29 March Friday

മഞ്ഞളിപ്പ്: കമുക്‌ നാടുനീങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
കൽപ്പറ്റ
മഞ്ഞളിപ്പ് രോഗത്തിൽ ജില്ലയിലെ അവശേഷിക്കുന്ന കമുക്‌ കൃഷിയും നശിക്കുന്നു. വർഷങ്ങളായുള്ള രോഗബാധ നിയന്ത്രണ വിധേയമാകാതെ വ്യാപിക്കുകയാണ്‌.  ഹെക്ടർ കണക്കിന്‌ കൃഷിയാണ്‌ ഇതിനകം നശിച്ചത്‌.  തോട്ടങ്ങൾ പലതും തരിശായി.  കൃഷി നഷ്ടമായതോടെ കമുക്‌ മുറിച്ചുമാറ്റി മറ്റുകൃഷികൾ ആരംഭിച്ചവരും നിരവധിയാണ്‌.  കാപ്പി ഉൾപ്പെടെയുള്ള വിളകളാണ്‌ നടുന്നത്‌. 
ഇപ്പോൾ  അടക്ക പിടിക്കുന്ന സമയത്താണ്‌ മഞ്ഞളിപ്പ്‌ പടരുന്നത്‌. രോഗം ബാധിക്കുന്ന കമുകുകൾ പൂർണമായും നശിക്കും. തോട്ടത്തിൽ ഒന്നിന്‌ വന്നാൽ അതിവേഗം പടരും.   കഴിഞ്ഞ സീസണിൽ അടക്കയ്ക്ക്  ഉയർന്ന വിലയുണ്ടായിരുന്നെങ്കിലും രോഗബാധയിൽ ഉൽപ്പാദനം കുറവായിരുന്നു. അതിനാൽ വിലയുടെ  പ്രയോജനം കർഷകർക്ക് ലഭിച്ചില്ല.  പാട്ടത്തിനെടുത്തവർക്കും വലിയ  തിരിച്ചടിനേരിട്ടു.  പട്ടകൾ മഞ്ഞനിറത്തിലാവുന്നതാണ് രോഗലക്ഷണം. പൂവും കായും കൊഴിഞ്ഞുതീരും.   മരുന്നുകൾ ഫലപ്രദമാകുന്നില്ല. മേൽമണ്ണിലെ മൂലകങ്ങളുടെ കുറവും ലവണാംശത്തിലുണ്ടാകുന്ന വ്യത്യാസവുമാണ് മഞ്ഞളിപ്പിന് കാരണമായി കൃഷിവകുപ്പധികൃതർ പറയുന്നത്. രണ്ടും മൂന്നും തവണ മരുന്നടിച്ചാലും  രോഗം മാറുന്നില്ലെന്നതാണ്‌ കർഷകരുടെ അനുഭവം. ഒരുസീസൺ അതിജീവിക്കുന്ന മരം അടുത്ത തവണയാകുമ്പോഴേക്കും നശിക്കും. മഞ്ഞളിപ്പ്‌ ബാധിച്ച്‌  നാശോന്മുഖമായ തോട്ടങ്ങൾ ജില്ലയിൽ നിരവധിയാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top