20 April Saturday

കാട്ടാനയുടെ പ്രസവം ആനക്കൂട്ടം സുരക്ഷയൊരുക്കി ഒപ്പംതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
ഇരിട്ടി
കഴിഞ്ഞ ദിവസം ആറളം ഫാമിൽ കീഴ്‌പ്പള്ളി–-പാലപ്പുഴ റോഡ്‌ മധ്യത്തിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞും  തുടരുന്നു. അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഇവക്കു സമീപത്തുതന്നെ  സുരക്ഷയൊരുക്കി ഒപ്പമുള്ള കാട്ടാനകളുമുണ്ട്‌. 
 ആനക്കുട്ടി നടന്നുപോകാവുന്ന നിലയിൽ എത്തുംവരെ ആനകളുടെ സംഘം ഒപ്പമുണ്ടാവുമെന്നും ഇവയെ നിരീക്ഷിച്ചുവരുന്നതായും വനം വകുപ്പ് അധികൃതർ പറഞ്ഞു. നാട്ടുകാർക്ക്‌ സുരക്ഷയൊരുക്കുമെന്നും ആനയുടെയും കുഞ്ഞിന്റെയും ദിശമാറ്റം മനസിലാക്കാനും സ്ഥലത്ത്‌ വനം വകുപ്പ് പ്രത്യേക നിരീക്ഷണം  ഏർപ്പെടുത്തി.  
അതേസമയം  കഴിഞ്ഞ രാത്രിയിലും  ആറളം ഫാമിൽ കാട്ടാനകൾ പരക്കെ കൃഷി നശിപ്പിച്ചു.  ഫാം നഴ്സറിക്കടുത്ത്‌ മൂന്ന് തെങ്ങുകൾ കുത്തിവീഴ്ത്തി.  ആറളം ഫാമിൽ അറുപതോളം കാട്ടാനകൾ തമ്പടിച്ചതായാണ്‌ നിഗമനം.  കഴിഞ്ഞ ഏഴുവർഷത്തിനിടെ പന്ത്രണ്ട്‌ കാട്ടാനകൾ ആറളം ഫാമിൽ  ജനിച്ചതായും കണക്കാക്കുന്നു. 
കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ ജിജിൽ, കീഴ്പ്പള്ളി ഫോറസ്റ്റർ  പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ ആർആർടി വിഭാഗം അടക്കം ഫാമിൽ എത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 
കാട്ടാനകൾ 
കീഴ്പ്പള്ളി ടൗണിനടുത്തും
കീഴ്പ്പള്ളി 
ടൗണിൽനിന്ന്‌ 200 മീറ്റർ അകലെ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പുതിയങ്ങാടി മേഖലയിലാണ് ആന ഇറങ്ങിയത്. കപ്പ, വാഴ  കൃഷികളാണ് നശിപ്പിച്ചത്. ആനകൾ ചതിരൂർ ഭാഗത്തേക്ക് കടന്നതായി കരുതുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കീഴ്പ്പള്ളി, പുതിയങ്ങാടി പോലുള്ള മേഖലകളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി.  കഴിഞ്ഞയാഴ്ച പുതിയങ്ങാടി ബംഗ്ലാവ് ഭാഗത്ത് കാട്ടാന ഇറങ്ങിയിരുന്നു. 
ആറളം ഫാമിൽനിന്ന്‌ ജനവാസ മേഖലയിലെത്തുന്ന ആനകളാണ്‌ കൃഷി നശിപ്പിക്കുന്നത്. മേഖലയിൽ വനപാലകർ എത്തി പരിശോധന നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top