20 April Saturday

ജില്ലയിൽ 3 മേൽപ്പാലവും 
ഒരു അടിപ്പാതയും വരുന്നു

സ്വന്തം ലേഖകർUpdated: Wednesday May 11, 2022

 

 
മലപ്പുറം
ജില്ലയുടെ റെയിൽവേ വികസനത്തിന്‌ വഴിത്തിരിവായി മൂന്ന്‌ പുതിയ മേൽപ്പാലവും ഒരു അടിപ്പാതയും വരുന്നു. കെ റെയിലാണ്‌ പാലങ്ങൾ നിർമിക്കുന്നത്‌. അങ്ങാടിപ്പുറം–- വാണിയമ്പലം റീച്ചിൽ പട്ടിക്കാട്‌, ഷൊർണൂർ–- അങ്ങാടിപ്പുറം റീച്ചിൽ ചെറുകരയിലും താനൂർ–- പരപ്പനങ്ങാടി റീച്ചിൽ ചിറമംഗലത്തുമാണ്‌ മേൽപ്പാലം വരിക. നിലമ്പൂരിൽ അടിപ്പാതയാണ്‌ നിർമിക്കുന്നത്‌. നാലിടങ്ങളിലും മേൽപ്പാലം വേണമെന്നത്‌ ദീർഘകാലത്തെ ആവശ്യമായിരുന്നു. 
സംസ്ഥാനത്തെ 27 മേൽപ്പാലം നിർമിക്കാൻ ലഭിച്ച അനുമതിയിലാണ്‌ ഇവ  ഉൾപ്പെട്ടത്‌. കെ റെയിലിനാണ്‌ സംസ്ഥാനത്തെ 27 മേൽപ്പാലങ്ങളുടെയും നിർമാണ അനുമതി. സിൽവർ ലൈൻ കൂടാതെ കെ റെയിൽ നിർമിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന പദ്ധതിയായി ഈ മേൽപ്പാലങ്ങൾ മാറും. നിർമാണ ചെലവ്‌ റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കും. 
ചെറുകര
പെരുമ്പിലാവ്–- നിലമ്പൂർ സംസ്ഥാന പാതയിൽ ചെറുകര റെയിൽവേ ഗേറ്റിലാണ്‌ മേൽപ്പാലം വരുന്നത്‌. ഗുഡ്സ് ട്രെയിനുകളുടെയും സാധാരണ ട്രെയിനുകളുടെയും പോക്കുവരവിനനുസരിച്ച് ഓരോ ദിവസവും നിരവധി തവണ ഗേറ്റ് അടയ്ക്കുന്നതു കാരണം ഇവിടെ ഗതാഗതക്കുരുക്ക് സാധാരണമാണ്.  ട്രെയിൻ പോയി ഗേറ്റ് തുറന്നാൽ ഗേറ്റിന് ഇരുവശവും കിലോമീറ്ററുകളോളം വാഹനങ്ങളടെ നീണ്ടനിരയും വാഹനങ്ങൾ അഴിയാക്കുരുക്കിൽ അകപ്പെടുന്നതും നിത്യ കാഴ്ചയാണ്. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ഇതിനറുതിയാകും.
ചെറുകര ആലുംകുട്ടത്തിൽനിന്നും തുടങ്ങി ചെറുകര ടൗണിനടുത്തുള്ള എൽപി സ്‌കൂൾവരെ മുക്കാൽകിലോമീറ്ററോളം ദൈർഘ്യത്തിലാണ് മേൽപ്പാലം നിർമാണം. 
പട്ടിക്കാട്‌
പട്ടിക്കാട് റെയിൽവേ ക്രോസിൽ  മേൽപ്പാലം വരുന്നതോടെ പട്ടിക്കാട് - വടപുറം പാതയിലെ കാലങ്ങളായുള്ള  ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഷൊർണൂർ -നിലമ്പൂർ ലൈനിലെ  പട്ടിക്കാട്  റെയിൽവേ ഗേറ്റ് ട്രെയിൻ കടന്നുപോകാനായി അടച്ചുകഴിഞ്ഞാൽ മണിക്കൂറുകളോളമാണ്  ഗതാഗതക്കുരുക്ക് അനുഭവപ്പെടാറ്.  പെരിന്തൽമണ്ണയിലേക്ക്
