കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്തവർഷം നടപ്പാക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം ഫ്രെയിംവർക്കിനെ അടിസ്ഥാനപ്പെടുത്തി സ്വയംപഠന സാമഗ്രികൾ തയ്യാറാക്കുന്ന ദ്വിദിന പരിശീലനപരിപാടി 21നും 23നും കൊല്ലത്തു നടത്തുമെന്ന് വൈസ് ചാൻസലർ പി എം മുബാറക് പാഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇരുപത്തൊന്നിനു രാവിലെ 10ന് ടികെഎം ആർട്‌സ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. എം മുകേഷ് എംഎൽഎ അധ്യക്ഷനാകും. സർവകലാശാല വികസിപ്പിച്ച ഇ കണ്ടന്റും വെർച്വൽ മൊഡ്യൂൾസും മന്ത്രി പ്രകാശിപ്പിക്കും. ‘സർവകലാശാല ജനങ്ങളിലേക്ക്' എന്ന പദ്ധതിയിലൂടെ സാധാരണ പൗരന്മാർക്ക് സൈബർ സിറ്റിസൺഷിപ് പ്രോഗ്രാം പദ്ധതി ആരംഭിക്കാനുള്ള നടപടി പൂർത്തിയായി. ഇതനുസരിച്ച് ജില്ലയിൽ പൈലറ്റ് പ്രോജക്ട് ആരംഭിക്കും. വാർഡ് അടിസ്ഥാനത്തിൽ സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ ‘നവകേരള നിർമിതിയിൽ ഒരുതുള്ളി’ പദ്ധതിയുടെ ഭാഗമായി ദ്വിതല അക്കാദമിക് സംരംഭങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കി മാറ്റുന്നത് ലക്ഷ്യമിട്ടുള്ളതാണ് ആദ്യ സംരംഭം. 60 വയസ്സ് പൂർത്തിയാകാത്ത യോഗ്യരായ എല്ലാ കേരളീയരെയും തുടർപഠനത്തിന് തയ്യാറാക്കുകയാണ് ലക്ഷ്യം. പടിഞ്ഞാറെ കല്ലട പഞ്ചായത്തും കാസർകോട് ജില്ലാ പഞ്ചായത്തും പദ്ധതിയിൽ ഇതിനകം പങ്കാളിയായി.
തുടർപഠനം ഉപേക്ഷിച്ചവരുടെ പുനരുജ്ജീവനത്തിന് സർവകലാശാല ആരംഭിക്കുന്ന ബിഎ നാനോ എന്റർപ്രണർഷിപ് പാഠ്യപദ്ധതിയുടെ അക്കാദമിക് രൂപരേഖയ്ക്ക് സർവകലാശാല അംഗീകാരം നൽകി.
പഠിതാക്കൾക്ക് അഭിരുചിക്ക് അനുസരിച്ചുള്ള ഏതെങ്കിലും തൊഴിൽമേഖലയിൽ പ്രായോഗികപരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന പാഠ്യരീതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ പ്രൊ -വൈസ് ചാൻസലർ എസ് വി സുധീർ, സിൻഡിക്കറ്റ് അംഗങ്ങളായ ബിജു കെ മാത്യു, ഡോ. കെ ശ്രീവത്സൻ, രജിസ്‌ട്രാർ ഡിംപി വി ദിവാകരൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..