19 April Friday

ആദിവാസികൾക്ക് രേഖകൾ ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
പത്തനംതിട്ട
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങൾക്ക് ആധികാരിക രേഖകൾ നൽകുന്ന എബിസിഡി (അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതി 100 ശതമാനം പൂർത്തീകരിക്കുന്നതിനായി ജൂൺ 13 മുതൽ ജൂലൈ 11 വരെ ക്യാമ്പുകൾ നടത്തും. എബിസിഡി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
   ജില്ലയിലെ ആദിവാസി മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും ആധികാരിക രേഖകൾ ഒരു മാസത്തിനുളളിൽ നൽകി പൂർത്തീകരണ  പ്രഖ്യാപനം നടത്തുന്നതിന്‌ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നല്കി. രേഖകൾ ഡിജിറ്റൽ രീതിയിൽ സൂക്ഷിച്ചുവയ്ക്കുന്ന ഡിജി ലോക്കർ സംവിധാനവും ക്യാമ്പുകളോടനുബന്ധിച്ച് സജ്ജീകരിക്കും. ആദിവാസി വിഭാഗങ്ങൾക്ക് റേഷൻ കാർഡ് വിതരണം 100 ശതമാനം പൂർത്തീകരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസറെയും പതിനെട്ടു വയസിനു മുകളിലുളളവർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ഇലക്ഷൻ വിഭാഗത്തെയും ചുമതലപ്പെടുത്തി. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക്‌ ലഭ്യമാക്കുന്നതിനുളള ചുമതല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നല്കി. ക്യാമ്പുകൾ സജ്ജീകരിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പട്ടികവർഗ വികസന ഓഫീസർ, ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ എന്നിവരെ ചുമതലപ്പെടുത്തി.  
  യോഗത്തിൽ എഡിഎം ബി രാധാകൃഷ്ണൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി  രാജേഷ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ എം അനിൽ, ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ കെ ധനേഷ്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ സാബു ജോഷ്വാ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡെന്നീസ് ജോൺ, ബിഎസ്എൻഎൽ പ്രതിനിധി ടി എസ്  പ്രദീഷ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top