19 April Friday

ആഴക്കടലിൽ ജീവനായി പിടഞ്ഞ്‌ പോത്ത്‌; രക്ഷകരായി മത്സ്യത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കാട്ടുപോത്തിനെ രക്ഷിക്കുന്നു

കോഴിക്കോട്‌ 
എട്ട്‌ മണിക്കൂർ ആഴക്കടലിൽ ജീവനായി പിടഞ്ഞ്‌ പോത്ത്‌. മീൻപിടിത്തം നിർത്തിവച്ച്‌ രക്ഷാ പ്രവർത്തകരായി മത്സ്യത്തൊഴിലാളികൾ. വ്യാഴാഴ്‌ച നാട്‌ കേട്ട നന്മ നിറഞ്ഞ വാർത്തയാണിത്‌. 
അർധരാത്രി  കടലിൽ പ്രാണനായി പുളഞ്ഞ പോത്തിനെ കോതി നൈനാംവളപ്പിലെ മത്സ്യത്തൊഴിലാളികളാണ്‌ രക്ഷിച്ചത്‌. കോതി അഴിമുഖത്തുനിന്ന്‌ പുറപ്പെട്ട അറഫ സദ, സല റിസ എന്നീ ഫൈബർ വള്ളങ്ങളിലെ തൊഴിലാളികളാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.  കുറ്റിച്ചിറ സ്വദേശി എത്തി പോത്തിനെ കൊണ്ടുപോയി.
ബുധനാഴ്‌ച അർധ രാത്രി രണ്ടോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. മത്സ്യത്തൊഴിലാളികളായ എ ടി ഫിറോസ്‌, ടി പി പൂവാദ്‌, എ ടി സക്കീർ എന്നിവർ അറഫ സദ എന്ന ഫൈബർ വള്ളത്തിലാണ്‌ രാത്രി കടലിലെത്തിയത്‌. കരയിൽനിന്ന്‌ ഏകദേശം എട്ട്‌ കിലോമീറ്ററോളം ദൂരം പിന്നിട്ടപ്പോഴാണ്‌ ശബ്ദം കേട്ട്‌ ടോർച്ചടിച്ച്‌ നോക്കിയപ്പോൾ  കാലിട്ടടിച്ച്‌ നീന്തുന്ന പോത്തിനെ അവർ കണ്ടത്‌. എന്നാൽ പോത്തിനെ വള്ളത്തിലേക്ക്‌ കയറ്റാനായില്ല. വള്ളം മറിയുമെന്നായപ്പോൾ ഉദ്യമം ഉപേക്ഷിച്ചു. 
തൊട്ടടുത്ത്‌ മീൻപിടിക്കുകയായിരുന്ന സല റിസ എന്ന വള്ളത്തിലെ ദിൽഷാദ്‌, മുഹമ്മദ്‌ റാഫി എന്നിവരെ ഫോണിൽ വിളിച്ച്‌ സഹായമഭ്യർഥിച്ചു. മുഹമ്മദ്‌ റാഫി കയറുമായി കടലിൽ ചാടി സാഹസികമായി പോത്തിനെ വള്ളത്തിൽ ചേർത്തുകെട്ടി.മുങ്ങിപ്പോകാതിരിക്കാൻ കന്നാസുകൾ ശരീരത്തോട്‌ ചേർത്തുകെട്ടി.  വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ്‌ പോത്തിനെ കരയിലെത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top