17 December Wednesday
കവർച്ചക്ക്‌ ഉപയോഗിച്ച 5 വാഹനങ്ങൾ പിടിച്ചെടുത്തു

ജ്വല്ലറി സ്വർണക്കവർച്ച; 
പ്രതികൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

രാജേഷ് മിഥുൻ അരുൺ ബ്രോൺസൺ വിവേക് സുമേഷ് നിധിൻ വിനിൽ

തൃശൂർ
കൊക്കാലെയിലെ  ആഭരണ നിർമാണ സ്ഥാപനത്തിൽനിന്ന്‌ ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയിരുന്ന 3.5 കിഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടിൽ ബ്രോൺസൺ (33), നാലുമുതൽ 11വരെയുള്ള പ്രതികളായ തൊട്ടിപ്പാൾ തൊട്ടാപ്പിൽ മടപ്പുറം റോഡ് പുള്ളംപ്ലാവിൽ വിനിൽ വിജയൻ (23), മണലൂർ കാഞ്ഞാണി മോങ്ങാടി അരുൺ (29), അരിമ്പൂർ മനക്കൊടി കോലോത്തുപറമ്പിൽ നിധിൻ, മണലൂർ കാഞ്ഞാണി പ്ലാക്കൽ മിഥുൻ (23), കാഞ്ഞാണി ചാട്ടുപുരക്കൽ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് രാജേഷ് (42), ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരാണ്‌ പിടിയിലായത്‌.  തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌  അറസ്റ്റുചെയ്തത്. കേസിലെ പ്രധാന സൂത്രധാരൻമാരായ രണ്ടാംപ്രതി നിഖിൽ, മൂന്നാംപ്രതി ജിഫിൻ എന്നിവരേയും ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത മറ്റ് നാലുപേരെകൂടി പിടികിട്ടാനുണ്ട്. 
  എട്ടിന്‌ രാത്രി 11.20ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം കൊക്കാലയിലാണ്‌ കേസിനാസ്പദമായ സംഭവം. ആഭരണ  നിർമാണ സ്ഥാപനത്തിൽ നിന്നും മാർത്താണ്ഡം ഭാഗത്തെ സ്വർണാഭരണ വിൽപ്പനശാലകളിലേക്ക്  കൊണ്ടുപോയിരുന്ന 1.80 കോടി രൂപ വിലവരുന്ന 3152 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് പ്രതികൾ കവർന്നത്‌.
അറസ്റ്റിലായ ബ്രോൺസൺ മുമ്പ്‌ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമീഷൻ വ്യവസ്ഥയിൽ ഇയാളായിരുന്നു സ്വർണാഭരണങ്ങൾ വിതരണം നടത്തിയിരുന്നത്. ഈയിനത്തിൽ 15 ലക്ഷം രൂപയോളം സ്ഥാപനത്തിൽനിന്നും ബ്രോൺസണ് ലഭിക്കാനുണ്ടെന്ന് പറയുന്നു. ചില പ്രശ്നങ്ങൾ കാരണം  ഇയാളെ ജോലിയിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. പണം ലഭിക്കാനുള്ള വൈരാഗ്യത്തിലാണ് രണ്ടാംപ്രതി വെളുത്തൂർ മനക്കൊടി നവദീപം സ്ട്രീറ്റ് കോലത്തുപറമ്പിൽ നിഖിൽ (32), ചാലക്കുടിയിലെ ക്രിമിനൽ ആയ ജെഫിൻ എന്നിവരുമായി ചേർന്ന് സ്വർണം തട്ടിയെടുക്കാൻ  പദ്ധതി തയ്യാറാക്കിയത്. 
നിർമിച്ച സ്വർണാഭരണങ്ങൾ ഏതെല്ലാം ദിവസങ്ങളിൽ, ഏതെല്ലാം സമയത്താണ് കൊണ്ടുപോയിരുന്നത് എന്ന് ബ്രോൺസണ് അറിയാമായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റവാളികൾ പ്ലാൻ തയ്യാറാക്കിയത്. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
പ്രധാന പ്രതികളായ നിഖിൽ, ജെഫിൻ എന്നിവർ ഉടൻ പിടിയിലാകും.  കവർച്ച ചെയ്‌ത സ്വർണാഭരണങ്ങളും  ലഭിച്ചിട്ടില്ല.  
അറസ്റ്റിലായവരിൽ  സുമേഷ്,  ചാലക്കുടി എക്സൈസ് രജിസ്റ്റർ ചെയ്ത അബ്‌കാരി കേസിലെ പ്രതിയാണ്. ആറാം പ്രതി നിധിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലും ഒമ്പതാം പ്രതി രാജേഷ് ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിലും പ്രതികളാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top