26 April Friday
കാലവർഷമെത്തി

ഇന്ന്‌ മഞ്ഞ അലർട്ട്‌

സ്വന്തം ലേഖകൻUpdated: Sunday Jun 11, 2023
മലപ്പുറം
മഴ ശക്തമായതോടെ ജില്ലയിൽ ഞായറാഴ്‌ച മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. ജില്ലയുടെ മിക്കഭാഗങ്ങളിലും വെള്ളിയാഴ്‌ച രാത്രിയും ശനിയാഴ്‌ച പകലുമായി മഴ ലഭിച്ചു. 
16.5 മില്ലി മീറ്ററാണ്‌ ജില്ലയിൽ ലഭിച്ച ശരാശരി മഴ. പെരിന്തൽമണ്ണ താലൂക്കിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌–- 35  മില്ലി മീറ്റർ. തെന്നല 34.5, തവനൂർ 33, പൊന്നാനി 14.6, നിലമ്പൂർ 3.5 മില്ലി മീറ്റർ എന്നിങ്ങനെയാണ്‌ ശനിയാഴ്‌ച വൈകിട്ടുവരെ രേഖപ്പെടുത്തിയ മഴയുടെ അളവ്‌. അഞ്ച്‌ ദിവസം ശക്തമായ മഴക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. 12വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്‌. 
മഴക്കൊപ്പം പൊന്നാനിയിൽ കടലേറ്റവും ശക്തമായി. താലൂക്കിലെ മൂന്ന്‌ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. 
മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ എംഎൽഎമാരുടെയും ജില്ലാ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന്‌ മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ദുരന്ത മുന്നറിയിപ്പുകളുണ്ടാകുമ്പോൾ ആളുകളെ ഒഴിപ്പിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യംവന്നാൽ തദ്ദേശ–-റവന്യൂ വകുപ്പുകൾ ചേർന്ന്‌ നടപടിയെടുക്കണം. ദുരിതാശ്വാസ ക്യാമ്പിനായി തെരഞ്ഞെടുക്കുന്ന സ്‌കൂളുകളുടെ ഫിറ്റ്‌നസും ശുചിമുറികളുടെ വൃത്തിയും ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിനും ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്‌.
മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിർദേശം നൽകിയിട്ടുണ്ട്‌. കരുവാരക്കുണ്ട്‌ ഉൾപ്പെടെ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപനമുണ്ട്‌. മലയോരത്ത്‌ റബർ തോട്ടങ്ങളിലെ ചിരട്ടകളിലും കൊക്കോ, ജാതിത്തോടുകളിലും കൊതുക്‌ വളരുന്നതായി ആരോഗ്യവകുപ്പ്‌ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 
ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും നിർദേശം പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു. കുടിവെള്ളത്തിന്റെ ശുചിത്വവും ഉറപ്പാക്കണം. എലിപ്പനി, കോളറ, മഞ്ഞപ്പിത്തം,  ടൈഫോയ്‌ഡ്‌ തുടങ്ങിയവക്കെതിരെയും ജാഗ്രത വേണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top