25 April Thursday
ദേശീയപാത 66 വികസനം

കച്ചവടക്കാർക്ക്
19 കോടി അനുവദിച്ചു

സ്വന്തം ലേഖകൻUpdated: Thursday Aug 11, 2022
 
കൊല്ലം
ജില്ലയിൽ ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കുന്നതിന്‌ ഏറ്റെടുത്ത ഭൂമിയിൽ വാടകയ്‌ക്ക്‌ കച്ചവടം നടത്തിവന്നിരുന്ന വ്യാപാരികൾക്ക്‌ നഷ്‌ടപരിഹാര വിതരണത്തിനായി 19 കോടി രൂപ കൈമാറി. ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർക്കാണ്‌ എൻഎച്ച്‌എഐ തുക കൈമാറിയത്‌. അടുത്തദിവസം വിതരണം തുടങ്ങും. 
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 2100 വ്യാപാരികൾക്കാണ്‌ നഷ്‌ടപരിഹാരം ലഭിക്കുക. സ്വന്തം കെട്ടിടത്തിൽ കച്ചവടം നടത്തിവന്ന വ്യാപാരികൾക്ക്‌ കെട്ടിടത്തിനും വസ്‌തുവിനും നഷ്‌ടപരിഹാരം കണക്കാക്കി തുക ലഭ്യമാക്കിയിരുന്നു. കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ്‌ കൂടുതൽ കടകൾ പൊളിച്ചുമാറ്റാനുള്ളത്‌. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാർക്കമ്പനിയായ ശിവാലയ പ്രതിനിധികളും ബുധനാഴ്‌ച ഈ പ്രദേശങ്ങളിലെ വ്യാപാരികളെ നേരിൽകണ്ട്‌ കട പൊളിച്ചുമാറ്റാൻ കർശന നിർദേശം നൽകി. 
നഷ്‌ടപരിഹാര വിതരണത്തിന്‌ തുക ഉറപ്പായതിനെ തുടർന്നാണിത്‌. എൻഎച്ച്‌എഐ ലെയ്‌സൺ ഓഫീസർ എം കെ റഹ്‌മാൻ, ഭൂമി ഏറ്റെടുക്കൽ ചുമലയുള്ള ചാത്തന്നൂർ സ്‌പെഷ്യൽ യൂണിറ്റ്‌ തഹസിൽദാർ രവിപ്രസാദ്‌ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വ്യാപാരികളെ കണ്ടത്‌. അടുത്തദിവസം തന്നെ കട പൊളിക്കാൻ വ്യാപാരികൾ തയാറായില്ലെങ്കിൽ കരാർക്കമ്പനി നേരിട്ട്‌ കടകൾ നീക്കും. അതിനുമുമ്പായി ചാത്തന്നൂർ സ്‌പെഷ്യൽ യൂണിറ്റ്‌ തഹസിൽദാർ മഹസർ തയാറാക്കി കടകളിലെ സാധനങ്ങൾ ഏറ്റെടുക്കും.  
 
              സർവീസ്‌ റോഡ്‌ 7 മീറ്ററിൽ
ദേശീയപാതയുടെ ഒരുവശത്ത്‌ ഏഴു മീറ്റർ വീതിയിൽ സർവീസ്‌ റോഡുനിർമാണം പൂർത്തിയായാൽ ആറുവരിപ്പാത നിർമാണത്തിനായി നിലവിലെ  റോഡ്‌ അടക്കും. പിന്നീട്‌ ഗതാഗതം സർവീസ്‌ റോഡിലൂടെയാവും. നടപ്പാതയും കേബിൾ, വാട്ടർ അതോറിറ്റി പൈപ്പ്‌ എന്നിവയ്‌ക്കായുള്ള യൂട്ടിലിറ്റി ഡക്കിന്റെയും അര മീറ്റർവീതിയിൽ മീഡിയത്തിന്റെയും നിർമാണവും ഉടൻ ആരംഭിക്കും. 4000 ത്തോളം പോസ്‌റ്റുകളാണ്‌ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ മാറ്റിസ്ഥാപിക്കേണ്ടത്‌. ഇതിനായി കെഎസ്‌ഇബിക്കുള്ള ഇൻസ്‌പെക്‌ഷൻ ചാർജ്‌ ദേശീയപാത അതോറിറ്റി അടച്ചിട്ടുണ്ട്‌. പോസ്‌റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള തുക കരാർക്കമ്പനികളും കെഎസ്‌ഇബിക്ക്‌ അടച്ചു. കൊറ്റുകുളങ്ങര മുതൽ കാവനാടുവരെ (കൊല്ലം ബൈപാസ്‌) 31.5 കിലോ മീറ്റർ നിർമാണത്തിന്‌ 1580 കോടി രൂപയുടെ കരാർ  വിശ്വാസമുദ്ര എൻജിനിയറിങ് പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിക്കും കൊല്ലം ബൈപാസ്‌ മുതൽ കടമ്പാട്ടുകോണം വരെ  1141.51 കോടി രൂപയുടെ കരാർ ശിവാലയ  കൺസ്‌ട്രക്‌ഷൻ കമ്പനിക്കുമാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top