20 April Saturday

നഗരത്തിൽ ടാക്സി, ഓട്ടോ സർവീസ്‌ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
തിരുവനന്തപുരം 
നഗരസഭയിൽ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ്‌ സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ ലോക്‌‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. എന്നാൽ, നഗര പരിധിയിൽ പൊതുപരീക്ഷകൾ ഉണ്ടാകില്ല.
ടാക്സി, ഓട്ടോ സർവീസുകൾ തിങ്കളാഴ്‌ച പുനരാരംഭിക്കും. ബസ്‌ സർവീസ്‌ ഉണ്ടാകില്ല. 
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, ബേക്കറികൾ, പാൽവിതരണ കേന്ദ്രങ്ങൾ എന്നിവയ്‌ക്ക്‌ രാവിലെ ഏഴുമുതൽ പകൽ 12വരെയും വൈകിട്ട്‌ നാലുമുതൽ ആറുവരെയും തുറക്കാം. 
പകൽ ഒന്നുമുതൽ മൂന്നുവരെ കടകളിലേക്ക്‌ സ്‌റ്റോക്ക്‌ എടുക്കാം. ജില്ലയിൽ രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയുള്ള നിശാനിയമം തുടരും. 
 
റോഡ്‌, ഹൈവേ, പാലം, ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ നടത്താം. പരിമിത ജീവനക്കാരുമായി ടെക്‌നോപാർക്കിന്‌ പ്രവർത്തിക്കാം. ബാങ്കുകൾക്ക്‌ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. 
ആശുപത്രി, ക്ലിനിക്കുകൾ, മെഡിക്കൽ ഷോപ്പ്‌ മറ്റ്‌ മരുന്നു വിതരണ, നിർമാണ ശാലകൾ എന്നിവ പ്രവർത്തിക്കും. ആരോഗ്യപ്രവർത്തകർക്ക്‌ യാത്രയ്ക്ക്‌ അനുമതി. 
 
ജനകീയ ഹോട്ടലുകൾ, മരുന്ന്‌ വിതരണം എന്നിവയ്‌ക്ക്‌ മാത്രം ഡോർ ഡെലിവറി. 
ദേശീയപാതയിൽ സഞ്ചാരാനുമതി (കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ നിർത്താൻ അനുവദിക്കില്ല). 
തുറന്നുപ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ
മന്ത്രിമാർ, സ്‌പീക്കർ, ചീഫ് സെക്രട്ടറി എന്നിവരുടെ ഓഫീസ്‌, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോർക്ക വകുപ്പ്‌ ഓഫീസുകൾ (പരമാവധി 50 ശതമാനം ജീവനക്കാർ), ഗവ. പ്രസ്‌, സെക്രട്ടറിയറ്റിലെ മറ്റു വകുപ്പുകൾ. 
അവശ്യ സർവീസ് വിഭാഗത്തിൽപ്പെടാത്ത മറ്റ് ഓഫീസുകളിൽ വകുപ്പുമേധാവികൾക്ക് അത്യാവശ്യമായ സേവനങ്ങൾ നിർവഹിക്കുന്നതിന് ജീവനക്കാരുടെ സേവനം ക്രമീകരിക്കാം (30 ശതമാനത്തിൽ കുറയാത്ത ജീവനക്കാർ), പ്രതിരോധവകുപ്പ്‌, പാരാമിലിട്ടറി സർവീസ്‌, ട്രഷറി, മറ്റ്‌ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ദുരന്തനിവാരണം, പോസ്റ്റ്‌ ഓഫീസ്‌, വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, കലക്‌ട്രേറ്റ്‌, നഗരസഭാ കാര്യാലയം, പൊലീസ്, ഹോം ഗാർഡ്‌, താലൂക്ക്‌–-വില്ലേജ്‌ ഓഫീസുകൾ, ആർഡിഒ ഓഫീസ്.
ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ ഈ ഇളവുകൾ ബാധകമല്ല. 
നഗരസഭയിലെ മാണിക്യവിളാകം (വാർഡ്‌ 75), പൂന്തുറ (66), പുത്തൻപള്ളി (74) വാർഡുകളാണ്‌ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്‌ സോണുകൾ. ഇവിടങ്ങളിലെ വലിയതുറ, വള്ളക്കടവ്‌, മുട്ടത്തറ, ബീമാപ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ്‌ എന്നീ വാർഡുകൾ ബഫർ സോണുകളാണ്‌. ഇവിടങ്ങളിൽ പലചരക്ക്‌, പാൽ, ബേക്കറി രാവിലെ ഏഴുമുതൽ പകൽ രണ്ടുവരെ. (സ്‌റ്റോക്ക്‌ എടുക്കാം) ആരോഗ്യ, ജല, വൈദ്യുത സേവനങ്ങൾ 24 മണിക്കൂർ ഉണ്ടാകും.
 ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. 
എടിഎം സൗകര്യം രാവിലെ പത്തുമുതൽ വൈകിട്ട്‌ അഞ്ചുവരെ. 
പാൽ വിതരണം മിൽമ ഉറപ്പാക്കും. മൊബൈൽ മാവേലി സ്‌റ്ററുകൾ അവശ്യസാധനങ്ങൾ വിതരണം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top