29 March Friday
പുനർഗേഹം പദ്ധതി

കടലിരമ്പിയാലും ഉലയില്ല ജീവിതം

ജിജോ ജോർജ്Updated: Friday Sep 17, 2021

പൊന്നാനിയിൽ പുനർഗേഹം പദ്ധതിയിൽ നിർമിച്ച് താക്കോൽ കൈമാറിയ ഫ്ലാറ്റുകൾ സന്ദർശിച്ചശേഷം പുറത്തേക്കുവരുന്ന മന്ത്രി സജി ചെറിയാൻ. പി നന്ദകുമാർ എംഎൽഎ സമീപം ഫേ-ാട്ടോ: കെ ഷെമീർ

 106 കുടുംബങ്ങൾക്ക്‌ ഫ്ലാറ്റുകൾ കൈമാറി

 

പൊന്നാനി
ആർത്തിരമ്പുന്ന തിരമാലകളെ ഇനി പേടിക്കേണ്ട. കടൽക്ഷോഭ രാത്രികളിൽ പിഞ്ചുകുഞ്ഞുങ്ങളെ മാറോടടക്കിപ്പിടിച്ച് ഉറക്കമിളച്ചിരിക്കേണ്ട. ഭീതിയുടെ ദിനങ്ങൾ അകന്നു. കാറുംകോളും ഉള്ള രാത്രികളിൽ സമാധാനത്തോടെ കിടന്നുറങ്ങാം. അടച്ചുറപ്പുള്ള സ്വന്തം വീട്‌ ലഭിച്ച സന്തോഷത്തിലാണ്‌ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലൂടെ പൊന്നാനിയിൽ നിർമാണം പൂർത്തിയാക്കിയ 128 ഫ്ലാറ്റുകളിൽ 106 കുടുംബങ്ങൾക്കുള്ള താക്കോൽ കൈമാറി. ബാക്കിയുള്ള 22 പേർക്ക്‌ പിന്നീട്‌ കൈമാറും.
പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. പൊന്നാനി ഹാർബറിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ താക്കോൽ കൈമാറി. ഉദ്‌ഘാടന ചടങ്ങിൽ 10 കുടുംബത്തിനാണ്‌ ഫ്ലാറ്റ്‌ നൽകിയത്‌. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. പുനർഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്ത് 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോൽ ദാനവുമാണ് വ്യാഴാഴ്‌ച നടന്നത്. 
തീരദേശത്തെ വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും സുരക്ഷിത മേഖലയിൽ ഭവനം ഒരുക്കുന്ന ബൃഹദ്‌ പദ്ധതിയാണ് പുനർഗേഹം. 13.7 കോടി ചെലവഴിച്ചാണ് പൊന്നാനിയിൽ 128 കുടുംബങ്ങൾക്കായി ആധുനിക ഫ്ലാറ്റ് സമുച്ചയം ഒരുക്കിയത്. ഹാർബറിന്റെ രണ്ടേക്കർ സ്ഥലത്ത് 16 ബ്ലോക്കുകളിലായി 530 സ്‌ക്വയർ ഫീറ്റിലാണ് ഫ്ലാറ്റുകൾ. രണ്ട് കിടപ്പുമുറി, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഹാൾ, ബാത്ത് റൂം എന്നീ സൗകര്യങ്ങളാണ് ഓരോ ഫ്ലാറ്റിലുമുള്ളത്‌. 
കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം, മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ സൂക്ഷിക്കാനുമുള്ള സജീകരണങ്ങൾ തുടങ്ങിയവ  ഫ്ലാറ്റ് സമുച്ചയത്തിൽ ഒരുക്കി. പുനർഗേഹം പദ്ധതിയിലൂടെ പൊന്നാനിയിൽ 100 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയംകൂടി പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിനടുത്ത് നിർമിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തിയത്‌.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം,  കേരള മത്സ്യത്തൊഴിലാളി കടാശ്വാസ  കമീഷൻ അംഗം  കൂട്ടായി ബഷീർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ, പൊന്നാനി നഗരസഭാ കൗൺസിലർ കെ എം മുഹമ്മദ് ഇസ്മായിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ചിത്ര, ടി എം സിദ്ദിഖ്‌, സി ഹരിദാസ്‌, ഒ ഷംസു, കെ എ റഹിം, ജോമോൻ കെ ജോർജ്‌, അനിൽ കുമാർ, കുഞ്ഞിമമ്മു പറവത്ത് എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡയറക്ടർ ആർ ഗിരിജ സ്വാഗതം പറഞ്ഞു.പൊന്നാനി, മുഖ്യമന്ത്രി, താക്കോൽ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top