28 March Thursday
രണ്ടാം വിള

മുഴുവൻ നെല്ലും സംഭരിക്കും

സ്വന്തം ലേഖികUpdated: Friday Mar 17, 2023

 

പാലക്കാട്‌
ജില്ലയിൽ രണ്ടാംവിളയ്‌ക്ക്‌ ഉൽപ്പാദിപ്പിച്ച മുഴുവൻ നെല്ലും സംഭരിക്കുമെന്ന്‌  സംസ്ഥാന സർക്കാരിന്റെ ഉറപ്പ്‌. ഏക്കറിന്‌ കുറഞ്ഞത്‌ 2,500 കിലോ നെല്ല്‌ സംഭരിക്കുന്നത്‌ പരിഗണിക്കുമെന്നും മന്ത്രി ജി ആർ അനിൽ. നിയമസഭയിൽ കെ ഡി പ്രസേനൻ എംഎൽഎയുടെ സബ്‌മിഷനുള്ള മറുപടിയിലാണ്‌ മന്ത്രിയുടെ ഉറപ്പ്‌. വിളവ്‌ സംബന്ധിച്ച്‌ ക്രോപ്പ്‌ കട്ടിങ്‌ നടത്തി കൃഷി ഓഫീസർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നെല്ലെടുക്കുക. 
തമിഴ്‌നാട്ടിൽ നിന്നുള്ള നെല്ല്‌ കലർത്തി സപ്ലൈകോയ്‌ക്ക്‌ അളക്കുന്നതായുള്ള പരാതിയെ തുടർന്ന് ഏക്കറിന്‌ 2200 കിലോ ആക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടാംവിളയ്‌ക്ക്‌ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്‌ ഇളവ്‌ നൽകുക.
കഴിഞ്ഞ സീസണിൽ ജില്ലയിൽ രണ്ടാംവിളയ്‌ക്ക്‌ ഉൽപ്പാദന വർധനവുണ്ടായപ്പോൾ സർക്കാർ സംഭരണ പരിധി ഉയർത്തിയിരുന്നു. സംഭരണത്തിനായി കൂടുതൽ പ്രൊക്യുയർമെന്റ്‌ ഓഫീസർമാരെ നിയമിക്കുക, നെല്ല്‌ സംഭരിച്ച തുക കാലതാമസമില്ലാതെ കർഷകർക്ക്‌ നൽകുക തുടങ്ങിയ എംഎൽഎയുടെ ആവശ്യങ്ങളിലും അനുഭാവ നിലപാടുണ്ടാകുമെന്ന്‌ മന്ത്രി ഉറപ്പുനൽകി. ഉമ, കാഞ്ചന, പൊൻമണി എന്നിങ്ങനെ അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ്‌ രണ്ടാംവിളയ്‌ക്ക്‌ ഉപയോഗിച്ചത്‌. 2,500 മുതൽ 2,800 കിലോ വരെയാണ്‌ ഇത്തവണ ഒരേക്കറിലെ വിളവ്‌. ഈ സാഹചര്യത്തിലാണ്‌ സംഭരണ പരിധി ഉയർത്തണമെന്ന ആവശ്യമുന്നയിച്ചത്‌.
ഒന്നാംവിളയുടെ ഭാഗമായി ജില്ലയിൽ നിന്ന്‌ 46,009 കർഷകരിൽനിന്ന്‌ 1.13 ലക്ഷം ടൺ നെല്ല്‌ സംഭരിച്ചു. ഇതിന്റെ വിലയായ 320 കോടി രൂപ വിതരണം ചെയ്‌തു. ഒന്നാംവിളയുടെ ഭാഗമായി സംഭരിച്ച നെല്ലിന്റെ വിലയായി 70 ലക്ഷമാണ്‌ ഇനി ബാക്കിയുള്ളത്‌. രണ്ടാംവിളയ്‌ക്ക്‌ ഇതുവരെ 1,835 കർഷകരിൽനിന്ന്‌ 4,175 ടൺ നെല്ല്‌ സംഭരിച്ചത്‌ 10.5 കോടി നൽകാനുണ്ട്‌. രണ്ടാംവിളയ്‌ക്ക്‌ ജില്ലയിൽ 78,050 കർഷകർ രജിസ്‌റ്റർ ചെയ്തു. 39,209 ഹെക്ടർ സ്ഥലത്ത്‌ കൃഷിയിറക്കിയിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top