25 April Thursday

ഞങ്ങളും പഠിച്ചു മലയാളം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
കാഞ്ഞിരപ്പള്ളി
"ഞങ്ങൾക്കും നല്ലപോലെ മലയാളം അറിയാം. ഞങ്ങൾ പഠിക്കുന്നത് സർക്കാർ എൽപി സ്കൂളിലെ മലയാളം മീഡിയത്തിൽ '–- മലയോര മേഖലയായ എരുമേലി മുക്കൂട്ടുതറയിലെ പനയ്ക്കവയൽ വെൽഫെയർ യുപി സ്കുളിൽ പഠിക്കുന്ന അതിഥിത്തൊഴിലാളികളുടെ മക്കളാണ്‌ പോറ്റമ്മയായ മലയാളത്തെ സ്‌നേഹിക്കുന്നത്‌.  
   പശ്ചിമ ബംഗാൾ സ്വദേശിനികളായ നവ്യ സാക്രി, റിസിക ബൈദ്യ എന്നിവരും അസമിൽനിന്നുള്ള ബിദ്യുത് മുണ്ടയുമാണ് ഈ വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തിയത്. അസമിൽനിന്നുള്ള ദീപാവലി രണ്ടാം ക്ലാസിലും രാഗേഷ് മുണ്ട മൂന്നാം ക്ലാസിലും   ബംഗാളിൽനിന്നുള്ള രഹ്ന പർവിൻ രണ്ടാം ക്ലാസിലും ആരിഫ് അക്തർ അലി നാലാം ക്ലാസിലും പഠിക്കുന്നു. അതിഥിത്തൊഴിലാളികളുടെ മക്കൾ എല്ലാവരും മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ടെന്ന് സ്കൂകൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പി വർഗീസ് പറഞ്ഞു. ചില കുട്ടികൾക്ക് ജനനസർട്ടിഫിക്കറ്റില്ല. ജാതി തെളിയിക്കുന്ന രേഖകൾ നൽകാത്തതുകൊണ്ട്‌ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. നാലാം ക്ലാസ് വിദ്യാർഥിയായ ആരിഫ് അക്തർ അലി പഠനത്തിൽ ഒന്നാമനാണ്. ഉപജില്ല പ്രവൃത്തി പരിചയമേളയിൽ വലനെയ്‌ത്തിന്‌ ഒന്നാംസ്ഥാനവും ആരിഫിനായിരുന്നു–-ഹെഡ്‌മിസ്‌ട്രസ്‌ പറഞ്ഞു.
  2016ൽ ഒമ്പത്‌ കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്‌കൂളിൽ   അതിഥിത്തൊഴിലാളികളുടെ മക്കളടക്കം 95 വിദ്യാർഥികളുണ്ട്‌.    സ്‌കൂളിന്‌ 15 സെന്റ്‌ സ്ഥലമാണ്‌ ആകെയുള്ളത്‌. പ്ലേ സ്‌കൂളുമുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top