03 December Sunday

വിദ്യാര്‍ഥികളുടെ പഠനനിലവാരം മൊബൈല്‍ വഴി അറിയാം, വരുന്നു എഡ്യൂകെയര്‍ ആപ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023
വെഞ്ഞാറമൂട്
വാമനപുരം മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും കുട്ടിയുടെ പഠനപ്രക്രിയയില്‍ രക്ഷിതാക്കളെക്കൂടി ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. എഡ്യൂകെയര്‍ ആപ്‌ എന്ന് പേരിട്ടിരിക്കുന്ന ‌ആപ്‌ 23ന് മന്ത്രി വി ശിവന്‍കുട്ടി കല്ലറ ഗവ. വിഎച്ച്എച്ച്എസില്‍  ഉദ്ഘാടനം ചെയ്യും. 
ഡി കെ മുരളി എംഎല്‍എയുടെ നിയന്ത്രണത്തില്‍ മണ്ഡലത്തിലെ എല്ലാ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൂട്ടിയോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് എഡ്യൂകെയര്‍. കേരള സ്റ്റാര്‍ട്ടപ്‌ മിഷന്റെ കീഴിലുള്ള എല്‍2 ലാബ്സിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, പഠനകാര്യങ്ങള്‍ എന്നിവ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അറിയാനും പരസ്പരം ആശയവിനിമയം നടത്താനും ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഡി കെ മുരളി എംഎല്‍എ പറഞ്ഞു. കുട്ടിയുടെ ഹാജര്‍നില രക്ഷിതാവിന് നേരിട്ട് ഇതുവഴി പരിശോധിക്കാം. അധ്യാപകന്‍ ഹാജരെടുക്കുമ്പോള്‍ കുട്ടി ക്ലാസിലെത്തിയിട്ടില്ലെങ്കില്‍ 30 സെക്കൻഡിനുള്ളില്‍ രക്ഷിതാവിന് ഇതു സംബന്ധിച്ച അറിയിപ്പെത്തും. കുട്ടിയുടെ ഓരോ ദിവസത്തെയും പഠനനിലവാരം മനസ്സിലാക്കാനും ആപ്പിലൂടെ സാധിക്കും.
 ക്ലാസ് ടെസ്റ്റുകളുടെയും പരീക്ഷകളുടെയും മാര്‍ക്കുകളും രക്ഷിതാവിന് ആപ്പിലൂടെ പരിശോധിക്കാന്‍ സാധിക്കും. ഓരോ കുട്ടിയുടെയും പഠനനിലവാരം അറിയാന്‍ അക്കാദമിക് എക്‌സലന്‍സ് മോണിറ്ററിങ് സംവിധാനവും ഇതിലുണ്ട്. 
വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ആക്‌സിലറേറ്റഡ് റീഡിങ് സംവിധാനവും ആപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടിയുടെ ബൗദ്ധിക വളര്‍ച്ചയ്‌ക്കും പഠനനിലവാരത്തിനും അനുസരിച്ച് അവര്‍ക്ക് അനുയോജ്യമായ പുസ്തകങ്ങള്‍ വായിക്കാന്‍ നിര്‍ദേശിക്കാനും ആപ്പിനാകും. കൂടാതെ, രക്ഷിതാക്കള്‍ക്കും പ്രൈമറിമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള കുട്ടികള്‍ക്കും എംഎല്‍എയുമായി നേരിട്ട് സംവദിക്കാനും നിര്‍ദേശങ്ങള്‍ അറിയിക്കാനുമുള്ള സൗകര്യവും എഡ്യൂകെയര്‍ ആപ്‌ ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top