20 April Saturday
റേഷന്‍ കടകള്‍ വഴി നിത്യോപയോഗ സാധനങ്ങളും

റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കൽപ്പറ്റയിൽ നടന്ന റേഷൻ അദാലത്തിൽ മന്ത്രി ജി ആർ അനിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നു

കൽപ്പറ്റ
സംസ്ഥാനത്തെ റേഷൻ വിതരണ കേന്ദ്രങ്ങൾ ആധുനികവൽക്കരിക്കുമെന്ന്   മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു.  ജില്ലാ ആസൂത്രണ ഭവൻ എപിജെ ഹാളിൽ റേഷൻ കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
     ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ റേഷൻ കടകളുടെ രൂപത്തിലും പ്രവർത്തനങ്ങളിലും മാറ്റം വരേണ്ടതുണ്ട്. ആദ്യപടിയായി മാർച്ച്–-ഏപ്രിൽ മാസത്തോടെ ഗ്രാമീണ മേഖലയിലെ ആയിരം റേഷൻകടകൾ  വഴി റേഷൻ സാധനങ്ങൾക്ക് പുറമെ സബ്‌സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ഉൽപ്പന്നങ്ങളും വിതരണം ചെയ്തു തുടങ്ങും.  ചെറിയ ബാങ്കിങ്‌ സേവനങ്ങളും ഇത്തരം കേന്ദ്രങ്ങളിൽ സാധ്യമാക്കും.  സപ്ലൈകോ, ബാങ്കുകൾ എന്നിവരുമായി ഇക്കാര്യങ്ങളിൽ ചർച്ചകൾ നടത്തി വരികയാണ്.  ഘട്ടം ഘട്ടമായി റേഷൻ കടകൾ ആധുനികവൽക്കരിക്കു ന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് റേഷൻ വ്യാപാരികൾക്ക് ആവശ്യമായ പിന്തുണ സർക്കാർ നൽകും. റേഷൻ വിതരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ പരിശ്രമങ്ങളുമായി സർക്കാർ  മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.  
   സംസ്ഥാനത്തെ മുഴുവൻ പേർക്കും റേഷൻ സാധനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.  വാടക വീട്ടിൽ താമസിക്കുന്നവർക്കും പുറമ്പോക്കിൽ താമസിക്കുന്നവർക്കും സ്വന്തം സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആധാർ ലിങ്ക് ചെയ്ത് റേഷൻ കാർഡുകൾ അനുവദിക്കും. വിദൂര സ്ഥലങ്ങളിലുള്ള ആദിവാസി ഊരുകളിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനുള്ള സഞ്ചരിക്കുന്ന റേഷൻകട സംവിധാനം കൂടുതൽ കോളനികളിലേക്ക് വ്യാപിപ്പിക്കും. 
ഫയൽ അദാലത്ത്‌ 
റേഷൻ കടകളുമായി ബന്ധപ്പെട്ട്‌ ഫയൽ അദാലത്ത്‌ നടത്തി. മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ 6,377 മുൻഗണന കാർഡുകൾ വിതരണം ചെയ്‌തതായി മന്ത്രി പറഞ്ഞു. 
  അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരുന്ന 2013 കാർഡുകൾ ഇക്കാലയളവിൽ പൊതുവിഭാഗത്തിലേക്ക് മാറ്റി. താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻകടകളുമായി ബന്ധപ്പെട്ട കേസുകളിൽ അദാലത്തിലൂടെ 14 എണ്ണത്തിൽ തീർപ്പുണ്ടാക്കി. അദാലത്തിൽ റേഷനിങ്‌ കൺട്രോളർ എസ്‌ കെ ശ്രീലത, ഉത്തരമേഖലാ റേഷനിങ്‌ ഡെപ്യൂട്ടി കൺട്രോളർ കെ  മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ പി എ  സജീവ്‌ എന്നിവരും താ ലൂക്ക് സപ്ലൈ ഓഫീസർമാരും പങ്കെടുത്തു. 
  മട്ട അരി വിതരണം 
ഫ്രെബ്രുവരി മുതൽ
ജില്ലയിൽ മട്ട അരി (സിഎംആർ) റേഷൻകട വഴി ഫെബുവരി മുതൽ നൽകും.  റേഷൻ കടവഴി മട്ട അരി വിതരണം ചെയ്യണമെന്ന പൊതു ആവശ്യം അംഗീകരിച്ചാണ്‌  അരി വിതരണമെന്ന്‌   മന്ത്രി ജി ആർ അനിൽ പറഞ്ഞു.  മുൻഗണനേതര വിഭാഗത്തിൽപ്പെട്ടവർക്ക് (പച്ചയും നീലയും കാർഡുകൾ) കൂടുതൽ പച്ചരി വേണമെന്ന ആവശ്യത്തിലും നടപടിയുണ്ടാകും. കിട്ടുന്ന അരിയിൽ പരമാവധി 50 ശതമാനം പച്ചരിയായി വാങ്ങുന്നതിനുള്ള  ക്രമീകരണങ്ങൾ  ഏർപ്പെടുത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top