19 April Friday

അഖിലേന്ത്യാ ക്ഷീരകർഷക ശിൽപ്പശാല സമാപിച്ചു ക്ഷീരമേഖലയെ സംരക്ഷിക്കാൻ തൊഴിലുറപ്പ്‌ മാതൃകയിൽ പദ്ധതിവേണം

സ്വന്തം ലേഖകൻUpdated: Monday May 16, 2022

 

കോഴിക്കോട്‌
രാജ്യത്തെ ക്ഷീരകർഷകരെ സംരക്ഷിക്കാൻ അയ്യൻകാളി തൊഴിലുറപ്പ്‌ പദ്ധതി മാതൃകയിൽ കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന്‌ അഖിലേന്ത്യാ ക്ഷീരകർഷക ശിൽപ്പശാല ആവശ്യപ്പെട്ടു. രണ്ടു പശുക്കളുള്ള എല്ലാ കർഷകരെയും പദ്ധതിയിലുൾപ്പെടുത്തി 100 ദിവസമെങ്കിലും നിശ്‌ചിത വരുമാനം ഉറപ്പുവരുത്തിയാൽ  കർഷകർക്കും ക്ഷീരമേഖലയിലും പുത്തനുണർവേകും. കേരളത്തിൽ നടപ്പാക്കുന്ന തൊഴിലുറപ്പ്‌ പദ്ധതി ഇതിന്‌ ഉദാത്തമാതൃകയാണ്‌.  ഓൾ ഇന്ത്യ കിസാൻ സഭ കലിക്കറ്റ്‌ ടവറിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച ശിൽപ്പശാല ഞായറാഴ്‌ച വൈകിട്ട്‌ സമാപിച്ചു. 
കേരള സർക്കാർ പ്രത്യേകമായി ക്ഷീരമേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശിൽപ്പശാലയിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഒരു ലിറ്റർ പാലിന്‌ 38 രൂപ കർഷകന്‌ നൽകുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ 22 മുതൽ 30 രൂപവരെയാണ്‌ നൽകുന്നത്‌. മൂരിക്കുട്ടികളെ വളർത്തുന്നതിൽ പ്രോത്സാഹനവും സഹായവും നൽകുന്നതിനൊപ്പം കന്നുകാലി ചന്തകളും വ്യാപിപ്പിക്കണം. 2014–-19 കാലയളവിൽ 52.5 ലക്ഷം കർഷകരാണ്‌ ഈ മേഖലയിൽനിന്ന്‌ പിന്തിരിഞ്ഞത്‌. പാലിൽനിന്നുമുണ്ടാക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മിച്ചം കർഷകർക്ക്‌ നൽകണമെന്നും ശിൽപ്പശാലയിൽ അഭിപ്രായമുയർന്നു.
കേന്ദ്രസർക്കാരിന്റെ പുത്തൻ സാമ്പത്തിക നയങ്ങളും സ്വതന്ത്ര വ്യാപാര കരാറുകളും ക്ഷീരകർഷകരെ ഗുരുതരമായ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുകയാണ്‌. പ്രതിസന്ധി തരണംചെയ്യുന്നതിനായി തയ്യാറാക്കിയ പരിഹാരമാർഗങ്ങൾ നിവേദനമായി കേന്ദ്ര ക്ഷീരമന്ത്രിക്ക്‌ നൽകും. എല്ലാ സംസ്ഥാനങ്ങളിലും ക്ഷീരകർഷക ഫെഡറേഷൻ രൂപീകരിച്ച്‌ അഖിലേന്ത്യാടിസ്ഥാനത്തിൽ സംഘടന രൂപീകരിക്കാനും സമാനമായ രീതിയിൽ എല്ലാ സംസ്ഥാനത്തും ശിൽപ്പശാല സംഘടിപ്പിക്കാനും തീരുമാനിച്ചു. 
  രണ്ടാം ദിവസം ശിൽപ്പശാലയിൽ കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക് ധാവ്‌ളെ, ട്രഷറർ പി കൃഷ്ണപ്രസാദ്, മലബാർ മിൽമ ചെയർമാൻ എം എസ് മണി എന്നിവർ വിഷയം അവതരിപ്പിച്ചു. പെരിങ്ങൊളത്തെ മിൽമ പ്ലാന്റ് സന്ദർശിച്ച്‌ പാലിന്റെ സംസ്കരണം, പാലിൽനിന്നുള്ള പുതിയ ഉൽപ്പന്നങ്ങളുടെ നിർമാണം എന്നിവ സംബന്ധിച്ച പുതിയ അനുഭവം പ്രതിനിധികൾക്ക് പകർന്നുനൽകി. സംഘാടകസമിതി കൺവീനർ പി വിശ്വൻ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top