24 April Wednesday

പഴയങ്ങാടിയിൽ വരുന്നു ജലോപരിതല ഭക്ഷണശാല

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

പഴയങ്ങാടിയിലെ ജലോപരിതല ഭക്ഷണശാലയുടെ നിർമാണപ്രവൃത്തി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

പഴയങ്ങാടി
ഉത്തര മലബാറിലെ വലിയ ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയിൽ ഒരുങ്ങുന്നു. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ  റിവർവ്യൂ പാർക്കിന് സമീപത്താണ്‌ ഭക്ഷണശാല ഒരുങ്ങുന്നത്‌. ആഗസ്‌ത്‌ 15നകം അടിസ്ഥാന നിർമിതികൾ പൂർത്തിയാകും വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഹൈഡൻസിറ്റി പോളി എത്തിലീൻ എന്ന സംയുക്തം ഉപയോഗിച്ചാണ്  തറ ഭാഗത്തിന്റെ നിർമാണം. പരസ്പരം കൂട്ടിയോജിപ്പിക്കാവുന്ന 1100 ലധികം എച്ച്ഡി പോളി എത്തിലീൻ ക്യൂബുകളാണ് 3000 ചതുരശ്ര അടിയുള്ള  ഭക്ഷണശാലയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. 70 മുതൽ 80 വരെ പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. വിശലമായ അടുക്കളയുമുണ്ട്‌. ഭക്ഷണശാലയും നടപാതയും പൂർണമായും കൈവരികളാൽ സുരക്ഷിതമാക്കും. കരയിൽനിന്നും രണ്ട്‌ മീറ്റർ വീതിയിലും ഒമ്പത്‌ മീറ്റർ നീളത്തിലും നിർമിക്കുന്ന നൗകയിൽ ഒരേ സമയം അകത്ത് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള വഴി ഉണ്ടാകും.  മേൽക്കൂര പോളികാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ച്‌ ആകർഷകമായി നിർമിക്കും. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ 'കെൽ' നിർവഹണ ഏജൻസിയായി ഏറ്റെടുത്ത പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിന് സമീപത്തായി ബോട്ട് റെയ്സ് ഗ്യാലറിയുടെയും നിർമാണം ഉടൻ ആരംഭിക്കും. ബോട്ട് ടെർമിനൽ, കുട്ടികളുടെ പാർക്ക് എന്നിവയോടൊപ്പം ഭക്ഷണശാല നൗകയും വിനോദസഞ്ചാരികൾക്ക് നവ്യാനുഭവം സമ്മാനിക്കും. ഇതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങുകയാണ് പഴയങ്ങാടി. പ്രവൃത്തി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി.  കെൽ പ്രതിനിധികളായ വി മധുസുദനൻ, എം വി നിധിൻ എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top