23 April Tuesday
സെക്ഷന്‍ ഓഫീസുകളില്‍ ജീവനക്കാർ കുറവ്‌

കാലവര്‍ഷത്തിന് 
മുമ്പേ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
കട്ടപ്പന
കെഎസ്ഇബി സെക്ഷൻ ഓഫീസുകളിലെ ജീവനക്കാരുടെ കുറവുമൂലം വൈദ്യുതി തകരാർ യഥാസമയം പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടാകുന്നു. ഇതോടെ കാലവർഷത്തിന് മുമ്പേ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മണിക്കൂറുകളോളം വൈദ്യുതിമുടങ്ങുന്ന സ്ഥിതിയായി. പല സെക്ഷൻ ഓഫീസുകളിലും ലൈൻമാൻ, ഓവർസിയർ, ഇലക്ട്രിക്കൽ തൊഴിലാളികൾ എന്നിവരുടെ ഒഴിവുകൾ നികത്തിയിട്ടില്ല. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്ഷൻ ഓഫീസുകളിലെ അസിസ്റ്റന്റ് എൻജിനിയർമാർ കത്തുകൾ നൽകിയിട്ടുണ്ടെങ്കിലും ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാർ പരിഗണിച്ചിട്ടില്ല.
വൈദ്യുതിമുടങ്ങുന്ന മേഖലകളിലെ തകരാർ, മറ്റ് സെക്ഷനുകളിൽനിന്ന് ജീവനക്കാർ എത്തി പരിഹരിക്കേണ്ട ഗതികേടാണ്. ഇത് വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസമുണ്ടാക്കുന്നു. ഒഴിവുകൾ അടിയന്തരമായി നികത്തിയില്ലെങ്കിൽ മഴക്കാലത്ത് പല സെക്ഷനുകളുടെ പരിധിയിലുള്ള മേഖലകളും ഇരുട്ടിലാകും. ജീവനക്കാരുടെ കുറവുമൂലം അധിക ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്.
തുടർച്ചയായി ദിവസങ്ങളിൽ അധിക ഡ്യൂട്ടി ചെയ്ത കഞ്ഞിക്കുഴി സെക്ഷനിലെ സബ് എൻജിനിയർ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. മൂന്ന് സബ് എൻജിനിയർമാരുള്ള സെക്ഷനിൽ രണ്ട് പേർ അവധിയിലാണ്. മെയ് 17 മുതൽ ഒരു സബ് എൻജിനിയർ മാത്രമേ ഇവിടെയുള്ളൂ. സെക്ഷനിലെ അസിസ്റ്റന്റ് എൻജിനിയർക്ക് വാഴത്തോപ്പ് സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ അധിക ചുമതലയുള്ളതിനാൽ ആഴ്ചയിൽ മൂന്നുദിവസമേ കഞ്ഞിക്കുഴിയിൽ എത്താറുള്ളൂ. സബ് എൻജിനിയർക്ക് പകരം ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സബ് ഡിവിഷൻ ഓഫീസിൽനിന്ന് അനുകൂല നടപടിയില്ലെന്നാണ് ആക്ഷേപം.
തുടർച്ചയായി വൈദ്യുതി ലൈനിൽ അധികസമയം ജോലി ചെയ്യേണ്ടിവരുന്നത് ജീവനക്കാർക്കും ഭീഷണിയാണ്. കട്ടപ്പന സബ് ഡിവിഷൻ പരിധിയിൽ രണ്ടുവർഷത്തിനിടെ പത്തിലധികം അപകടങ്ങളുണ്ടായി. രണ്ട് സ്ഥിരം ജീവനക്കാർ മരിക്കുകയും കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top