25 April Thursday

നിർമാണമേഖലയിലെ പെൺകരുത്ത് വീടുകൾക്ക്‌ ദീപമായി ‘ശ്രീദീപം’

രേഷ്‌മ സുഭാഷ്‌Updated: Tuesday May 17, 2022

ശ്രീദീപം നിർമിച്ച വീടുകൾ

 

പനമരം
പുരുഷന്മാർ കൈയടക്കി വാണിരുന്ന നിർമാണമേഖലയിലും പെൺകരുത്ത്‌. കുടുംബശ്രീ താങ്ങായിനിന്നപ്പോൾ ഇവർ പണിതുയർത്തിയത്‌ 11‌ വീടുകൾ. എല്ലാം അതിമനോഹരമായവ.
പനമരം പഞ്ചായത്തിലെ  ‘ശ്രീദീപം’ നിർമാണ യൂണിറ്റാണ്‌ നാടിന്റെതന്നെ പ്രകാശമാകുന്നത്‌. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളായ  ‌ശ്രീജ സുധാകരൻ, വീണ രാജേന്ദ്രൻ, റംല അഷ്റഫ്, ജമീല അഷറഫ്, ടെസ്സി ജോൺസൺ, ഷീജ സന്തോഷ് എന്നിവർ ചേർന്നാണ്‌ ശ്രീദീപം രൂപീകരിച്ചത്‌.  2017–-ലായിരുന്നു തുടക്കം. കുടുംബശ്രീ നേതൃത്വത്തിൽ ചിട്ടയായ പരിശീലനം ലഭിച്ചപ്പോൾ ഇവർ  പണിയായുധങ്ങളുമായി ‘ഫീൽഡിൽ’ ഇറങ്ങി. ഒന്നൊന്നായി വീടുകൾ ഉയർന്നു. കുടുംബശ്രീ സാമ്പത്തിക പിന്തുണയും നൽകി. നിർമാണങ്ങൾക്ക്‌ ആവശ്യമായ തുക വായ്‌പയായി അനുവദിച്ചു. മാനന്തവാടി എരുമത്തെരുവ് സ്വദേശി സന്തോഷിന്റെ കീഴിലായിരുന്നു തൊഴിൽ അഭ്യസിച്ചത്‌. പരിശീലനത്തിന്‌ തുടക്കത്തിൽ 45 പേരുണ്ടായിരുന്നു. അവസാനം 12 പേരായി ചുരുങ്ങി. ആറുപേർ മറ്റൊരു യൂണിറ്റ്‌ രൂപീകരിച്ചു. 
ആദിവാസി മേഖലയിലെ വീട്‌ നിർമാണത്തിനും പരിശീലനം കിട്ടി.  മാനന്തവാടിയിലെ ഡബ്ല്യുഎസ്എസ്‌ കെട്ടിടത്തിന്റെ  അടുക്കള നിർമാണമായിരുന്നു ആദ്യ പ്രവൃത്തി. പനമരത്ത്‌ ഒന്നും  പൊഴുതന പഞ്ചായത്തിൽ പത്തും വീടുകൾ നിർമിച്ചു. 
പ്രളയകാലത്ത്‌ പുത്തുമലയിലെ ഉരുൾപൊട്ടലിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ നന്നാക്കാനും മുന്നിട്ടിറങ്ങി. കാരാപ്പുഴയിൽ  ആദിവാസി വീടുകളുടെ നിർമാണത്തിലും സഹായിച്ചു. പനമരം സ്കൂളിന്‌ ചുറ്റുമതിലും  ഒരുക്കി. 
ഭൂരിഭാഗം പ്രവൃത്തികളും ഇവർതന്നെയാണ്‌ ചെയ്‌തത്‌. കോൺക്രീറ്റ്‌ പോലുള്ള ജോലിക്ക്‌ പുരുഷ തൊഴിലാളികളുടെ സഹായം തേടി. കുടംബശ്രീ ജില്ലാ മിഷന്റെയും പനമരം  സിഡിഎസിന്റെയും പിന്തുണയാണ്‌ ഇവരെ ആരെയും വെല്ലുന്ന നിർമാണ തൊഴിലാളികളും ശ്രീദീപത്തിന്റെ സാരഥികളുമാക്കിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top