26 April Friday

ജില്ലാ പഞ്ചായത്തിന്‌ 66.88 കോടിയുടെ ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ബിന്ദു ബജറ്റ്‌ അവതരിപ്പിക്കുന്നു

 
കൽപ്പറ്റ 
രൂക്ഷമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിന്‌ ഒരു കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് 2023-–-24 വാർഷിക ബജറ്റ്‌. വന്യമൃഗ പ്രതിരോധത്തിനായി  പൊതുനിധി രൂപീകരിക്കും. എംപിമാർ, എംഎൽഎമാർ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, സിഎസ്‌ആർ ഫണ്ടുകൾ എന്നിവ സംയോജിപ്പിച്ചാണ്‌ പൊതുനിധി രൂപീകരിക്കുക. ഈ ഫണ്ടുപയോഗിച്ച്‌ വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും. ഇതോടൊപ്പം ആരോഗ്യ, വിദ്യാഭ്യാസ,  ഭവന പദ്ധതികൾക്ക്‌ ഊന്നൽ നൽകിയാണ്‌ വൈസ് പ്രസിഡന്റ് എസ് ബിന്ദു അവതരിപ്പിച്ച ബജറ്റ്‌. 66,88,22,524 രൂപ വരവും 66,53,14,800 രൂപ ചെലവും 35,07,724 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.  
വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ നിലവാരമുയർത്താനും സമഗ്ര എന്ന പേരിൽ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി. കോച്ചിങ്‌ ക്യാമ്പുകൾ, പ്രഭാതഭക്ഷണം ഗോത്രസാരഥി, ഗണിത ശാസ്ത്ര സാമൂഹ്യ ക്ലബ്ബുകൾ, വായനക്കൂട്ടം, പഠന സാമഗ്രികൾ നൽകൽ, കരിയർ കാരവൻ, കരിയർ പാത്ത്, സ്‌കൂൾ ലൈബ്രറികളുടെ നവീകരണം, സ്‌കൂളുകളിൽ ശുദ്ധീകരിച്ച കുടിവെള്ളം നൽകുന്ന തെളിനീർ പദ്ധതി, ഭിന്നശേഷി വിദ്യാർഥികൾക്ക് ഇലക്ട്രിക്കൽ വീൽചെയർ നൽകുന്ന ശുഭയാത്ര പദ്ധതി,  ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്ക് മെൻസ്‌ട്രൽ കപ്പ് നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ സമഗ്ര ഏറ്റെടുക്കും. 
സ്ത്രീ സംരംഭകരെ ഉയർത്തുന്നതിനായി  ‘പെണ്മ' പദ്ധതി നടപ്പാക്കും. വായ്പാ തുകയുടെ പലിശ നൽകാൻ ഒരു കോടി രൂപ വകയിരുത്തി. സ്ത്രീകളുടെ ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾക്ക് 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സ്‌തനാർബുദം ആരംഭത്തിലേ കണ്ടെത്തുന്നതിനും നിവാരണത്തിനുമായി മാമോഗ്രാം ക്യാമ്പുകൾ നടത്താൻ  10 ലക്ഷം രൂപയും ചെലവിടും.  പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
 
വന്യജീവി പ്രതിരോധം
നടപ്പാകുന്നത്‌  എൽഡിഎഫ്‌ നിർദേശം
കൽപ്പറ്റ  
വന്യജീവി പ്രതിരോധത്തിന്‌ ഒരുകോടി രൂപ വകയിരുത്തിയ ബജറ്റ്‌ നിർദേശം സ്വാഗതം ചെയ്യുന്നതായി ജില്ലാ പഞ്ചായത്ത്‌ എൽഡിഎഫ്‌ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വന്യജീവി പ്രതിരോധത്തിന്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതി ആവിഷ്‌കരിക്കണമെന്ന എൽഡിഎഫ്‌ നിർദേശമാണ്‌ ബജറ്റിൽ ഉൾപ്പെടുത്തിയത്‌. സഞ്ചിതനിധി രൂപീകരിക്കാനുള്ള നടപടിക്രമം  വേഗത്തിലാക്കണം. ഇതിന്‌ പദ്ധതി നിർവഹണ അധികാരിയായ പ്രസിഡന്റ്‌ മുൻകൈയെടുക്കണം. അടുത്ത ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽ വന്യജീവി പ്രതിരോധം ചർച്ചചെയ്‌ത്‌ സംസ്ഥാന ധനകാര്യ കമീഷന്റെ അംഗീകാരം വാങ്ങണം. വന്യജീവി പ്രതിരോധത്തിന്‌ പദ്ധതി ആവശ്യപ്പെട്ട്‌ നേരത്തെ എൽഡിഎഫ്‌ അംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിക്കുകയും കർഷകസംഘം ജില്ലാ പഞ്ചായത്തിലേക്ക്‌ മാർച്ച്‌ നടത്തുകയും ചെയ്‌തിരുന്നു. 
കഴിഞ്ഞ ബജറ്റിലെ നിർദേശങ്ങൾ പൂർണമായി നടപ്പാക്കാൻ കഴിയാതെപോയത്‌ പ്രസിഡന്റിന്റെ പിടിപ്പുകേടുകൊണ്ടാണ്‌. പദ്ധതി നടപ്പാക്കാനുള്ള അധികാരം പ്രസിഡന്റിനാണ്‌. അദ്ദേഹം വേണ്ടവിധം ഇടപെടാത്തതിനാലാണ്‌ പദ്ധതികൾ പാതിവഴിയിൽ നിൽക്കുന്നത്‌. കഴിഞ്ഞ ബജറ്റിലെ കർഷകമിത്ര പദ്ധതി കൃഷിവകുപ്പുമായി ചർച്ചചെയ്യാൻപോലും തയ്യാറായില്ല. അതേ അവസ്ഥ പുതിയ ബജറ്റിന്റെ കാര്യത്തിൽ അനുവദിക്കില്ല. ബജറ്റിലെ പ്രഖ്യാപനങ്ങൾ പൂർണമായി നടപ്പാക്കാനുള്ള പദ്ധതികൾ എൽഡിഎഫ്‌ ആവിഷ്‌കരിക്കും. 
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏജൻസികൾവഴി നടത്തിയ പർച്ചേസിങ്‌ പരിശോധിക്കണം. ടെൻഡർ ക്ഷണിക്കാതെ ഒരേ എജൻസിക്കുതന്നെ കരാർ നൽകുന്നത്‌ കമീഷൻ തട്ടാനാണ്‌. 60 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ ഓഫീസ്‌ നവീകരണത്തിന്‌ ചെലവിട്ടു. ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയതിലും അറ്റകുറ്റപ്പണി നടത്തിയതിലുമുള്ള അഴിമതിയുണ്ട്‌. ടെൻഡർ ചെയ്‌ത പ്രവൃത്തിക്ക്‌ എസ്‌റ്റിമേറ്റ്‌ ഇല്ലാതെ 10 ലക്ഷംരൂപകൂടി അനുവദിക്കാനുള്ള നീക്കമാണ്‌ തടഞ്ഞത്‌. 
വാർത്താസമ്മേളനത്തിൽ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ബിന്ദു, സുരേഷ്‌ താളൂർ, ജുനൈദ്‌ കൈപ്പാണി, എൻ സി പ്രസാദ്‌ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top