23 May Monday
കോവിഡ് കുതിക്കുന്നു, 6 ദിവസം, 5222 രോഗികൾ

പിടിച്ചുകെട്ടണം

സ്വന്തം ലേഖികUpdated: Tuesday Jan 18, 2022
കൊല്ലം
ജില്ലയിൽ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം കുതിക്കുന്നു. ആറു ദിവസത്തിനിടെ 5222 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. തിങ്കളാഴ്‌ചയാണ്‌ കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌–- 1264 പേർ. ഞായർ– -998, ശനി– 831, വെള്ളി– -892, വ്യാഴം– -678, ബുധൻ–- 559 എന്നിങ്ങനെയും രോഗബാധയുണ്ടായി. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെയാണ്‌ രോഗബാധിതരുടെ എണ്ണം വർധിച്ചത്‌. രോഗബാധിതരിൽ ലക്ഷണം കൂടുതൽ തീവ്രമാകുന്നില്ലെന്നത്‌ ആശ്വാസം പകരുന്നു. 
ഭൂരിഭാഗം പേരും രണ്ട്‌ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചതാണ്‌ രോഗം തീവ്രമാകാത്തതിനു കാരണമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഒമിക്രോൺ ബാധിതരുടെ എണ്ണം 43 ആയി. ഇതിൽ 33പേർക്ക്‌ രോഗം ഭേദമായി. രോഗബാധിതരിൽ 30 പേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്‌. മൂന്നുപേർ ഇതര സംസ്ഥാനത്തുനിന്നും. 10 പേർക്ക്‌ സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.
 
സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കും
കൊല്ലം
ജില്ലയിലെ കോവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കലക്ടർ അഫ്‌സാന പർവീൺ. ചികിത്സാ സൗകര്യങ്ങൾ നിലവിൽ പര്യാപ്തമാണ്. സ്ഥിതിഗതി വിലയിരുത്തി ആവശ്യമായ വിപുലീകരണം നടത്തും. സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് തയ്യാറെടുപ്പ് നടത്തും. ഓക്‌സിജൻ ലഭ്യതയും കിടക്കകളുടെ എണ്ണവും വർധിപ്പിക്കും. 
വെന്റിലേറ്റർ, അടിയന്തര പരിചരണ യൂണിറ്റ് എന്നിവയും ആനുപാതികമായി ഒരുക്കും. മാനദണ്ഡപാലനം ഉറപ്പാക്കാൻ ശക്തമായ നടപടിയെടുക്കും. മാസ്‌ക് ധാരണം, അണുവിമുക്തമാക്കുന്നതിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പ്രത്യേക പ്രവർത്തനവും നടത്തും. സാമൂഹ്യ അകലം ഉറപ്പാക്കാൻ താലൂക്ക്തലത്തിൽ സ്‌ക്വാഡുകൾ പരിശോധന നടത്തുമെന്നും ദുരന്തനിവാരണ സമിതിയുടെ പ്രത്യേക അവലോകന യോഗത്തിൽ കലക്ടർ വ്യക്തമാക്കി.
കൗമാരക്കാർക്ക് വാക്സിൻ 
അതിവേ​ഗം
പ്രതിരോധ കുത്തിവയ്‌പ്‌ സമ്പൂർണമാക്കുന്നതിന് നടപടി സ്വീകരിക്കും. 15–-18 പ്രായപരിധിയിലുള്ളവർക്ക് അതിവേഗം വാക്‌സിൻ നൽകും. വിവിധ മേഖലകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനാൽ പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കും. സ്‌കൂളുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ സ്ഥാപനമേധാവികൾ കൃത്യമായി അറിയിക്കണം. ഗ്രാമസഭകൾ ഓൺലൈനായി മാത്രം ചേരണം. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും നിശ്ചിത ആളുകളുടെ മാത്രം പങ്കാളിത്തം ഉറപ്പാക്കണം. ആൾക്കൂട്ട സാഹചര്യം ഒഴിവാക്കാൻ എല്ലാവരും മുൻകൈയെടുക്കണം.
ബസുകൾ ട്രിപ്പുകളുടെ ഇടവേളയിൽ അണുവിമുക്തമാക്കണം. തിരക്ക് പരമാവധി ഒഴിവാക്കി സർവീസ് നടത്തണം. ഹോട്ടലുകളിൽ 50 ശതമാനം പേർക്കു മാത്രമായി ഇരിപ്പിടം ക്രമീകരിക്കണം. സിനിമാ പ്രദർശനത്തിനും സമാന രീതി പിന്തുടരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് കുട്ടികളെ സംഘടിപ്പിച്ചുള്ള യാത്രകൾ ഒഴിവാക്കണം. അതിഥിത്തൊഴിലാളി ക്യാമ്പുകളിൽ പരിശോധനയും ബോധവൽക്കരണവും ശക്തിപ്പെടുത്തും. മീൻപിടിത്ത മേഖലയിലും ഇതേ പ്രവർത്തനം നടത്തും.
വ്യാപക പരിശോധനയെന്ന് പൊലീസ്
താഴെത്തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഉൾപ്പെടെ കോവിഡ് രോഗീപരിചരണത്തിന് സംവിധാനം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ ബിന്ദു മോഹൻ ഉറപ്പുനൽകി. 
മാസ്‌ക് ധാരണം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വ്യാപക പരിശോധന നടത്തുമെന്ന് സിറ്റി പൊലിസ് കമീഷണർ ടി നാരായണനും റൂറൽ എസ്‌പി കെ ബി രവിയും വ്യക്തമാക്കി. ബീച്ചും ബസ് സ്റ്റോപ്പുകളും പോലെ തിരക്കുള്ള ഇടങ്ങളിൽ അനൗൺസ്‌മെന്റ് നടത്തുമെന്നും അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെ മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സംയോജിതമായി പരിശോധന നടത്തണമെന്ന് എഡിഎം എൻ സാജിതാ ബീഗം ആവശ്യപ്പെട്ടു.
 
