29 March Friday
കൊല്ലം തുറമുഖം എമിഗ്രേഷൻ ചെക്ക്‌ പോയിന്റ്‌

കേരള പൊലീസ്‌ റെഡി

സ്വന്തം ലേഖകൻUpdated: Saturday May 14, 2022
കൊല്ലം
കൊല്ലം തുറമുഖത്തെ എമിഗ്രേഷൻ ചെക്ക്‌ പോയിന്റായി (ഐസിപി)പ്രഖ്യാപിക്കാൻ കേന്ദ്ര പൊലീസിന്റെ അപര്യാപ്‌തതയാണ്‌ തടസ്സമെങ്കിൽ കേരള പൊലീസിനെ വിട്ടുനൽകാമെന്ന്‌ സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിന്‌ ഉറപ്പുനൽകി. തുറമുഖത്ത്‌ എമിഗ്രേഷൻ സൗകര്യത്തിനുള്ള ചില പ്രവൃത്തികൾ കേന്ദ്ര പൊലീസ്‌ സേനയാണ്‌ ചെയ്യേണ്ടത്‌. കേന്ദ്രം അനുമതി നൽകുകയാണെങ്കിൽ  ഇതേ സേവനം നിർവഹിക്കാൻ കേരള പൊലീസിനു കഴിയും. 
ഐസിപി പ്രഖ്യാപനം ഉടൻ യാഥാർഥ്യമാക്കുകയാണ്‌ സംസ്ഥാനസർക്കാർ ലക്ഷ്യം. സംസ്ഥാന ആഭ്യന്തര വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിക്ക്‌ കത്ത്‌ നൽകി. എല്ലാ സൗകര്യങ്ങളും പൂർത്തിയായ സാഹചര്യത്തിൽ എത്രയും വേഗം ഐസിപി യാഥാർഥ്യമാക്കണമെന്ന്‌ കത്തിൽ കേരളം വീണ്ടും ആവശ്യപ്പെട്ടു. കേന്ദ്ര ഷിപ്പിങ്‌ മന്ത്രാലയത്തോടും ആവശ്യം ആവർത്തിച്ചു. മുംബൈയിൽ ശനിയാഴ്‌ച നടക്കുന്ന ഇൻക്രഡിബിൾ ഇന്ത്യ അന്താരാഷ്ട്ര ക്രൂയിസ്‌ കോൺഫറൻസിൽ കേരള മാരിടൈം ബോർഡ്‌ ചെയർമാൻ പങ്കെടുക്കുന്നുണ്ട്‌. യോഗത്തിൽ ആഭ്യന്തര മന്ത്രാലയം, ഷിപ്പിങ്‌ മന്ത്രാലയം, ബ്യൂറോ ഓഫ്‌ എമിഗ്രേഷൻ എന്നിവിടങ്ങളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. 
കൊല്ലം തുറമുഖത്തിന്റെ ഐസിപി പ്രഖ്യാപനം ഇവരോട്‌ നേരിൽ ആവശ്യപ്പെടുമെന്നും കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള ദേശാഭിമാനിയോട്‌ പറഞ്ഞു.
കൊച്ചി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും ആഴമേറിയ തുറമുഖമാണ്‌ കൊല്ലം. ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും തുറമുഖത്ത്‌ സജ്ജമാണ്‌. പെയിന്റിങ്‌, ഇലക്‌ട്രിക്കൽ, ഫർണിച്ചർ പ്രവൃത്തികൾ  ഉൾപ്പെടെ പൂർത്തിയാക്കി. പാസഞ്ചർ ടെർമിനൽ നിർമിച്ചു. 20 കോടി രൂപ ചെലവിൽ 100മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലും വാർഫ്‌ നിർമിച്ചു. എങ്കിലും എമിഗ്രേഷൻ സൗകര്യമില്ലാത്തതിനാൽ യാത്ര, ചരക്ക്‌ കപ്പലുകൾക്ക്‌ വന്നുപോകാൻ കഴിയുന്നില്ല. കൊല്ലം എംപി  എൻ കെ പ്രേമചന്ദ്രൻ ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top