്ഥാനം, കൊലപാതക രാഷ്ട്രീയം, ഭരണനേട്ടങ്ങൾ എന്നിങ്ങനെ ഗൗരവകരമായ ചർച്ചയാണ്‌ നടക്കുന്നത്‌.  അത്‌ കേൾക്കുന്നവർക്കാകട്ടെ സംവാദത്തിൽ പങ്കെടുക്കുന്ന പ്രതീതിയും. 
അമ്പലത്തുകരയിലേക്ക് പ്രവേശിക്കുന്നിടത്തെ മുത്തശ്ശി പാലമരം വർണവിളിക്കുകളാൽ അലങ്കരിച്ചത്‌ രാത്രിക്കാഴ്‌ചയെ  മനോഹരമാക്കുന്നു. ലോക്കൽ കമ്മിറ്റി സ്ഥാപിച്ച കമാനത്തോട് ചേർന്ന് എ കെ ജിയുടെയും ​ഗാന്ധിയുടെയും പ്രതിമകളും ക്ഷേത്രപ്രവേശപ്രക്ഷോഭത്തെ ഓർമിപ്പിച്ചു കൃഷ്ണപ്പിള്ള മണിയടിക്കുന്നതും നങ്ങേലി മാറ് മുറിച്ച് കൊടുക്കുന്നതുമായ ശിൽപങ്ങൾ നാടിനെ മാറ്റിയെടുത്ത പ്രക്ഷോഭങ്ങളുടെ ഓർമ പുതുതലമുറയ്‌ക്ക്‌ പകരുന്നു. ഇതിന് മുന്നിൽ നിന്നും ഫോട്ടോയെടുത്ത് യുവാക്കൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ നാടിന്റെ ചരിത്രമാണ്‌ കൈമാറ്റപ്പെടുന്നത്‌.
  മടിക്കൈ സർവീസ് സഹകരണ ബാങ്കിനും വില്ലേജ് ഓഫീസിനും ഇടയിലെ സ്ഥലത്ത് സമ്മേളന പന്തൽ പണിയും  തകൃതിയായി നടക്കുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രവർത്തകർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. സമ്മേളനപ്രതിനിധികൾക്ക്‌ അമ്പലത്തുകര ലോക്കലിലെ 50 ഓളം വീടുകളിലായാണ്‌ താമസമൊരുക്കുക.    പാർട്ടിക്ക് സമ​ഗ്രാധിപത്യമുള്ള പഞ്ചായത്തിൽ ആദ്യമായി നടക്കുന്ന സമ്മേളനം കൊവിഡ് പരിമിതിയിലും മാനദണ്ഡങ്ങൾ പാലിച്ചു ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്‌  ​ഗ്രാമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top