25 April Thursday
ചാരക്കേസിലെ പടയൊരുക്കം

മൂകസാക്ഷിയായി കോട്ടയം ടി ബി‌

ലെനി ജോസഫ്‌Updated: Friday Apr 16, 2021

കോട്ടയം ടി ബി

കോട്ടയം
ചാരക്കേസിൽ കെ കരുണാകരനെ രാജ്യദ്രോഹിയെന്ന്‌ മുദ്രകുത്തി സ്ഥാനഭ്രഷ്ടനാക്കാനുള്ള ഗൂഢാലോചനക്കും പടയൊരുക്കത്തിനും  മൂകസാക്ഷിയായിരുന്നു കോട്ടയം ടി ബി. ആന്റണി ഗ്രൂപ്പ്‌ നടത്തിയ രാഷ്‌ട്രീയ നീക്കങ്ങളുടെ പടനയിച്ചത്‌ ഉമ്മൻചാണ്ടിയും. ഒറ്റപ്പെട്ടുപോയ കെ കരുണാകരന്‌ പലപ്പോഴും പ്രതിരോധംതീർത്ത്‌ മകൻ കെ മുരളീധരൻ ഇവിടെയെത്തി. പക്ഷേ, അന്ന്‌ ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ച കെ മുരളീധരൻ രാഷ്‌ട്രീയ കാലാവസ്ഥ മാറിയതനുസരിച്ച്‌ സഹോദരി പത്മജയുടെ നിലപാടിനെപ്പോലും ഖണ്ഡിച്ച്‌ കുറ്റം മുഴുവൻ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ ചുമലിൽവയ്‌ക്കുന്നതിനും കാലം സാക്ഷിയായി. 
ഉമ്മൻചാണ്ടിയുടെ തട്ടകം ഇവിടെയായതുകൊണ്ടുതന്നെ കോട്ടയത്തിനും ആ രാഷ്‌ട്രീയച്ചതിയുടെ കറപരന്നു. പൊലീസ്‌, റോ, ഐബി എന്നിവർ നൽകുന്ന വിവരങ്ങൾ എരിവും പുളിയും ചേർത്ത്‌ മനോരമ അടക്കമുള്ള മാധ്യമങ്ങൾ വാർത്തയാക്കിക്കഴിഞ്ഞാൽ ഉമ്മൻചാണ്ടിയുടെ പത്രസമ്മേളനം കോട്ടയം ടി ബിയിൽ. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും ഇത്‌ പതിവ്‌. അന്നത്തെ യുഡിഎഫ്‌ ഘടകകക്ഷികളിൽ കേരള കോൺഗ്രസ്‌ ബിയും സിഎംപിയും ഒഴികെയുള്ള ഘടകകക്ഷികളെല്ലാം അന്ന്‌ ഉമ്മൻചാണ്ടിക്കുപിന്നിൽ അണിനിരന്നു. മുസ്ലിം ലീഗ്‌ ഗൂഢാലോചനയിൽ നേരിട്ടു പങ്കെടുത്തുവെന്ന വിവരങ്ങൾ പിന്നീട്‌‌ പുറത്തുവന്നു.  കരുണാകരനെ തെറിപ്പിക്കാൻ നടന്ന ഗൂഢാലോചനകൾ മിക്കവാറും കോട്ടയം ടി ബിയിലായിരുന്നു. ചിലപ്പോഴൊക്കെ നാട്ടകം ഗസ്‌റ്റ്‌ ഹൗസിലും. പത്രസമ്മേളനത്തിന്‌ കോട്ടയത്തെത്തിയ ഒരു യുഡിഎഫ്‌ ഘടകകക്ഷി നേതാവും കരുണാകരനെ പിന്തുണച്ചില്ല. മാത്രമല്ല നേതൃമാറ്റമെന്ന പല്ലവി ആവർത്തിച്ചുകൊണ്ടിരുന്നു.   
1992ലെ കെപിസിസി തെരഞ്ഞെടുപ്പിൽ എ കെ ആന്റണിയെ വയലാർ രവി തോൽപ്പിച്ചതോടെ സങ്കീർണമായ ഗ്രൂപ്പുപോര്‌ 1994 ആയപ്പോഴേക്കും കെ കരുണാകരനും ഉമ്മൻചാണ്ടിയും തമ്മിലുള്ള തുറന്ന പോരിലെത്തി. ആന്റണി പക്ഷക്കാരനായ എം എ കുട്ടപ്പന്‌ രാജ്യസഭാ സീറ്റ്‌ നഷ്ടപ്പെട്ടതിന്റെ പേരിൽ മന്ത്രിസഭയിൽനിന്ന്‌ 1994 ജൂൺ 16ന്‌ രാജിവച്ച ഉമ്മൻചാണ്ടി കരുണാകരനെതിരെ യുദ്ധമുഖം തുറന്നു. വീണുകിട്ടിയ ചാരക്കേസ്‌ കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുന്നു മാറ്റാനുള്ള സുവർണാവസരമായി. ഐ ഗ്രൂപ്പ്‌ വിട്ട്‌ തിരുത്തൽവാദികളായ രമേശ്‌‌ ചെന്നിത്തല, ജി കാർത്തികേയൻ, എം ഐ ഷാനവാസ്‌ തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പം കോട്ടയത്തെ നീക്കങ്ങളിൽ പങ്കാളികളായി. കെ കരുണാകരന്റെ 1995 മാർച്ച്‌ 16ലെ രാജിയും മാർച്ച്‌ 22ലെ എ കെ ആന്റണിയുടെ സ്ഥാനാരോഹണവും വരെ കോട്ടയം ടി ബി സജീവമായിരുന്നു. എല്ലാവരും കൈവെടിഞ്ഞപ്പോൾ കെ കരുണാകരന്‌ പിന്തുണ കിട്ടിയതും കോട്ടയത്തുനിന്നായിരുന്നു എന്നതും ചരിത്രം. ചങ്ങനാശേരി പെരുന്നയിലെ എൻഎസ്‌എസ്‌ ആസ്ഥാനത്തുനിന്ന്‌.‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top