20 April Saturday

വ്യാജ ലോട്ടറി ടിക്കറ്റും കറൻസിയും അച്ചടിക്കുന്ന 2 പേർ പിടിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Aug 9, 2022
 
പൊന്നാനി 
ഇന്ത്യൻ കറൻസികളും ലോട്ടറി ടിക്കറ്റുകളും നിർമിച്ച്‌ വിൽക്കുന്ന രണ്ടുപേർ അറസ്റ്റിൽ. കാസർകോട്‌ ചിറ്റാരിക്കൽ കമ്പല്ലൂരിലെ അഞ്ചാനിക്കൽ അഷറഫ് (48), തൃശൂർ കേച്ചേരി ചിറനെല്ലൂർ പാറപ്പുറത്തെ മാങ്കുന്നത്ത് പ്രജീഷ് (37) എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ്‌ പിടികൂടിയത്‌.  പ്രജീഷിന്റെ കുന്നംകുളം അഞ്ഞൂരിലെ വാടക ക്വാർട്ടേഴ്സിൽനിന്ന്‌ 2000 രൂപയുടെ വ്യാജ  ഇന്ത്യൻ നോട്ടും അച്ചടിയന്ത്രവും ഇൻസ്‌പെക്ടർ പി എം വിമോദിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. അഷറഫാണ് കംപ്യൂട്ടർ ഉപയോഗിച്ച് നോട്ടും ലോട്ടറി ടിക്കറ്റും നിർമിക്കുന്നത്‌. തൃശൂർ വാടാനപ്പള്ളിയിൽവച്ച്‌  രണ്ട് മൊബൈൽ ഫോണും മൂവായിരം രൂപയും 31 വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ നമ്പർ പതിച്ച എൻഡോർക്ക് സ്‌കൂട്ടറും സഹിതമാണ്‌ ഇവർ പിടിയിലായത്‌. 
തട്ടിപ്പിനിരയായ ലോട്ടറി വിൽപ്പനക്കാരൻ പെരുമ്പടപ്പ് കാട്ടുമാടത്തെ കൃഷ്ണൻകുട്ടിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ പിടിയിലായത്‌. ജൂലൈ 30ന്‌ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിന് സമീപം അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന്‌ മുന്നിലെ റോഡിൽവച്ച്‌  പ്രതികൾ 2000 രൂപ നൽകി 600 രൂപയുടെ ടിക്കറ്റ് വാങ്ങിയിരുന്നു. ആ പണവുമായി കൃഷ്‌ണൻകുട്ടി  ടിക്കറ്റ് വാങ്ങാൻ ചെന്നപ്പോഴാണ്‌ വ്യാജ നോട്ടാണെന്നറിഞ്ഞത്‌. തുടർന്ന്‌, പെരുമ്പടപ്പ്‌ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകി. മാറഞ്ചേരി കേന്ദ്രീകരിച്ച് ലോട്ടറി ടിക്കറ്റും നോട്ടും അച്ചടിച്ച് വിതരണംചെയ്യുന്നുവെന്ന രഹസ്യവിവരത്തിൽ പൊലീസ്‌ നേരത്തേ അന്വേഷിക്കുന്നുണ്ടായിരുന്നു.  
തുടരന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ്‌ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌. ബൈക്കിൽ വ്യാജ നമ്പർ പതിപ്പിച്ചാണ്‌ പ്രതികൾ സഞ്ചരിച്ചിരുന്നത്‌.  ഇരുവരും 2021ൽ കാസർകോട്‌ ചന്തേര, അമ്പലത്തറ സ്റ്റേഷനുകളിലെ കള്ളനോട്ടുകേസിൽ ജയിലിലായിരുന്നു. ജയിലിൽനിന്ന്‌ ഇറങ്ങിയതോടെ കുന്നംകുളത്തെ അഞ്ഞൂരിലേക്ക് നിർമാണകേന്ദ്രം മാറ്റുകയായിരുന്നു. പ്രതികളെ പൊന്നാനി കോടതി റിമാൻഡ്‌ ചെയ്‌തു.
 
പിടിയിലായത് 
വൻ തട്ടിപ്പ്‌ സംഘം
പൊന്നാനി
സംസ്ഥാനത്തുടനീളം ഇന്ത്യൻ കറൻസി നോട്ടുകളും ലോട്ടറി ടിക്കറ്റുകളും നിർമിച്ച്‌ വിൽക്കുന്ന സംഘമാണ്‌ പിടിയിലായത്‌. സംസ്ഥാന ലോട്ടറിയുടെ രണ്ടായിരം രൂപയുടെ ഗ്യാരണ്ടി പ്രൈസ് നമ്പറായ അവസാന നാലക്ക നമ്പർ വരുന്ന ടിക്കറ്റ് നിർമിച്ച് ചെറുകിട ലോട്ടറി കച്ചവടക്കാരെ പറ്റിക്കലാണ് ഇവരുടെ രീതി. ചെറിയ സമ്മാനത്തുകയായതിനാൽ ഉടൻ പണം നൽകും. പിറ്റേ ദിവസം ഏജൻസി ഷോപ്പിൽ ചെന്നാലാണ് വ്യാജ ലോട്ടറിയാണെന്ന് തിരിച്ചറിയുക.   
നടന്ന് ലോട്ടറി വിൽക്കുന്ന പെരുമ്പടപ്പ് കാട്ടുമാടം മനക്ക് സമീപത്തെ എഴുപതുകാരൻ   കവളങ്ങാട്ട് കൃഷ്ണൻകുട്ടിക്ക്‌ വ്യാജ നോട്ട്‌ നൽകി സംഘം ടിക്കറ്റ്‌ വാങ്ങിയതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. പ്രതികൾ രണ്ടായിരം രൂപയുടെ നോട്ട് നൽകി 500 രൂപയുടെ ഓണം ബംബറും 50 രൂപയുടെ രണ്ട്‌ ടിക്കറ്റും വാങ്ങി. 600 രൂപയുടെ ടിക്കറ്റായതിനാൽ ഒരു ടിക്കറ്റ് സൗജന്യമായി നൽകി. ബാക്കി തുക നൽകാൻ പണമില്ലാതായതോടെ കഴിഞ്ഞദിവസം 500 രൂപ സമ്മനം ലഭിച്ച രണ്ട് ടിക്കറ്റും ബാക്കി 400 രൂപ പണമായും നൽകി. വല്ലപ്പോഴും പോകുന്ന ബംബർ ടിക്കറ്റ് ഒന്ന് ചെലവായതിന്റെ സന്തോഷത്തിലായിരുന്നു കൃഷ്ണൻകുട്ടി. താൻ വിൽപ്പനക്കായി ലോട്ടറി വാങ്ങുന്ന കടയിൽ ചെന്നപ്പോഴാണ് നോട്ട് വ്യാജമാണെന്നറിഞ്ഞത്. ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചില്ലറ കച്ചവടത്തിലൂടെ ഒരുക്കൂട്ടിയ 2000 നഷ്ടമായെങ്കിലും തന്റെ പരാതിയിൽ വലിയ തട്ടിപ്പ് സംഘത്തെ പിടികൂടാനായതിന്റെ സന്തോഷത്തിലാണ്‌ കൃഷ്ണൻകുട്ടി. തന്നെപോലെയുള്ള നൂറുകണക്കിന് ചെറിയ കച്ചവടക്കാരാണ് ഇവരുടെ തട്ടിപ്പിനിരയായത്. അർഹമായ ശിക്ഷ നൽകണം–- കൃഷ്ണൻകുട്ടി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top