തൃശൂർ
സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ വിഹിതം തരാതെ ബുദ്ധിമുട്ടിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ അധ്യാപക- വിദ്യാർഥി വിരുദ്ധനയം തിരുത്തണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ നേതൃത്വത്തിൽ അധ്യാപകർ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട ഡിഇഒ ഓഫീസുകൾക്ക് മുന്നിലായിരുന്നു ധർണ. നൂറുകണക്കിന് അധ്യാപകർ ധർണയിൽ പങ്കാളിയായി.
ഉച്ചഭക്ഷണ ഫണ്ടിന്റെ ജൂൺ മുതലുള്ള കുടിശിക അനുവദിക്കുക, പുതുതായി നിയമിതരായ പ്രൈമറി പ്രധാനാധ്യാപകർക്ക് ശമ്പള സ്‌കെയിൽ അനുവദിക്കുക, കെട്ടിക്കിടക്കുന്ന പാഠപുസ്തകത്തിന്റെ സാമ്പത്തിക ബാധ്യതയിൽനിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കുക, തസ്തിക സംരക്ഷണത്തിന് 1.40 അനുപാതം നിലനിർത്തുക, കലാകായിക അധ്യാപകരുടെ തസ്തിക അധ്യാപക -വിദ്യാർഥി അനുപാതം കുറച്ച് നിലനിർത്തുക, അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിന്റെ ക്വോട്ട
30 ശതമാനമായി പുന:സ്ഥാപിക്കുക, ഇൻവാലിഡ് യുഐഡിയുടെ പേരിൽ അധ്യാപക തസ്തിക നിർണയത്തിലുണ്ടായ കുറവ് പരിഹരിക്കുക, ഉച്ച ഭക്ഷണ വിഹിതം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ധർണ.
ചാവക്കാട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എം കരീം ധർണ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി. സി ജെ ബിന്നറ്റ്, വി എസ് ദീപ, ഡെന്നി സേവിഡ്, പി കെ ഡിക്സൻ എന്നിവർ സംസാരിച്ചു.
തൃശൂർ ഡിഇഒ ഓഫീസിന് മുന്നിൽ നടന്ന ധർണ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം
വി വി ശശി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി സജീവ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ പ്രമോദ്, ജോയിന്റ് സെക്രട്ടറിമാരായ എൻ കെ രമേഷ്, എം എസ് ബീന, വെസ്റ്റ് ഉപജില്ലാ സെക്രട്ടറി കെ ബി ഫെർഡി എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുടയിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ടി എം ലത ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി സി എ നസീർ അധ്യക്ഷനായി. ടി എൻ അജയക്കുമാർ, കെ വി മിനി, മുജീബ് റഹ്മാൻ, അജിത പടയായിൽ, ടി എസ് സജീവൻ, ദീപ ആന്റണി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..