25 April Thursday

7.09 ലക്ഷം പാഠപുസ്‌തകമെത്തി; 
പരീക്ഷ കഴിഞ്ഞാൽ വിതരണം

സ്വന്തം ലേഖികUpdated: Tuesday Mar 14, 2023
പാലക്കാട്‌
ജില്ലയിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ വന്നുതുടങ്ങി. 7,09,960 പുസ്‌തകമാണ്‌ ഷൊർണൂർ ബുക്ക്‌ ഡിപ്പോയിൽ എത്തിയത്‌. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്കുള്ള പുസ്‌തകങ്ങളുണ്ട്‌. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ പുസ്‌തകങ്ങൾ വാർഷിക പരീക്ഷ കഴിഞ്ഞ്‌ പോകുമ്പോൾ വിദ്യാർഥികൾക്ക്‌  കൊടുത്തുവിടാനാണ്‌ ലക്ഷ്യമിടുന്നത്‌. പരീക്ഷ കഴിയുന്നതിന്‌ മുമ്പേ ബാക്കി പുസ്‌തകങ്ങൾകൂടി എത്തും. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ പാഠപുസ്‌തകങ്ങളും മറ്റ്‌ ക്ലാസുകളിലെ തമിഴ്‌, മലയാളം, ഇംഗ്ലീഷ്‌ ഭാഷാപുസ്‌തകങ്ങളുമാണ്‌ ഷൊർണൂർ ബുക്ക്‌ ഡിപ്പോയിലെത്തിയത്‌. 
ജില്ലയിൽ ആകെ 26.05 ലക്ഷം പുസ്‌തകങ്ങളാണ്‌ എല്ലാ ക്ലാസുകൾക്കുമായി ആവശ്യമുള്ളത്‌. ഇതിൽ 24.44 ലക്ഷം എണ്ണം സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലേക്കും ബാക്കി 1.61 ലക്ഷം പുസ്‌തകം അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലേക്കുമാണ്‌. ഏതാനും വർഷങ്ങളായി കുടുംബശ്രീയാണ്‌ പുസ്‌തകങ്ങൾ തരംതിരിച്ച്‌ ജില്ലയിലെ 236 സ്‌കൂൾ സൊസൈറ്റികളിൽ എത്തിക്കുന്നത്‌. സൊസൈറ്റികളിൽ നിന്നാണ്‌ സ്‌കൂളുകളിലേക്ക്‌ കൈമാറുന്നത്‌. 
കാക്കനാട്‌ കേരള ബുക്ക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയിലാണ്‌ സംസ്ഥാനത്തെ സ്‌കൂളുകൾക്ക്‌ ആവശ്യമായ പുസ്‌തകങ്ങൾ അച്ചടിക്കുന്നത്‌. ഇവ ഷൊർണൂർ ബുക്ക്‌ ഡിപ്പോയിലെത്തിക്കും.  
സാധരണ രണ്ട്‌ ഘട്ടങ്ങളിലായാണ്‌ സ്‌കൂൾ വിദ്യാർഥികൾക്ക്‌ പുസ്‌തകം നൽകുന്നത്‌. ആദ്യവാല്യം ജൂണിൽ സ്‌കൂൾ തുറക്കുമ്പോൾ എല്ലാവർക്കും ലഭിക്കും. രണ്ടാംവാല്യം ഡിസംബറിന്‌ മുന്നേ വിതരണം ചെയ്യും. വിദ്യാർഥികൾക്ക്‌ ബാഗിന്റെ ഭാരം കുറയ്‌ക്കാനാണ്‌ പുസ്‌തകങ്ങൾ വാല്യങ്ങളാക്കിയത്‌. പുസ്‌തകങ്ങൾക്കൊപ്പം യൂണിഫോമും നേരത്തേ തന്നെ നൽകുമെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയശേഷമാണ്‌ പുസ്‌തകം കൃത്യമായി വിദ്യാർഥികൾക്ക്‌ ലഭിക്കാൻ തുടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top