23 April Tuesday
ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ്‌

അണിചേരും അരലക്ഷം യുവത

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022
മലപ്പുറം
എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാവുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി 15ന് സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിൽ അരലക്ഷം യുവജനങ്ങൾ ഒത്തുചേരും. പകൽ മൂന്നിന്‌ മലപ്പുറം കിഴക്കേതലയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനംചെയ്യും. 
സ്വാതന്ത്ര്യ ദിനത്തിൽ കേവലം ആഘോഷങ്ങൾക്കപ്പുറം നിലയ്ക്കാത്ത ചില ചോദ്യങ്ങളുമായാണ്‌ ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന്‌ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാൻ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽഎ, എംഎൽഎമാരായ പി നന്ദകുമാർ, പി വി അൻവർ, കെ ടി ജലീൽ, ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി ശ്രീരാമകൃഷ്‌ണൻ, കെ പി രാമനുണ്ണി, മണമ്പൂർ രാജൻ ബാബു, നിലമ്പൂർ ആയിഷ എന്നിവർ സംസാരിക്കും. 
ജില്ലയിലെ 2242 യൂണിറ്റുകളിൽനിന്ന് പ്രവർത്തകർ ഫ്രീഡം സ്ട്രീറ്റിൽ പങ്കാളിയാവും. പരിപാടിയുടെ ഭാഗമായി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടയോട്ടം, സൈക്കിൾ റാലി, ബൈക്ക് റാലി, യൂത്ത് വാക്ക് എന്നിവയും യൂണിറ്റുകളിൽ യുവസഭയും സംഘടിപ്പിച്ചു. യൂണിറ്റുകളിൽ ഞായറാഴ്‌ച പന്തംകൊളുത്തി വിളംബര ജാഥ സംഘടിപ്പിക്കും.
യുവജന റാലി അഞ്ച്‌ കേന്ദ്രങ്ങളിൽനിന്നായി പ്രകടനമായി പരിപാടി നടക്കുന്ന കിഴക്കേത്തലയിൽ എത്തും. മൂന്നാംപടി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരം, എംഎസ്‌പി സ്കൂൾ പരിസരം, മച്ചിങ്ങൽ ബൈപാസ് പരിസരം, വലിയങ്ങാടി, നൂറാടി എന്നീ കേന്ദ്രങ്ങളിൽനിന്ന് പ്രകടനം തുടങ്ങും. കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെയും ജനദ്രോഹനയങ്ങൾക്കെതിരെയും വർഗീയതക്കെതിരെയും നടത്തുന്ന ഫ്രീഡം സ്ട്രീറ്റിൽ ജില്ലയിലെ മുഴുവൻ പേരും പങ്കാളികളാവണമെന്ന്‌ ശ്യാം പ്രസാദ്‌ പറഞ്ഞു. ജില്ലാ ട്രഷറർ പി മുനീർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ എം ഷഫീഖ്, സി ഇല്യാസ്, ജില്ലാ കമ്മിറ്റി അംഗം വി വൈ ഹരികൃഷ്ണപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top