28 March Thursday

പെരുമാറ്റച്ചട്ട ലംഘനം എംഎൽഎയ്‌ക്കെതിരെ നടപടി വേണം: എം രാജഗോപാലൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

 

കാസർകോട്‌
ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനെതിരെ പെരുമാറ്റചട്ട ലംഘനത്തിന്‌ സ്‌പീക്കർ ഇടപെടണമെന്ന്‌ എം രാജഗോപാലൻ എംഎൽഎ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. എംഎൽഎയുടേത്‌ ധാർമികമൂല്യങ്ങൾക്ക്‌ നിരക്കാത്ത അധാർമിക നടപടിയും കടുത്ത പെരുമാറ്റച്ചട്ട ലംഘനവുമാണ്.  നിയമംവഴി സ്ഥാപിതമായ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്‌തതയും കൂറുംപുലർത്തുമെന്ന് പ്രതിജ്ഞ ചെയ്‌താണ്‌ ഏതൊരംഗവും നിയമസഭയിലെത്തുന്നത്‌.  ഭരണഘടനാ മൂല്യങ്ങളോടുള്ള നിഷേധം കൂടിയാണ്‌ എംഎൽഎ കാണിച്ചത്‌. നിയമവിരുദ്ധമായി സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചതിന് സിവിൽ, ക്രിമിനൽ കേസുകൾ വേറെയുമുണ്ട്‌. രണ്ട്‌ കേസുകളിൽ നേരിട്ട് ഹാജരാകാൻ ഹൊസ്‌ദുർഗ്‌ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു. 
     ജ്വല്ലറി തട്ടിപ്പിന് പുറമെ എംഎൽഎ ചെയർമാനായ തൃക്കരിപ്പൂർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്‌റ്റ്‌ തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതിമന്ദിരത്തിന്റെയും ജെംസ് സ്‌കൂളിന്റെയും വഖഫ് ഭൂമി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവവും വിവാദമാണ്‌. ആറ്‌ കോടിയോളം രൂപ വിലവരുന്ന നാലേക്കർ ഭൂമിയും അതിലുള്ള കെട്ടിടവുമടക്കം 30 ലക്ഷം രൂപയ്‌ക്ക്‌ രഹസ്യമായി രജിസ്‌റ്റർ ചെയ്‌തു. സംഭവം വിവാദമായപ്പോൾ കളവുമുതൽ തിരിച്ചേൽപ്പിച്ച് സത്യസന്ധത ചമയുകയാണ് എംഎൽഎ.  നിയമസഭക്കും  പൊതുസമൂഹത്തിനും കളങ്കം വരുത്തിയ എംഎൽഎയുടെ നടപടി നീതീകരിക്കാനാകാത്തതാണ്‌. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് സഭാസമ്മേളന കാലയളവല്ലാത്തതിനാൽ നിയമസഭയിലുന്നയിക്കാൻ സാഹചര്യമില്ലെന്നിരിക്കെ വിഷയത്തിലെ അടിയന്തരസ്വഭാവം മുൻനിർത്തി ഉചിതമായ നടപടിയുണ്ടാകണമെന്ന്‌ എം രാജഗോപാലൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top