26 April Friday

കോൾനിലങ്ങളിൽ ‘കോള’ടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

പൊന്നാനി കോൾമേഖലയിൽ കാണുന്ന ചേരകൊക്ക് 
 ഫോട്ടോ / കെ ഷെമീർ

ശുദ്ധജലത്തിന്റെ അഭാവമാണ്‌  പൊന്നാനി കോൾനിലങ്ങളിൽ കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം. സമുദ്രനിരപ്പിൽനിന്ന്‌ അരമുതൽ ഒരുമീറ്റർവരെ താഴ്‌ന്നതാണ്‌ ഈ പ്രദേശം. നല്ല വെള്ളംകെട്ടിനിൽക്കുന്ന സ്ഥലം. എന്നാൽ, കൃഷി ആരംഭിച്ചാൽ ആവശ്യമായ വെള്ളം പലപ്പോഴും ലഭിക്കാറില്ല. തൊട്ടടുത്ത തൃശൂർ കോൾനിലങ്ങളിൽ പീച്ചി, ചിമ്മിനി ഡാമുകളിൽനിന്ന്‌  വെള്ളം കിട്ടുന്നുണ്ട്‌. സമാനമായി പുറത്തുനിന്ന്‌ വെള്ളം എത്തിക്കണമെന്ന കർഷകരുടെ ആവശ്യം സഫലമാകുകയാണ്‌ -ഭാരതപ്പുഴ –-ബിയ്യം കായൽ ലിങ്ക്‌ കനാൽ പദ്ധതിയിലൂടെ. 

  പൊന്നാനി കോളിൽ നൂറടി തോടിനെയാണ്‌ കർഷകർ  ആശ്രയിക്കുന്നത്‌. തൃശൂർ വെട്ടിക്കടവ്‌ മുതൽ ബിയ്യംകായൽവരെ നീളുന്നതാണ്‌ ഇത്‌. പുഞ്ചകൃഷിയിറക്കുന്ന ജനുവരിയാകുമ്പോഴേക്കും നൂറടി തോട്ടിൽ നീരൊഴുക്ക്‌ കുറയും. അതോടെ കൃഷിയും ഉണങ്ങും. നേരത്തെ, കൃഷിചെയ്യാതെകിടന്ന പാടങ്ങളിൽ വെള്ളം സംഭരിക്കാറുണ്ട്‌.  തരിശിട്ട നിലങ്ങളില്‍ കൃഷി  പുനരാരംഭിച്ചതോടെ ജലസംഭരണം ഇല്ലാതായി.  1500 ഹെക്ടറിൽ കൃഷി പുനരാരംഭിച്ചതോടെ വെള്ളത്തിന്റെ ആവശ്യംകൂടി. നൂറ്‌ അടിയുണ്ടായിരുന്ന തോടിന്റെ വീതി അമ്പതായി കുറഞ്ഞതും വിനയായി. ഇതിന്‌ പരിഹാരമാണ്‌ ഭാരതപ്പുഴ –-ബിയ്യംകായൽ ലിങ്ക്‌ കനാൽ പദ്ധതി. 
 
ഭാരതപ്പുഴ –-ബിയ്യംകായൽ 
ലിങ്ക്‌ കനാൽ പദ്ധതി
 
 ചമ്രവട്ടം റഗുലേറ്ററിന്‌ മേൽഭാഗത്തെ പഴയ കടവിൽനിന്ന്‌ ശുദ്ധജലം ബിയ്യം കായലിൽ എത്തിക്കുന്നതാണ്‌ പദ്ധതി.  ചമ്രവട്ടത്തുനിന്ന്‌ 1300 മീറ്റർ കൂറ്റൻ പൈപ്പ്‌ വഴി വെള്ളം ബിയ്യം കായലുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന  ചെറുതോടിലേക്കൊഴുക്കും. അതോടെ ബിയ്യം ഏത്‌ സമയത്തും ജലസമൃദ്ധമാകും. നൂറടി തോടിലൂടെ കോൾനിലങ്ങളിലും വെള്ളം ലഭിക്കും. ചെറുതോടിലെത്തുന്ന ജലത്തെ  കാലടി പഞ്ചായത്തിലെ വലിയ തോടിലേക്കും കടത്തിവിടാം. വേനലിൽ തവനൂർ, കാലടി പഞ്ചായത്തുകളിലെ കൃഷിക്കും വെള്ളം കിട്ടും.  പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.  
 