 
കോവിഡ്‌, ഒമിക്രോണ്‍
ആൾക്കൂട്ട നിയന്ത്രണത്തിന്‌ പ്രത്യേക സ്‌ക്വാഡ്‌
കൊല്ലം
കോവിഡ്, -ഒമിക്രോൺ രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ ആൾക്കൂട്ട നിയന്ത്രണം ഉറപ്പാക്കാൻ ഇൻസിഡന്റ് കമാൻഡർമാരായ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും. ഉത്സവങ്ങളും ആഘോഷങ്ങളും സമാന ഒത്തുചേരലുകളും നിയന്ത്രിത എണ്ണം ആളുകളെ പങ്കെടുപ്പിച്ച്‌ നടത്തുന്നുവെന്ന് സംഘം ഉറപ്പാക്കുമെന്ന്‌ കലക്ടർ അഫ്‌സാന പർവീൺ പറഞ്ഞു.
ബീച്ച്, പാർക്ക്, പൊതുപരിപാടി സ്ഥലങ്ങൾ, ആരാധനാലയം, ഹോട്ടൽ, ബാർ, തിയറ്റർ, ഓഡിറ്റോറിയം തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം പരിശോധന നടത്തും. താലൂക്ക് തലത്തിലുളള ഡെപ്യൂട്ടി തഹസിൽദാർമാരെ (സ്‌പെഷ്യൽ ഓഫീസുകൾ ഉൾപ്പെടെ) ഉൾപ്പെടുത്തി ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ രണ്ട് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്‌ രൂപീകരിച്ച് ഫീൽഡ് പരിശോധന നടത്തും. ഓരോ താലൂക്കിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
 
സ്‌കൂളുകളിൽ ഒരുക്കം പൂർത്തിയായി
കൊല്ലം
സ്‌കൂളുകളിൽ വാക്‌സിൻ വിതരണത്തിന്‌ ഒരുക്കങ്ങളായി. 500നു മുകളിൽ കുട്ടികളുള്ള 70 സ്‌കൂളിലാണ്‌ ജില്ലയിൽ വാക്‌സിൻ വിതരണംചെയ്യുക. 15 മുതൽ 18 വയസ്സുവരെയുള്ള വിഭാഗത്തിൽ 1,05,624 പേരാണ്‌  ജില്ലയിലുള്ളത്‌.  
 വാക്‌സിൻ മുറി,  നിരീക്ഷണ മുറി, വെയ്‌റ്റിങ്‌ ഏരിയ എന്നിവ സ്‌കൂൾ അധികൃതർ ഉറപ്പാക്കും. സ്‌കൂൾ അധികൃതർ തയ്യാറാക്കിയ വാക്‌സിൻ എടുക്കേണ്ടവരുടെ പട്ടിക അനുസരിച്ച്‌ എത്തേണ്ട സമയം വിദ്യാർഥികളെ അറിയിക്കും. സ്‌കൂൾ പ്രവർത്തനം തടസ്സപ്പെടാതെയായിരിക്കും വാകസിൻ വിതരണം. സ്‌കൂളിൽനിന്ന്‌ കുത്തിവയ്‌പ്‌ എടുക്കാൻ തയ്യാറാകാത്തവർ രക്ഷാകർത്താക്കളുടെ കത്തുനൽകണം. ഒരാഴ്‌ചയ്‌ക്കകം വിതരണം പൂർത്തിയാക്കും. കോവാക്‌സിനാണ്‌ കുട്ടികൾക്ക്‌ നൽകുക.
 
