25 April Thursday

മാലിന്യമോ? അതെല്ലാം മറന്നേക്കൂ..

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023

തൃശൂർ

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നത്‌ ജനം ഏറ്റെടുത്തതോടെ സാംസ്‌കാരിക തലസ്ഥാനം മാലിന്യമില്ലാ നഗരമായി മാറി. മുൻ കാലങ്ങളിൽ നഗരത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരുന്ന കാഴ്‌ച ഇന്നില്ല. പാതയോരങ്ങളിൽ ജൈവ-അജൈവ  മാലിന്യങ്ങൾ വലിച്ചെറിയുന്നതും കുമിഞ്ഞുകൂടുന്ന മാലിന്യം ഭക്ഷിക്കാൻ പശുവും നായ്‌ക്കളും കാക്കകളും എത്തുന്നതും നഗരത്തിലെ പതിവ്‌ കാഴ്‌ചയായിരുന്നു. മൂക്കുപൊത്താതെ തെരുവിലൂടെ നടക്കുക അസാധ്യവുമായിരുന്നു. അതെല്ലാം പഴങ്കഥയായി. നഗരത്തെ ഹരിത സുന്ദരമാക്കാൻ എൽഡിഎഫ്‌ നേതൃത്വത്തിലുള്ള കോർപറേഷൻ വർഷങ്ങൾക്ക്‌ മുന്നേ പുതിയ പദ്ധതിയുമായി രംഗത്തെത്തിയതോടെ, നാടാകെ  സഹകരിച്ചു.  ഇതോടെയാണ്‌ മാലിന്യം തെരുവിൽ വലിച്ചെറിയുന്ന രീതി  ഇല്ലാതായത്‌. ഉറവിട മാലിന്യ സംസ്‌കരണത്തിന്‌  ബയോബിനുകൾ വിതരണം ചെയ്യുന്നത്‌ വർഷങ്ങൾക്ക്‌ മുമ്പുതന്നെ  കോർപറേഷൻ ആരംഭിച്ചിരുന്നു. ഇക്കുറി കോർപറേഷൻ ബജറ്റിൽ മുഴുവൻ വീടുകളിലും ബയോബിന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതി വിഭാവനം ചെയ്‌തിട്ടുണ്ട്‌.  86,604 വീടുകളിൽനിന്നും 15,000 സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കും.  ശുചിത്വ മിഷന്റെയും കേരള സർക്കാരിന്റെയും നിർദേശപ്രകാരം മാലിന്യശേഖരണം ഉറപ്പുവരുത്തുന്നതിന്‌ ക്യൂ ആർ കോഡ്‌ പതിക്കൽ ആരംഭിച്ചിട്ടുണ്ട്‌. ഹരിതസുന്ദര നഗര ലക്ഷ്യത്തിനായി 241 കോടി രൂപയുടെ പദ്ധതി  ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക്‌ ഓർഗാനിക്‌  വേസ്റ്റ്‌ കൺവർട്ടർ മൂന്ന്‌ സ്ഥലത്ത്‌ സ്ഥാപിക്കും. ഉറവിടത്തിൽതന്നെ മാലിന്യം വേർതിരിച്ച്‌ പുനർനിർമിക്കുന്ന പദ്ധതി കാര്യക്ഷമമാക്കും. ശക്തൻനഗറിൽ വർഷങ്ങൾ പഴക്കംചെന്ന അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top