  23.5 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന  പദ്ധതി റീബിൽഡ്‌ കേരള ഇനിഷ്യേറ്റീവിൽ (ആർകെഐ) ഉൾപ്പെടുത്തിയാണ്‌ നടപ്പാക്കുക. ഇതിന്റെ അന്തിമ പരിശോധനയിലാണ്‌  ആർകെഐ. മേജർ ഇറിഗേഷൻ വകുപ്പാണ്‌ പദ്ധതി തയ്യാറാക്കിയത്‌.
  എംഎൽഎയായിരുന്ന  പി  ശ്രീരാമകൃഷ്‌ണന്റെ ശ്രമഫലമായാണ്‌ പ്രാഥമിക നടപടി ആരംഭിച്ചത്‌. നിലവിലെ എംഎൽഎ പി നന്ദകുമാറിന്റെ  സജീവ ഇടപെടലോടെ  പദ്ധതിക്ക്‌ ജീവൻവച്ചു. നിരവധി തവണ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു.  പൊന്നാനി കോൾനിലങ്ങൾ പഴയ കോൾനിലമല്ല. പ്രതീക്ഷിച്ചതിലേറെ കിട്ടുന്നതിനെ വിശേഷിപ്പിക്കുന്ന നാടൻ പ്രയോഗമാണ്‌ ‘കോള’ടിച്ചു എന്നത്‌. അതെ, പൊന്നാനിയിലെ നെൽകർഷകർക്ക്‌  ‘കോളി’ന്റെ കാലമാണ്‌. 
 
ദേശാടനപക്ഷികൾ,
തുമ്പികൾ, അപൂർവസസ്യങ്ങൾ 
 
അത്യപൂർവ ജൈവവൈവിധ്യകേന്ദ്രംകൂടിയാണ്‌ പൊന്നാനി കോൾ. ദേശാടനപക്ഷികൾ ഏറെ എത്തുന്ന ഇടം. വിവിധയിനം  സസ്യങ്ങൾ, മത്സ്യങ്ങൾ, പൂമ്പാറ്റകൾ, ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട്, എരണ്ട, പാമ്പ്, കീരി, നീർനായ, നാടൻ പൂക്കൾ എന്നിവയുമുണ്ട്‌.
 
തൃശൂർ, മലപ്പുറം ജില്ലകളിലെ കോൾനിലങ്ങളിൽ 44 ഇനം തുമ്പികളെ  അടുത്തിടെ പഠനത്തിൽ കണ്ടെത്തി.  ഇവയിൽ 30 ഇനം കല്ലൻ തുമ്പികളും 14 ഇനം സൂചി തുമ്പികളുമാണ്‌. ‘ജേണൽ ഓഫ്‌ ത്രെറ്റൻഡ്‌ ടാക്‌സ’ എന്ന  ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞരണിപ്പുഴ, മാറഞ്ചേരി, ഉപ്പുങ്ങൽ എന്നിവിടങ്ങിലാണ്‌ കൂടുതൽ ദേശാടനപക്ഷികളെ കാണുന്നതെന്ന്‌ മലപ്പുറം ബേഡേഴ്‌സ്‌ കോ ഓർഡിനേറ്റർ നസ്‌റു തിരൂർ  പറഞ്ഞു. യൂറോപ്പിൽനിന്നുള്ള  ഡോറിയൻ സ്‌റ്റാർലിങ്‌, വൈറ്റ്‌ സ്‌റ്റോർക്ക്‌, സ്പൂൺബിൽ തുടങ്ങിയ പക്ഷികളെയും ഇവിടെ കണ്ടെത്തി.
 
വീണ്ടും കൃഷിയുടെ 
നല്ലകാലം
 
ലിങ്ക്‌ കനാൽ പദ്ധതിയിൽ വലിയ പ്രതീക്ഷയുണ്ട്‌. വർഷങ്ങളായുള്ള  ആവശ്യമാണിത്‌. നേരത്തെ കൃഷി ഉപേക്ഷിച്ചിരുന്നവര്‍ ഈ മേഖലയിലെ  വികസനങ്ങൾ കാരണം തിരിച്ചെത്തി.  കൃഷിയുടെ വിസ്‌തൃതിയും ഉൽപ്പാദനവുംകൂടി.  ആവശ്യത്തിന്‌ വെള്ളം ലഭിക്കാത്തത്‌ തിരിച്ചടിയാണ്‌. അതുകൂടി പരിഹരിച്ചാൽ കർഷകർ ഹാപ്പി
 
ഇ അബ്‌ദുൾ ലത്തീഫ്‌
പ്രസിഡന്റ്‌,  മടയിൽ കോൾ കൃഷി കമ്മിറ്റി. (സംസ്ഥാന കർഷക  
അവാർഡ്‌ ജേതാവ്‌)
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top