 
കോവിഡ് 1264, സമ്പർക്കം 1235
കൊല്ലം
ജില്ലയിൽ തിങ്കളാഴ്‌ച 1264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന്‌ എത്തിയ അഞ്ചു പേർക്കും ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയ അഞ്ചുപേർക്കും സമ്പർക്കം വഴി 1235 പേർക്കുമാണ് രോഗബാധ. 219 പേർ രോഗമുക്തരായി. 
കോർപറേഷനിൽ 313 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കൊട്ടാരക്കര- 54, പുനലൂർ -47, കരുനാഗപ്പള്ളി -23, പരവൂർ -12 എന്നിങ്ങനെയാണ് രോഗികൾ. 
പഞ്ചായത്തുകളിൽ പത്തനാപുരം - 47, അഞ്ചൽ -41, ഇളമാട് -30, പിറവന്തൂർ -25, ഇടമുളയ്ക്കൽ, ഇളമ്പള്ളൂർ  21 വീതവും ഇട്ടിവ കുണ്ടറ, പന്മന 20 വീതവും ആദിച്ചനല്ലൂർ, ചവറ, ചാത്തന്നൂർ, ശാസ്താംകോട്ട 19 വീതവും കല്ലുവാതുക്കൽ, ഏരൂർ, നിലമേൽ 18 വീതവും ഓച്ചിറ, നെടുവത്തൂർ 17 വീതവും കടയ്ക്കൽ, വെട്ടിക്കവല, മൈലം 16 വീതവും അലയമൺ 15, ഉമ്മന്നൂർ, എഴുകോൺ, കരീപ്ര 14 വീതവും തൊടിയൂർ, ശൂരനാട് വടക്ക്  13 വീതവും മയ്യനാട്, മൈനാഗപ്പള്ളി 12 വീതവും ചിറക്കര, തലവൂർ, തഴവ, പവിത്രേശ്വരം, പോരുവഴി, വിളക്കുടി 11 വീതവും കുളക്കട, തേവലക്കര, മേലില 10 വീതവും കരവാളൂർ, കുലശേഖരപുരം, ചടയമംഗലം, ചിതറ, തൃക്കോവിൽവട്ടം, നീണ്ടകര, നെടുമ്പന ഒമ്പതു വീതവും പൂയപ്പള്ളി, പെരിനാട്, വെളിനല്ലൂർ, വെളിയം എട്ടുവീതവും കുളത്തൂപ്പുഴ, പേരയം ഏഴു വീതവുമാണ്‌ രോഗബാധിതർ.
 
 
അധ്യാപകർക്ക്‌ കോവിഡ്‌; 
5 സ്‌കൂൾ അടച്ചു
കൊല്ലം
അധ്യാപകർക്ക്‌ കോവിഡ്‌ ബാധിച്ചതിനെ തുർന്ന്‌ ജില്ലയിൽ തിങ്കളാഴ്‌ച അഞ്ചു സ്‌കൂൾ അടച്ചു. കൊല്ലം ടൗൺ യുപിഎസ്‌, കടയ്‌ക്കൽ ജിഎൽപിഎസ്‌, ഇളമാട്‌ യുപിഎസ്‌, തെന്മല ജിഎൽപിഎസ്‌, കൊല്ലം ഇഞ്ചവിള യുപിഎസ്‌ എന്നിവയാണ്‌ അടച്ചത്‌. കടയ്‌ക്കൽ സ്‌കൂളിൽ രണ്ട്‌ അധ്യാപകർക്കും മറ്റിടങ്ങളിൽ ഒരാൾക്ക്‌ വീതവുമാണ്‌ കോവിഡ്‌. ഇളമാട്‌, കടയ്‌ക്കൽ സ്‌കൂളുകൾ  ഒരാഴ്‌ചത്തേക്കും തെന്മല സ്‌കൂൾ 20വരെയുമാണ്‌ അടച്ചത്‌. ടൗൺ യുപിഎസും ഇഞ്ചവിള യുപിഎസും ബുധനാഴ്‌ച തുറക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top