25 April Thursday

പുസ്‌തക പുതുമണം തൂകും സാഹിത്യ ജ്യോതി

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
ഇടുക്കി
‘പുസ്‌തകത്തിൽ പുതുമണം പുളകമായി പുനർജ്ജനി....സ്വപ്‌നങ്ങളാണെന്റ കൂട്ടുകാരേറ്റവും ഭംഗിയിൽ സൗഹൃദം പങ്കുവയ്‌ക്കുന്നവർ’.   പുസ്‌തകത്താളിൽനിന്ന്‌ വായനയുടെ സുഗന്ധം ഉയർത്തി അത്‌ മനസ്സുകളിലും ഹൃദയങ്ങളിലും പടർന്നുകയറി  സർഗോന്മാദം സൃഷ്ടിക്കുന്ന എഴുത്തുകാരൻ മലയാളക്കരയുടെ  അഭിമാനമാണ്‌. സാഹിത്യ വിമർശകൻ, കവി, പ്രഭാഷകൻ, ഭാഷാധ്യാപകൻ, മാധ്യമപ്രവർത്തകൻ തുടങ്ങി ബഹുമണ്ഡല പ്രതിഭയാണ്‌ ഡോ. അജയപുരം ജ്യോതിഷ് കുമാർ. സർഗശേഷിയാലും നിരൂപക  വൈഭവംകൊണ്ടും ചെത്തിമുനുക്കിയ ‘കലികാലകാമിനിക്ക്‌’ എന്ന കവിതാസമാഹാരം ഉൾപ്പെടെയുള്ള കൃതികൾ ഏറെ ശ്രദ്ധേയം. 
 ഭാഷാവൈദഗ്‌ധ്യം കൊണ്ടും എഴുത്ത്‌ ഭദ്രതകൊണ്ടും സമ്പന്നം. ആർദ്ര പ്രണയവും പ്രണയ ഭംഗവും സൂക്ഷ്‌മ ധ്വനികളുമെല്ലാം ചേരുന്ന കലാസൃഷ്ടി ഈടുറ്റവയും നല്ല വായനാനുഭവം പകർന്നു നൽകുന്നതുമാണ്‌.  
കവിതയുടെ രഥോത്സവം, വാക്കിന്റെ വഴിച്ചന്തം,  നേർവടിവുകൾ, കോവിലൻ എഴുത്ത് ദേശം പ്രതിനിധാനം, ജീവിതം കാവ്യപുസ്തകം, കാവ്യസരസ്സിലെ രാഗപൗർണ്ണമി, മാനവിക സമസ്യകൾ യയാതിയിലും രണ്ടാമൂഴത്തിലും, നോവൽ പര്യടനങ്ങൾ, കണ്ണീരുപ്പ് പുരണ്ട കവിത(പഠനങ്ങൾ), ആൾത്തി ഉക്കങ്ങൾ(സ്മരണകൾ) ഡോ.ഹെർമൻ ഗുണ്ടർട്ട് (ജീവചരിത്രം), കലികാലകാമിനിക്ക് (കവിത) എന്നിവയാണ്‌ പ്രധാന കൃതികൾ. കവിയും  ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ കവിതകളെയും ഗാനങ്ങളെയും വിലയിരുത്തുന്ന നാല്പതിലേറെ പഠനങ്ങൾ സമാഹരിച്ചു ചേർത്തിരിക്കുന്നതാണ്‌ കാവ്യസരസ്സിലെ രാഗപൗർണമി . നിലവിൽ  രാജകുമാരി എൻഎസ്‌എസ്‌ കോളേജിലെ പ്രിൻസിപ്പലായ ജ്യോതിഷ്‌ കുമാർ അഞ്ചു കൊല്ലം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ മലയാളവി ഭാഗം അധ്യക്ഷൻ,  സാഹിത്യ അക്കാദമി എക്സിക്യൂട്ടീവംഗം, കേരള ബുക്ക് മാർക്കറ്റിങ്‌ സൊസൈറ്റി  നിർവാഹകസമിതി അംഗം, എസ് സിഇആർറ്റി പാഠപുസ്തക കമ്മിറ്റിയംഗം, സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ആകാശവാണി അനൗൺസർ, ടെലിവിഷൻ കമന്റേറ്റർ, അവതാരകൻ എന്നീ നിലകളിലും മികവു തെളിയിച്ചു. കേരള സാഹിത്യഅക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡ്, മലയാളസമാജം കവിത പുരസ്‌കാരം എന്നിവയടക്കം 12ൽ പരം  അവാർഡുകളും ലഭിച്ചിട്ടുണ്ട്‌. നെടുമങ്ങാട്‌ അജയപുരത്ത്‌ ജനിച്ച ജ്യോതിഷ്‌ കുമാർ നീറമൺകരയിലാണ്‌ താമസം.  ഭാര്യ: ബിന്ദു. മക്കൾ. അനഘ, അനവദ്യ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top