29 March Friday

കവളപ്പാറ ദുരന്തബാധിതരെ വഞ്ചിച്ച്‌ ലീഗ്‌

സ്വന്തം ലേഖകൻUpdated: Thursday Aug 11, 2022

കവളപ്പാറ ദുരന്തബാധിതര്‍ക്ക് ഭൂമി വിതരണംചെയ്യുന്നുവെന്ന് കാണിച്ച് മുസ്ലിംലീഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റര്‍

എടക്കര, 
കവളപ്പാറ ദുരന്തബാധിതരുടെ പേരിൽ വിദേശത്തുനിന്ന് പണംപിരിച്ചും മുസ്ലിംലീഗ് തട്ടിപ്പ്‌. ജില്ലാ കമ്മിറ്റി വാങ്ങിയ മൂന്ന് ഏക്കർ  വിതരണംചെയ്‌തത്‌ ലീഗണികൾക്ക്. ഇതിൽ ഒരാൾപോലും കവളപ്പാറ ദുരന്തബാധിതരല്ല. 
വിവിധ കെഎംസിസികളും ലീഗ്‌ ജില്ലാ കമ്മിറ്റിയും ചേർന്ന്‌ 34 ലക്ഷം രൂപയാണ്‌ പിരിച്ചത്‌. രണ്ടുവർഷംമുമ്പ് വാങ്ങിയ ഭൂമി കഴിഞ്ഞ ജൂലൈയിലാണ്‌  നിലമ്പൂർ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ വിതരണംചെയ്തത്. കവളപ്പാറയിലെ 50 കുടുംബങ്ങൾക്ക് മുസ്ലിംലീഗ് ഭൂമി നൽകുന്നു എന്ന്‌ മാധ്യമങ്ങളിലും നവമാധ്യമത്തിലും  കള്ള പ്രചാരണം നടത്തിയായിരുന്നു ഇത്‌.  കവളപ്പാറക്കാരെ ഒഴിവാക്കി ലീഗ് കമ്മിറ്റികൾ നിർദേശിച്ച വിവിധ പ്രദേശത്തെ 43 കുടുംബത്തിനാണ് അഞ്ച് സെന്റ് വീതം ഭൂമി രജിസ്റ്റർചെയ്ത് ആധാരം കൈമാറിയത്. 
പോത്ത്കല്ല് പഞ്ചായത്തിലെ പൂളപ്പാടം, കോടാലിപൊയിൽ, വെളുമ്പിയംപാടം പ്രദേശങ്ങളിലാണ് കവളപ്പാറക്കാർക്ക് വിതരണംചെയ്യാനെന്നപേരിൽ ലീഗ് സ്ഥലം വാങ്ങിയത്. എന്നാൽ കവളപ്പാറയിലെ ആർക്ക് എന്നത് വെളിപ്പെടുത്താതെ രണ്ടര വർഷമായി ലീഗ് ഭൂമി വിതരണം നീട്ടിക്കൊണ്ടുപോയി. ഒടുവിൽ ആധാരം രജിസ്റ്റർചെയ്ത പേര് വിവരം  പുറത്തുവന്നതോടെയാണ് 90 ശതമാനം ലീഗണികൾ ഭൂമി കൈക്കലാക്കിയത് വെളിപ്പെട്ടത്. കവളപ്പാറയുടെ മറവിൽ നടന്ന കൊടും വഞ്ചനയിൽ ലീഗണികളിൽതന്നെ പ്രതിഷേധം ഉയർന്നതോടെയാണ്‌ ചടങ്ങ് പോത്ത്കല്ലിൽനിന്ന് മാറ്റി നിലമ്പൂരിൽ നടത്തിയത്‌. വെളുമ്പിയമ്പാടത്ത് വനഭൂമിയോടുചേർന്ന് വാങ്ങിയ ഭൂമി താമസയോഗ്യമല്ലെന്നും പരാതിയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top