23 April Tuesday

കരകവിഞ്ഞ ദുരന്തം

ഇക്ബാൽ ഇല്ലത്തുപറമ്പിൽUpdated: Sunday Oct 17, 2021

ഉരുൾപൊട്ടലിനെത്തുടർന്ന് മുണ്ടക്കയം കൂട്ടിക്കൽ കൂട്ടപ്ലാക്കൽ റഷീദിന്റെ വീട് പൂർണമായും തകർന്നപ്പോൾ

കാഞ്ഞിരപ്പള്ളി
സമീപകാലത്തൊന്നുമുണ്ടാകാത്ത വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളിയെ ഞെട്ടിച്ചു. ശനിയാഴ്‌ച പകൽ നഗരത്തിലെ റോഡുകളിലേക്കും വെള്ളം ഇരച്ചെത്തി. താഴ്‌ന്നപ്രദേശങ്ങളിൽ പാർക്കുചെയ്‌തിരുന്ന ചെറുവാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളും മലവെള്ളത്തിൽ ഒറ്റപ്പെട്ടു.  
മണിമലയാർ കരകവിഞ്ഞൊഴുകി കെടുതി രൂക്ഷമാക്കി. കല്ലേപാലത്തിന്റെ കരയിലെ രണ്ട് വീടുകളും പുത്തൻചന്തയിലെ നാല് കടകളും ഒലിച്ചുപോയി. മുറികല്ലുംപുറത്തെ 47 വീടുകൾ വെള്ളത്തിനടിയിലായി. 170 പേരെ മാറ്റി പാർപ്പിച്ചു. ദേശീയപാതയിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.
മുണ്ടക്കയത്തെ ദേശാഭിമാനി ഏജന്റ്‌ സി വി അനിൽകുമാറിന്റെ(ഷാ ബുക്‌ സ്റ്റാൾ) സഹോദരങ്ങളായ കണ്ണനും സാബുവും താമസിച്ച ഇരുനില വീടും സമീപത്തെ ലിബിന്റെ വീടും ഒലിച്ചുപോയി. കോരുത്തോട് ടൗൺ വെള്ളത്തിനടിയിലായി. കൊമ്പുകുത്തി, പള്ളിപ്പടി കോസടി, കുഴിമാവ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പഞ്ചായത്ത് ഓഫീസിൽ വെള്ളംകയറി. ഏക്കറുകളോളം കൃഷിഭൂമി ഒലിച്ചുപോയി. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലും ഉരുൾപൊട്ടി. ആനചാരി, അഴങ്ങാട്, വടക്കേമല മേഖലകളിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു.
മുണ്ടക്കയം കോസ്‌വേ, കല്ലേപ്പാലം, ആനക്കല്ല് എന്നിവ കവിഞ്ഞൊഴുകി. റോഡും പാലവും തകർന്ന് ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വൈദ്യുതിബന്ധം തകരാറിലായി. കൂട്ടിക്കൽ ടൗണിലും ചപ്പാത്തിലും വെള്ളംകയറി, വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ നശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top