20 April Saturday

പൊന്ന്യത്ത്‌ കളരി മ്യൂസിയം വരുന്നു

രഷ്‌ന ദാസ്‌Updated: Tuesday Oct 12, 2021
തലശേരി
തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊയ്‌ത്ത്‌ നടത്തിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഇനി കളരിച്ചുവടും വായ്‌ത്താരിയും ഉയരും. വടക്കൻപാട്ടിന്റ ഈണവും താളവും നിറഞ്ഞ ഏഴരക്കണ്ടത്തിലാണ്‌ കളരി അക്കാദമി ആൻഡ്‌ മ്യൂസിയം സ്ഥാപിക്കുന്നത്‌. കതിരൂരിന്റെ ആയോധനകലാ പെെതൃകം ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കുന്നതാവും മ്യൂസിയം. 
കളരി പരിശീലന കേന്ദ്രം, ആയോധന ചികിത്സാകേന്ദ്രം, കളരി പഠനത്തിന് ഉപകരിക്കുന്ന ലെെറ്റ് ആൻഡ് സൗണ്ട് ഷോ, ഓപ്പൺ തിയറ്റർ, നീന്തൽക്കുളം, ലെെബ്രറി ആൻഡ് ഡിജിറ്റൽ റൂം, കഫ്റ്റീരിയ എന്നിവയും അനുബന്ധമായുണ്ടാവും. എ എൻ ഷംസീർ എംഎൽഎയുടെ ഇടപെടലിൽ പെെതൃക ടൂറിസത്തിൽ 10 കോടിയുടെ പദ്ധതിക്കാണ് സർക്കാർ അനുമതിയായത്. 
കളരിയെപ്പറ്റി പഠിക്കാനെത്തുന്നവർക്ക്‌ അറിവ്‌ പകരാൻ പാകത്തിലാവും മ്യൂസിസം സജ്ജീകരിക്കുക. കതിരൂരിന്റെ പെെതൃകോത്സവമായ കളരി അഭ്യാസത്തിന്‌ സ്ഥിരം വേദിയായ അങ്കത്തട്ട്‌ ഏഴരക്കണ്ടത്തിൽ നിലവിലുണ്ട്. പുല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പത്ത് സെന്റ് സ്ഥലം വിലയ്‌ക്കെടുത്താണ് അങ്കത്തട്ട് നിർമിച്ചത്. മ്യൂസിയം പണിയാൻ പതിനാല് സെന്റ് സ്ഥലവും ലഭിച്ചു. 
കളരി മ്യൂസിയം
കളരി അഭ്യാസികളുടെ ശിൽപ്പ മാതൃകയും അതിപുരാതന ആയുധങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. രാജ്യത്തെ ആദ്യ മ്യൂസിയമാവും പൊന്ന്യത്തേത്‌. അപൂർവ ഗ്രന്ഥങ്ങൾ, താളിയോലകൾ, ചരിത്രരേഖകൾ, ചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിക്കും. 2.5 കോടിയാണ് പ്രതീക്ഷിത ചെലവ്.
കളരി പരിശീലന കേന്ദ്രം
തെക്കൻ, വടക്കൻ ശെെലികളിൽ പരിശീലനം നേടാൻ രണ്ട് വിഭാഗങ്ങളുടെയും പ്രത്യേകം കളരികൾ. പരമ്പരാഗത ശെെലിയിൽ 42 അടി നീളവും 21 അടി വീതിയും അരയോളം ആഴത്തിലുള്ള കുഴിക്കളരികളും ഉണ്ടാവും. പരിശീലകർക്ക് താമസസൗകര്യവും ഏർപ്പെടുത്തും. സർക്കാർ, സ്പോർട്സ് കൗൺസിൽ, ജില്ലാപഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ചാവും നിർമാണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top