11 December Monday

ആളൊഴിഞ്ഞ്‌ പഴം-–പച്ചക്കറി വിപണി

സ്വന്തം ലേഖകൻUpdated: Friday Sep 15, 2023

തിരക്കൊഴിഞ്ഞ കുറ്റ്യാടി മാർക്കറ്റും പഴ മൊത്തക്കച്ചവട കേന്ദ്രവും

വടകര
നിപാ പശ്ചാത്തലത്തിൽ കച്ചവടം കുറഞ്ഞ് പഴം –-- പച്ചക്കറി വ്യാപാര മേഖല. മൊത്ത, ചില്ലറ വിപണിയിൽ രണ്ട് ദിവസംകൊണ്ട് പകുതിയിലേറെ ഇടിവുണ്ടായതായി വ്യാപാരികൾ പറഞ്ഞു. കോവിഡ് കാലത്തിന്‌ ശേഷം കച്ചവടം പച്ചപിടിക്കുന്നതിനിടെയാണ്  ഇടിത്തീ പോലെ നിപാ എത്തിയത്‌. 
കുറ്റ്യാടി ടൗണിൽ പഴം വിപണിയിൽ കച്ചവടം കുറഞ്ഞു. കിലോ 60 രൂപ‌ക്ക്‌ വിറ്റ നേന്ത്രപ്പഴം വ്യാഴാഴ്‌ച 40 രൂപ‌ക്കാണ്‌ വിറ്റത്‌. മേട്ടുപ്പാളയത്തുനിന്നാണ്‌ പ്രധാനമായും പഴം എത്തിയിരുന്നത്‌. രണ്ടു ദിവസങ്ങൾക്ക്‌ മുമ്പ്‌ എത്തിയ ടൺ കണക്കിന്‌ പഴം പുകയിൽ പഴുപ്പിച്ച്‌ വിൽപ്പനയ്‌ക്ക്‌ തയ്യാറാക്കിയിരുന്നു. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ ഇവയുടെ വിൽപ്പന നിലച്ചു. ആയഞ്ചേരി, വില്യാപ്പള്ളി, തിരുവള്ളൂർ ഭാഗങ്ങളിലെ ചെറുകിട കച്ചവടക്കാർ എത്താത്തതാണ്‌ പ്രതിസന്ധിയായത്‌. അടച്ചുപൂട്ടൽ നീണ്ടാൽ കിട്ടുന്ന വിലയ്‌ക്ക്‌ പഴം വിൽക്കേണ്ടിവരുമെന്ന്‌ മൊത്തക്കച്ചവട വ്യാപാരി ഇബ്രാഹിം പറഞ്ഞു. 
കപ്പ വിപണിയെയും പ്രതിസന്ധി ബാധിച്ചു. കർണാടകയിൽനിന്ന്‌ ദിവസേന ഒന്നര ടൺ കപ്പ എത്തിയിരുന്നത്‌ 300 കിലോഗ്രാമാക്കി ചുരുക്കിയതായി കച്ചവടക്കാരൻ ജമാൽ പറഞ്ഞു. ഇതുപോലും വിറ്റുപോകാത്ത അവസ്ഥയാണ്‌. 
പച്ചക്കറിയും പഴങ്ങളും സ്റ്റേഷനറി സാധനങ്ങളും മറ്റും വാങ്ങാൻ ആയഞ്ചേരി, വില്യാപ്പള്ളി മേഖലകളിലെ ചെറുകിട കച്ചവടക്കാർ വടകര മാർക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്. നിയന്ത്രിത മേഖലയിലെ വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ളവ ചടങ്ങ്‌ മാത്രമാക്കി ചുരുക്കിയതും കച്ചവടത്തെ സാരമായി ബാധിച്ചു. വടകരയിലെ മൊത്ത വിപണിയിൽ പുറത്തുനിന്നും  പച്ചക്കറി ഉൾപ്പെടെ വരുന്നതിന്‌ തടസ്സമില്ല. എന്നാൽ കച്ചവടം കുറവായതിനാൽ സാധനങ്ങൾ എത്തിക്കാൻ കച്ചവടക്കാർ തയ്യാറാവുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top