27 April Saturday
പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

വയോധികയെ കൊലപ്പെടുത്തി സ്വർണം കവർന്നു

സ്വന്തം ലേഖകൻUpdated: Saturday Jan 15, 2022
കോവളം
വിഴിഞ്ഞം മുല്ലൂരിൽ വൃദ്ധയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന മൂന്നുപേർ പിടിയിൽ. അയൽവാസികളായ റഫീഖ  ബീവി, ഇവരുടെ മകൻ ഷെഫീഖ്‌, അൽ അമീൻ എന്നിവരെയാണ് പൊലീസ്‌ പിടികൂടിയത്. കോഴിക്കോട്ടേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്‌ ഇവർ പിടിയിലായത്. 
എഴുപത്തിയൊന്നുകാരിയായ ശാന്തകുമാരിയാണ്‌ കൊല്ലപ്പെട്ടത്‌. ഇവരെ പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക്‌ വിളിച്ചുവരുത്തി ഷാൾ കഴുത്തിൽ മുറുക്കിയശേഷം ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ വിഴിഞ്ഞം പൊലീസ്‌ പറഞ്ഞു. 
വെള്ളി രാത്രിയാണ്‌ ശാന്തകുമാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. വീട്ടുടമയുടെ മകൻ ഇവിടെയെത്തിയപ്പോൾ തട്ടിൻ പുറത്തുനിന്ന് രക്തം വാർന്ന് ഒഴുകുന്നതും സ്‌ത്രീയുടെ കാലും ശ്രദ്ധയിൽപ്പെടുകയായിരുന്നു. വീട്ടുടമ പൊലീസിൽ അറിയിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ ബീവിയാണ് മരിച്ചതെന്നാണ്‌ ആദ്യം കരുതിയത്‌. ഇതിനിടെയാണ് ശാന്തകുമാരിയെ കാണാനില്ലെന്ന വിവരമെത്തിയത്. ഇതോടെ ദുരൂഹതയേറി. കമീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തി ശാന്തകുമാരിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായും കണ്ടെത്തി. 
വീട്ടിൽ വാടകയ്ക്കുതാമസിച്ചിരുന്നവർ കോഴിക്കോട്ടേക്കുള്ള സ്വകാര്യബസിൽ കയറിയതായി വിവരം ലഭിച്ചു. രാത്രി 10.30 ഓടെ കഴക്കൂട്ടത്തുവച്ച്  വാഹനം തടഞ്ഞ്‌ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ശാന്തകുമാരിയുടെ വസ്ത്രങ്ങൾ വീടിനുമുന്നിലിട്ട് കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രതികൾ കൈക്കലാക്കിയ ആഭരണങ്ങളുടെ കുറച്ചുഭാഗം വിഴിഞ്ഞത്തെ സ്വകാര്യ സ്ഥാപനത്തിൽ പണയംവച്ചതായും കണ്ടെത്തി.
കൊലപാതകം നടന്ന്‌ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ്‌ പൊലീസ്‌. 
 
പ്രതികൾ വാടകവീട് എടുത്തത്  ഒരുമാസംമുമ്പ്
കോവളം
ശാന്തകുമാരിയുടെ മൃതദേഹം പ്രതികൾ ഒളിപ്പിച്ചത്‌ വീടിന്റെ തട്ടിന്‌ മുകളിൽ. 
മൃതദേഹത്തിന്‌ സമീപം ചുറ്റികയുമുണ്ടായിരുന്നു. ഒരുമാസം മുമ്പാണ്‌ റഫീഖാ ബീവിയും മകൻ ഷഫീഖും അൽ അമീനും വീട്‌ വാടകയ്‌ക്ക്‌ എടുത്തത്‌. ഒരാൾ മകനാണെന്നും മറ്റെയാൾ സഹോദരന്റെ പുത്രനാണെന്നും വീട്ടുടമയോട് പറഞ്ഞു. 
കോവളത്ത് ഹോട്ടൽ ജീവനക്കാരനായ മകൻ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നില്ല. റഫീഖ ബീവിയും അൽ അമീനും തമ്മിൽ ഒരാഴ്ചമുമ്പ്‌  വഴക്കുണ്ടായതായി അയൽവാസികൾ പറഞ്ഞു. വാതിലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. തുടർന്ന് വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടു. 
വെള്ളിയാഴ്ച വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, താക്കോൽ നൽകിയിരുന്നില്ല. വീട്ടുടമയുടെ മകൻ താക്കോൽ വാങ്ങാനെത്തിയപ്പോഴാണ്‌ സംഭവം ശ്രദ്ധയിൽപ്പെട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top