19 April Friday

തോരാമഴ

സ്വന്തം ലേഖകൻUpdated: Monday May 16, 2022

പത്തനാപുരം ശബരി പാതയിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷനു സമീപം വീണ പാഴ്മരം അഗ്‌നിശമന ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നു

കൊല്ലം
രണ്ടുദിവസമായി ശമനമില്ലാതെ പെയ്യുന്ന മഴയിൽ ജില്ലയിൽ കനത്ത നാശം. പത്തിലധികം വീടുകൾ ഭാഗികമായി തകർന്നു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്‌. നിലയ്‌ക്കാത്ത മഴ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. വീടിന്റെ മതിൽപൊളിഞ്ഞുവീണ്‌ കൊല്ലം ബീച്ചിൽ മുണ്ടയ്‌ക്കൽ ഭാഗത്ത്‌ ശാന്തി സുനിലിന് പരിക്കേറ്റു. നിർമാണ മേഖലയിലും കാർഷിക രംഗത്തും പണി നിലച്ചു. ഞായര്‍ രാവിലെ 119.6 മില്ലിമീറ്റർ മഴയാണ്‌ രേഖപ്പെടുത്തിയത്‌.

ഓറഞ്ച്‌ അലർട്ട്‌ 
തൂണുകൾ തകർന്നും മരക്കൊമ്പുകൾ വീണും വൈദ്യുതി ബന്ധം പലയിടത്തും നിലച്ചു. ഗ്രാമീണ മേഖലകളിൽ വെള്ളക്കെട്ടിൽ റോഡുകളും തകർന്നു. ഇരവിപുരം, പരവൂർ ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണമുണ്ടായി. മുന്നറിയിപ്പിനെ തുടർന്ന്‌ മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല. നേരത്തെ കടലിൽ പോയിട്ടുള്ള മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്‌ ഫിഷറീസ്‌ ഉദ്യോഗസ്ഥർ. ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിശ്ചലമായിരുന്നു. മലയോര, ജലാശയ ടൂറിസം മേഖലകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും പ്രവർത്തിക്കില്ല. 

തീരത്ത്‌ ജാഗ്രത വേണം 
ചൊവ്വ വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന്‌ കാലവസ്ഥ വകുപ്പ്‌ അറിയിച്ചു. വേലിയേറ്റത്തിന്റെ നിരക്ക് (പകൽ 11 മുതൽ രണ്ടുവരെയും രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാകാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതർ അറിയിച്ചു. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. മീന്‍പിടിത്ത സാമ​ഗ്രികൾ സുരക്ഷിതമാക്കി വയ്‌ക്കണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top