12 July Saturday
സ്വാതന്ത്ര്യദിന സുരക്ഷാ പരിശോധന

196 പിടികിട്ടാപ്പുള്ളികൾ വലയിൽ

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022
മലപ്പുറം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ സുരക്ഷാ പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനക്കാരും പിടികിട്ടാപ്പുള്ളികളും പൊലീസ് പിടിയിൽ. ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്ത്‌ ദാസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ ഒറ്റദിവസംമാത്രം 530 കേസെടുത്തു. വെള്ളി രാവിലെ തുടങ്ങിയ പരിശോധന ശനി രാവിലെവരെ നീണ്ടു. 32 ഗ്രാം എംഡിഎംഎയുമായി കിഴിശേരി കളത്തിങ്ങൽ അനൂപ്, രാമനാട്ടുകര കുറ്റുളങ്ങാടി മേലെപള്ളിക്കത്തൊടി സജിത്ത് എന്നിവരെ അരീക്കോട് പൊലീസും 20 ഗ്രാം എംഡിഎംഎയുമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിനു മുൻവശത്തുനിന്ന്‌ പാങ്ങ്‌ തൈരനിൽ അബ്ദുൾ വാഹിദ്, നിലമ്പൂർ സ്റ്റേഷനിൽ 240 ഗ്രാം കഞ്ചാവുമായി എടവണ്ണ പക്കോട്ടിൽ മുസ്തഫ, വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ 1.64 ഗ്രാം ഹെറോയിൻ സഹിതം മറ്റൊരാളും പിടിയിലായി. കോട്ടക്കലിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപോയ കോഴിക്കോട് പാലേരി കാപ്പുമലയിൽ അൻവർ (43) പിടിയിലായി.   
മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് 89 കേസിൽ 90 പേരെ അറസ്റ്റുചെയ്തു. വിവിധ കേസുകളിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കോടതിയിൽ ഹാജരാകാതെ ഒളിവിൽ താമസിച്ചിരുന്ന 77 പ്രതികളും ജാമ്യമില്ലാ വാറന്റിൽ പിടികിട്ടാനുണ്ടായിരുന്ന 119 പ്രതികളും ഉൾപ്പെടെ 196 പേർ അറസ്റ്റിലായി. കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ 8.7 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. 
തിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്‌റ്റർചെയ്‌തിരുന്ന കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെയും മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ റബർ ഷീറ്റ് മോഷണത്തിൽ ഉൾപ്പെട്ട രണ്ടുപേരെയും പ്രത്യേക പരിശോധനയിൽ പിടികൂടി. 2701 വാഹനങ്ങൾ പരിശോധിച്ചതിൽ 6,49,750  രൂപ പിഴ ഈടാക്കി. നിരോധിക്കപ്പെട്ട ഒറ്റ നമ്പർ ലോട്ടറി വിൽപ്പനക്കെതിരെ 20 കേസുകളുമെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്ത്‌ദാസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top