28 March Thursday

വിറങ്ങലിച്ച്

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

പൂഞ്ഞാർ തെക്കേക്കര പാതാമ്പുഴയിൽ ഉരുൾപൊട്ടിയ]പ്പോൾ

കാഞ്ഞിരപ്പള്ളി

ദുരിതപ്പെയ്‌ത്തിൽ കോട്ടയം നടുങ്ങി. ജില്ലയിലെമ്പാടും പെയ്‌ത അതിതീവ്രമഴ മലയോരമേഖലയിൽ കനത്തനാശം വിതച്ചു. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു. 10പേരെ കാണാതായെന്ന് കലക്ടർ അറിയിച്ചു. മുണ്ടക്കയം പുല്ലുപാറ, കൂട്ടിക്കൽ പ്ലാപ്പള്ളി, കാവാലി, ഏന്തയാർ ഇളംകാട്‌ ടോപ്പ്‌, തീക്കോയി, കൊമ്പുകുത്തി, പള്ളിപ്പടി കോസടി, കുഴിമാവ് മേഖലയിലായിരുന്നു ഉരുൾപൊട്ടൽ. 
കാവാലി പള്ളിക്കുസമീപം ഒട്ടലാങ്കൽ മാർട്ടിന്റെ വീട്‌ പൂർണമായി ഒലിച്ചുപോയി. വീട്ടിലെ ആറുപേരെയും കാണാതായതിൽ മൂന്നു മൃതദേഹങ്ങൾ കിട്ടി. ഒട്ടലാങ്കൽ ക്ലാരമ്മ ജോസഫ്‌(അച്ചാമ്മ–-65),  മകൻ മാർട്ടിന്റെ ഭാര്യ സിനി(37), മകൾ സോന(11) എന്നിവരുടെ മൃതദേഹങ്ങളാണ‍് കിട്ടിയത്. ഈ വീട്ടിലുള്ളവരുൾപ്പെടെ 10 പേരെയാണ് കണ്ടെത്താനുള്ളത്. സമീപത്തെ മറ്റ് മൂന്ന് വീടുകളും ഒലിച്ചുപോയി. 
പ്ലാപ്പള്ളിയിലെയും കാവാലിയിലെയും പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്നാണ്‌ രക്ഷാപ്രവർത്തനത്തിന്‌ തുടക്കമിട്ടത്‌. ഈ തെരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ ആദ്യം കണ്ടു. മാർട്ടിന്റെ കുടുംബാംഗങ്ങളെ കൂടാതെ നാലുപേർകൂടി ഒഴുകിപ്പോകുന്നത്‌ കണ്ടതായി നാട്ടുകാർ പറഞ്ഞു. രണ്ട്‌ യുവാക്കൾ മരക്കൊമ്പിൽ പിടിച്ച്‌ രക്ഷപെട്ടു. കൂട്ടിക്കൽ പന്തലാനിയിൽ മോഹനന്റെ വീടും അതിനോട്‌  ചേർന്നുള്ള കടയും ഒലിച്ചുപോയി.
മണിമലയാറും മീനച്ചിലാറും കരകവിഞ്ഞ്‌ ഒഴുകുന്നു. കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൂഞ്ഞാർ തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർന്നുള്ള കുത്തൊഴുക്കുംമൂലം ഉയർന്നപ്രദേശങ്ങളിൽവരെ വെള്ളംപൊങ്ങി. നിരവധി വീടുകൾ ഒലിച്ചുപോയി. ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ സംസ്ഥാനസർക്കാർ സാധ്യമായതെല്ലാം ചെയ്‌തു. സൈന്യത്തിന്റെ സേവനവും എത്തിച്ചു. സംഭവം അറിഞ്ഞയുടൻ മന്ത്രി വി എൻ വാസവൻ കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും കൂട്ടിക്കലുമെത്തി. രാത്രി വൈകിയും രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. പൊലീസ്‌, ഫയർഫോഴ്‌സ്‌, ദുരന്തനിവാരണസേന, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയപാർടി പ്രവർത്തകർ തുടങ്ങിയവരുടെ രക്ഷാകരങ്ങൾ ദുരതബാധിതരിലേക്ക്‌ നീണ്ടതിനാൽ ആളപായം കുറച്ചു. റവന്യുമന്ത്രി കെ രാജൻ രാത്രിയോടെ കലക്ടറേറ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ,scribus_temp_cse ഗവ. ചീഫ്‌ വിപ്പ്‌ ഡോ. എൻ ജയരാജ്‌, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐ എം ജില്ലാസെക്രട്ടറി എ വി റസൽ എന്നിവരും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മാറ്റിപ്പാർപ്പിച്ചവർക്കായി ദുരിതാശ്വാസക്യാമ്പ്‌ തുറന്നു. 
വാഗമൺ, മുണ്ടക്കയം, ഇളങ്കാട്‌, കൈപ്പള്ളി, തീക്കോയി, പ്ലാപ്പള്ളി, ഏന്തയാർ, പുല്ലുപാറ പ്രദേശങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ സെന്റ്‌ മേരീസ്‌ പള്ളിക്കുമുന്നിൽ കെഎസ്‌ആർടിസി ബസ്‌ പകുതിമുങ്ങി. യാത്രക്കാരെ രക്ഷപെടുത്തി. 
പൊൻകുന്നം–-ചിറക്കടവ്–- മണിമല റോഡിൽ ചിറക്കടവ് ക്ഷേത്രത്തിന് സമീപവും കാഞ്ഞിരപ്പള്ളി മണിമല റോഡിൽ മണ്ണംപ്ലാവ് പള്ളിക്ക് സമീപവും വെള്ളംകയറി.  പഴയിടംപാലം, കൊരട്ടി ഓരുങ്കൽ കടവ് പാലം, വാഗമൺ, തീക്കോയി, ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം മേഖലകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. മേലുകാവ് ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവല കല്ലുവെട്ടം ഭാഗത്ത് വീടിന്റെ മുകളിൽ മണ്ണിടിഞ്ഞുവീണു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top