27 April Saturday
നദികളിലെ ജലനിരപ്പ് താഴ്ന്നു

അണക്കെട്ടുകള്‍ തുറന്നു തന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

 പത്തനംതിട്ട

ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴ്ന്നു. എല്ലാ നദികളിലെയും ജലനിരപ്പ് അപകടനിലയില്‍ നിന്ന് താഴെയാണ് ഒഴുകുന്നത്. കക്കി- ആനത്തോട് , പമ്പ  അണക്കെട്ടുകളിലെ    വെള്ളം  നദികളിലേക്ക് ഒഴുക്കിവിടുന്നതുമൂലം ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളില്‍  കൂടിയെങ്കിലും ജനങ്ങൾക്ക്  ഒരു അസൗകര്യവും ഉണ്ടാകാത്ത രീതിയിൽ  പ്രവർത്തനം ക്രമീകരിച്ചു.  
കക്കി ആനത്തോട് 90 സെന്റിമീറ്റര്‍ വീതമാണ് നാല് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി 120 സെന്റിമീറ്റര്‍ വരെ അല്‍പ്പ നേരത്തേക്ക് ഉയര്‍ത്തിയിരുന്നു. പിന്നീട് 90 ആയി കുറച്ചു. പമ്പയിലെ രണ്ട് ഷട്ടറുകള്‍ 45 സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മൂഴിയാറും മണിയാറും ചെറിയ തോതില്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 
അണക്കെട്ട്  തുറന്നതിലൂടെ അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡാം മാനേജ്മെന്റിന്റെ കാര്യത്തിൽ മികച്ച ഏകോപനമാണ് ജില്ലയിലുണ്ടായതെന്നും    കലക്ടര്‍ പറഞ്ഞു.  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതുപ്രകാരം  13ന് ശേഷം ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം.
ഡാമുകൾ തുറക്കുന്നത് കാരണമാണ് പ്രളയമുണ്ടാകുന്നതെന്ന ധാരണയ്ക്ക് മാറ്റം വരുത്താൻ  സാധിച്ചെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ  കലക്ടർ പറഞ്ഞു.
അണക്കെട്ടുകളിലെയും ജലനിരപ്പ് താഴ്ന്ന് തുടങ്ങി. വൃഷ്ടി പ്രദേശങ്ങളിലും മഴ കുറഞ്ഞു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ 13 ആയി . 162 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. കോന്നി താലൂക്കില്‍ ഒന്നും റാന്നിയില്‍ രണ്ടും തിരുവല്ല താലൂക്കില്‍ 10 ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. കോന്നിയില്‍ മൂന്നു പേരും റാന്നിയില്‍ 24 പേരും തിരുവല്ല താലൂക്കില്‍ 541 പേരുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. ആകെ 568 പേര്‍ . 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top