26 April Friday

സൈക്കിളുണ്ട്‌ സാറെ, ലൈസൻസ്‌ കിട്ടുമോ !

രാജേഷ് മാങ്ങാട്‌Updated: Friday Jun 9, 2023

ഉദുമ ബേവൂരി റോഡിലെ സൈക്കിൾ കട നടത്തുന്ന കോതറമ്പത്തെ എ ചന്ദ്രൻ

ഉദുമ
ഒരുമണിക്കൂർ സൈക്കിൾ സവാരിക്ക്‌ വാടക 50 പൈസ. അച്ഛന്റെയും അമ്മാവൻമാരുടെയും കീശയിൽനിന്ന്‌ അമ്പത്‌ പൈസ കട്ടെടുത്ത്‌ സൈക്കിൾ വാടകയ്ക്കെടുക്കാനെത്തുന്നവരുടെ നീണ്ട നിരയുണ്ടായ പ്രതാപകാലത്തെ ഓർത്തെടുത്ത്‌  ഇപ്പോഴും സൈക്കിൾ വർക്ക്ഷോപ്പ്‌ നടത്തുകയാണ്‌ ഉദുമ ബേവൂരി റോഡ് കോതറമ്പത്തെ  എ ചന്ദ്രൻ.
വാടകയ്ക്കെടുക്കുന്ന സൈക്കിളുകളായിരുന്നു 35 വർഷം മുമ്പത്തെ   കുട്ടികളുടെ അസ്സൽ ‘ഹീറോ'. അന്ന്‌  മണിക്കൂറിന് 40 പൈസ മുതലാണ് വാടക. കശുവണ്ടി വിറ്റതും വിഷുക്കെെനീട്ടവും കുടുക്കയിലിട്ട കാശുമെടുത്ത് സൈക്കിൾ വാടകയ്ക്കെടുക്കാൻ കുട്ടികൾ മത്സരിച്ചിരുന്നു. എല്ലാ വീട്ടിലും സൈക്കിളെത്തിയപ്പോൾ മണിയടിച്ച് മറയുന്ന കാലത്തെ ഓർത്തെടുക്കുകയാണ്‌  ചന്ദ്രേട്ടൻ.  
വാടക സൈക്കിളുകൾക്ക് രജിസ്ട്രേഷനുണ്ടായിരുന്നത് പുതിയ തലമുറക്ക് അജ്ഞാതം.  പുതിയ സൈക്കിൾ വാങ്ങുമ്പോൾ പഞ്ചായത്തിൽ നിന്ന് ഫ്രെയിമിലുള്ള നമ്പർ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത് നമ്പർ വാങ്ങണം.  300 രൂപയയായിരുന്നു അന്നത്തെ സൈക്കിളുകളുടെ മാസവാടക. മോട്ടോർ സെെക്കിൾ വ്യാപകമായതോടെയാണ് വാടക സൈക്കിളുകൾ ഓർമ്മയായത്‌. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലായി 20 വർഷം മുമ്പ്‌ വരെ നൂറിലേറെ വാടക സൈക്കിൾ കടകളുണ്ടായിരുന്നു. ഇന്ന് എട്ടുകടകൾ മാത്രം. 12ാം  വയസിലാണ്‌ അച്ഛൻ കുഞ്ഞമ്പുവിനൊപ്പം ചന്ദ്രൻ ഉദുമ ബസാറിലെ സൈക്കിൾ കടയിലെത്തിയത്‌. ജീവിത ശൈലിരോഗങ്ങളുടെ കാലത്ത് സൈക്കിൾ ക്ലബ്ബുകളും മറ്റും നഗരങ്ങളിൽ വ്യാപകമായതിനെത്തുടർന്ന്‌ സൈക്കിളുകളുടെ സുവർണകാലം മടങ്ങിയെത്തുമെന്നാണ്‌ ചന്ദ്രേട്ടൻ പറയുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top