18 September Friday
തെളിവ്‌ നിരത്തി മറുപടി

പൈതൃകമേഖലയെ സംരക്ഷിച്ചത്‌ എൽഡിഎഫ്: മേയർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

പൈതൃകമേഖല സംരക്ഷിക്കുമെന്ന്‌ ‌ ഉറപ്പാക്കുന്ന എൽഡിഎഫ്‌ ഭരണ സമിതിയുടെ മാസ്‌റ്റർപ്ലാൻ നിർദേശം

 
തൃശൂർ
നഗരത്തിൽ  പൈതൃകമേഖലയെ തകർക്കുന്നെന്ന പ്രതിപക്ഷ ആരോപണം പൊളിച്ചടക്കി ഭരണസമിതി.  പൈതൃകമേഖല അട്ടിമറിക്കുന്ന വികസനപ്രവർത്തനത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയത് കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്തെന്ന് തെളിവ്‌ നിരത്തി മേയർ അജിതാ ജയരാജൻ പറഞ്ഞു. ഇത്‌ മാറ്റിയെടുക്കുകയാണ്‌ നിലവിലെ എൽഡിഎഫ്‌ ഭരണസമിതി ചെയ്‌തത്‌. നഗരത്തിലാകെ മികച്ച വികസനപ്രവർത്തനങ്ങൾ നടക്കുന്നതിൽ വിറളിപിടിച്ചാണ് കോൺഗ്രസിലെ ഒരു വിഭാഗം പച്ചക്കള്ളം നിരത്തി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് മേയർ പറഞ്ഞു. 
തൃശൂർ കോർപറേഷനും സംസ്ഥാനവും കോൺഗ്രസ്‌ ഭരിച്ചിരുന്ന കാലത്ത് 2012ൽ ഐ പി പോളും 2015 തുടക്കത്തിൽ രാജൻ ജെ പല്ലനും മേയറായിരിക്കെയാണ് പൈതൃക മേഖലകൾ, ആരാധനാലയങ്ങൾ, സാധാരണക്കാരന്റെ കിടപ്പാടങ്ങൾ എല്ലാം പൊളിച്ചുമാറ്റേണ്ടതരത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി   സർക്കാരിന് സമർപ്പിച്ചത്. നിയമവിരുദ്ധമെന്ന് കണ്ടെത്തി ഈ രണ്ടു മാസ്റ്റർ പ്ലാൻ നിർദേശങ്ങളും സർക്കാർ തള്ളി. 
തുടർന്ന് എൽഡിഎഫ് ഭരണസമിതി 2016ൽ വിദഗ്ധരെ ഉൾപ്പെടുത്തി, ജനകീയ ചർച്ച നടത്തിയാണ് പൈതൃകമേഖല, ആരാധനാലയങ്ങൾ, ഭവനങ്ങൾ എന്നിവ സംരക്ഷിച്ചുള്ള പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. തുടർന്ന് കൗൺസിലർമാർ, രാഷ്ട്രീയ പാർടികൾ, ഉദ്യോഗസ്ഥർ, പൈതൃക സംഘടനകൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, മതമേധാവികൾ, ആർക്കിടെക്ടസ്‌ തുടങ്ങിയവരുടെ അഭിപ്രായം  ക്രോഡീകരിച്ച് കൗൺസിൽ ഐകകണ്ഠ്യേനെ അംഗീകരിച്ചാണ് നിയമാനുസൃതം പുതിയ നിർദേശം സർക്കാരിന്‌  സമർപ്പിച്ചതെന്നും മേയർ പറഞ്ഞു. 
രാജൻ ജെ പല്ലൻ മേയറായിരിക്കെ പൈതൃകമേഖല നിലനിർത്തണമെന്ന് പറഞ്ഞിരുന്നതിനൊപ്പം  മണികണ്ഠനാലിലെ അയ്യപ്പക്ഷേത്രവും, നടുവിലാലിലെ ഗണപതിക്കോവിലും പൊളിച്ചുമാറ്റേണ്ട നിലയിലായിരുന്നു മാസ്റ്റർപ്ലാനിലെ നിർദേശം. തേക്കിൻകാട് മൈതാനിയിലെ 14 മീറ്റർ ഭൂമികൂടി സ്വരാജ് റൗണ്ടിലേക്ക് ചേർത്ത് റൗണ്ട് 36 മീറ്ററാക്കണമെന്നായിരുന്നു യുഡിഎഫ്  നിർദേശം.  പൂങ്കുന്നം ക്ഷേത്രം, വളർക്കാവ് ക്ഷേത്രം, അരണാട്ടുകര പള്ളി, വടൂക്കര പള്ളി ഉൾപ്പെടെ പൊളിച്ച് റോഡ് നിർമിക്കണമെന്ന നിർദേശവും  സർക്കാരിലേക്ക്‌ അയച്ചിരുന്നു. 2019 നവംബർ 26ന് കൗൺസിൽ ഈ വിഷയം ചർച്ചചെയ്തപ്പോൾ, തെറ്റുപറ്റിയെന്ന് രാജൻ പല്ലൻ ഏറ്റുപറഞ്ഞിരുന്നു. 
ഈ യാഥാർഥ്യങ്ങളെല്ലാം മറച്ചുവച്ചാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്‌ കള്ളപ്രചാരണവുമായി കോൺഗ്രസ് രംഗത്തുവരുന്നതെന്ന് ഡിപിസി മെമ്പർ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. യുഡിഎഫിന്റെ മാസ്റ്റർപ്ലാനിൽനിന്ന്  പൂരപ്പറമ്പും പള്ളികളും ക്ഷേത്രങ്ങളും ഭവനങ്ങളും പൊളിച്ച് റോഡ് വികസിപ്പിക്കാനുള്ള നിർദേശം എൽഡിഎഫ് മാറ്റി. ജനനിബിഡമായ മേഖലകളെ പാഡി സോണുകളാക്കിയ യുഡിഎഫ് നിർദേശവും മറ്റു സോണുകളിലേക്ക് മാറ്റി.  ഇത്തരത്തിലുള്ള ജനവിരുദ്ധ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ് എൽഡിഎഫ് ഭരണസമിതി പൈതൃക മേഖലയെ പൂർണമായും സംരക്ഷിച്ച് പുതിയ മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് സമർപ്പിച്ചത്. 
വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ റാഫി പി ജോസ്, മുൻ മേയർ അജിതാ വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ശാന്ത അപ്പു, എം എൽ റോസി എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top