രോഗികളുമായി നിരവധി ആംബുലൻസുകളാണ് ഇതിലൂടെ കടന്നുപോകുന്നത്. ഈ വാഹനങ്ങളും റെയിൽവേ  ക്രോസിൽ കുടുങ്ങുന്നത്‌ പതിവാണ്‌.  ഇതിനെല്ലാം ശാശ്വത പരിഹാരമാകും റെയിൽവേ മേൽപ്പാലം. പ്രാരംഭ പ്രവൃത്തിയുടെ ഭാഗമായി 2018 നവംബറിൽ ഭൂമിയുടെ ബലം ഉറപ്പുവരുത്താൻ പരിശോധന നടത്തിയിരുന്നു. 
ചിറമംഗലം
 താനൂർ പരപ്പനങ്ങാടി റെയിൽവേ ലൈനിലാണ് ചിറമംഗലം റെയിൽവേ ക്രോസ്. ട്രെയിനുകൾ പോകാനായി മണിക്കൂറുകളോളമാണിവിടെ ദിവസവും വാഹനങ്ങൾ പിടിച്ചിടേണ്ടിവരുന്നത്. പരപ്പനങ്ങാടി ടൗണിലെത്താതെതന്നെ പരപ്പനങ്ങാടി–- -തിരൂർ റോഡിനെയും പരപ്പനങ്ങാടി -–- മലപ്പുറം റോഡിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ഈ ലെവൽ ക്രോസ്‌. എന്നാൽ,  ലെവൽ ക്രോസ് അടയ്ക്കുന്നതിനാൽ പലപ്പോഴും ഈ എളുപ്പവഴിയെ യാത്രക്കാർ ആശ്രയിക്കാറില്ല. 
പലരും  വാഹനങ്ങൾ പരപ്പനങ്ങാടി ടൗണിലൂടെയാണ് കൊണ്ടുപോകുന്നത്. ഇത്‌ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്‌ പതിവാണ്‌. മേൽപ്പാലം വരുന്നതോടെ ഇതൊഴിവാകും.
നിലമ്പൂർ
നിലമ്പൂർ- പെരുമ്പിലാവ് റോഡിൽ നിലമ്പൂർ റെയിൽവേ സ്​റ്റേഷനടുത്തുള്ള റെയിൽവേ ഗേറ്റിലാണ്‌ അടിപ്പാത ഒരുങ്ങുന്നത്‌. ഏറ്റവും കുറഞ്ഞ സ്ഥലം ഏറ്റെടുക്കുന്ന പദ്ധതികളാണ് ആദ്യം ആരംഭിക്കുന്നത്. അഞ്ചു​ സെന്റോളം ഭൂമിമാത്രമാണ് ഏറ്റെടുക്കേണ്ടത്. അതിനുള്ള ഫണ്ട് പാസായിട്ടുണ്ട്. 15.83 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായിട്ടുള്ള ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായിട്ടുള്ള സാമൂഹ്യാഘാതപഠനം പൂർത്തിയായി.  അതിവേ​ഗത്തിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാനാണ് കെ റെയിൽ അധികൃതർ ലക്ഷ്യമിടുന്നത്. റെയിൽ പാളത്തിനുതാഴെ 25 മീറ്റർ നീളത്തിലും 9.25 മീറ്റർ വീതിയിലും 5.5 മീറ്റർ ഉയരത്തിലുമാണ് കോൺക്രീറ്റ് ബോക്സ് നിർമിക്കുക. 7.5 മീറ്റർ വീതിയിൽ വാഹനങ്ങൾക്ക് കടന്നുപോകാനാവും. ഒരുവശം 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാവും. ഇതിലേക്ക് 200 മീറ്റർ നീളത്തിൽ അപ്രോച് റോഡും നിർമിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top