20 April Saturday

പട്ടികജാതി ക്ഷേമത്തിന്‌ *50 കോടിയുടെ പദ്ധതി

സ്വന്തം ലേഖകൻUpdated: Saturday Jan 15, 2022

മഞ്ചേരി
പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പട്ടികജാതി വികസന വകുപ്പ് ജില്ലയിൽ നടപ്പാക്കിയത് 50 കോടി രൂപയുടെ പദ്ധതികൾ. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേം, ഇൻഷൂറൻസ്, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പദ്ധതികളാണ്‌ നടപ്പാക്കിയത്‌. പഠനോപകരണങ്ങൾ വാങ്ങാനും ഗ്രാന്റ്–- സ്‌റ്റൈപ്പന്റ് ഇനത്തിലുമാണ് കൂടുതൽ തുക വിനിയോഗിച്ചതെന്ന്‌ ജില്ലാ പട്ടികജാതി വികസന ഓഫീസർ എം എസ് സുനിൽ പറഞ്ഞു.


292 പേർക്ക് ഭൂമി
ഭൂരഹിത കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സ്ഥലത്തിന്‌ 11.43 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണംചെയ്തത്. ഈ വർഷം 292 പേർക്ക് ഭൂമി വാങ്ങിച്ചുനൽകലാണ് ലക്ഷ്യം. ലൈഫ് ഗുണഭോക്താക്കളായ 148 പേർക്ക് ഇതിനകം ഭൂമി നൽകി. പഞ്ചായത്ത് പരിധിയിൽ അഞ്ച് സെന്റിന് 3.75 ലക്ഷം രൂപയും നഗരസഭയിൽ മൂന്ന് സെന്റിന് 4.50 ലക്ഷം രൂപയുമാണ് ധനസഹായം. മാർച്ചിൽ വിതരണം പൂർത്തിയാക്കും.
പല കാരണങ്ങളാൽ വീട് പൂർത്തീകരിക്കാൻ കഴിയാതെവന്ന 450 പേർക്ക്  ഒന്നരലക്ഷം രൂപവീതം സഹായം നൽകി. ഏഴുകോടി രൂപ ഇതിനായി അനുവദിച്ചു.


500 പഠനമുറികൂടി
വീടിനോടുചേർന്ന് പുതിയൊരു മുറി നിർമിച്ച് പഠനസാമഗ്രികൾ ഒരുക്കുന്ന പദ്ധതിയിൽ ഈ വർഷം 500 പഠനമുറികൾകൂടി പൂർത്തിയാക്കും. മൂന്ന് വർഷത്തിനിടെ 2000 പഠനമുറി പണിതുനൽകി. രണ്ടുലക്ഷം രൂപയാണ് ധനസഹായം. പത്ത് കോടി രൂപ സർക്കാർ അനുവദിച്ചു. ഈ വർഷം ഇതുവരെ 334 പഠന മുറികൾ പൂർത്തിയാക്കി. സർക്കാർ, എയ്ഡഡ്, സ്‌പെഷൽ സ്‌കൂളുകളിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കാണ് ആനുകൂല്യം.


വാത്സല്യനിധി 1904
1904 കുഞ്ഞുങ്ങൾക്ക് വാത്സല്യനിധി ഇൻഷുറൻസ് പദ്ധതി യാഥാർഥ്യമാക്കി. 18 വയസ്‌ വരെയുള്ള പെൺകുട്ടികൾക്ക് മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യം ലഭ്യമാക്കുന്നതാണ് എൽഐസിയുമായി ചേർന്നുള്ള പദ്ധതി. 18 വയസ്‌ പൂർത്തിയാകുന്നതോടെ ഉന്നത വിദ്യാഭ്യാസത്തിനുമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കുട്ടിക്ക് തുക ലഭിക്കും. രക്ഷിതാക്കളുടെ മരണം, അപകടം, കുട്ടിയുടെ ചികിത്സ എന്നീ സാഹചര്യങ്ങളിലും പരിരക്ഷ ലഭിക്കും.
5838 പട്ടികജാതി വിദ്യാർഥികൾക്കും ജനറൽ, ഒബിസി വിഭാഗത്തിലായി 8000 പേർക്കും വിദ്യഭ്യാസത്തിനുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു. മിശ്ര വിവാഹിതരായ 44 ദമ്പതിമാർക്ക് സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും 75,000 രൂപവീതം നൽകി. വിവാഹ ധനസഹായമായി 736 പേർക്കും 75,000 രൂപവീതം അനുവദിച്ചു. 583 പേർക്ക് തുക കൈമാറി. ഏക വരുമാനദായകർ മരണപ്പെട്ട് ദുരിതത്തിലായ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതവും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top