28 March Thursday

സ്‌മരണതൻ തീക്ഷ്‌ണസാഗരം വീണ്ടും

സുധ സുന്ദരൻUpdated: Thursday Feb 9, 2023

കാലമേ, സാക്ഷി... 1973 ലെ അധ്യാപകരുടെയും ജീവനക്കാരുടെയും സമരത്തിൽ പങ്കെടുത്തവരുടെ സംഗമത്തിനെത്തിയ ആനമങ്ങാട്‌ യുപി സ്‌കൂൾ മുൻ അധ്യാപിക 
പി എം സാവിത്രിക്ക്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആദരപത്രം നൽകുന്നു ഫോട്ടോ: കെ ഷെമീർ

 പെരിന്തൽമണ്ണ, 

‘ആയിരമെരി തീജ്വാലകളൊരുമിച്ച്‌ ആളിപ്പടരും വീണ്ടും
അമർന്നു കത്തുമൊരു ജ്വാല 
ശക്തിയിലതുണർന്നു കത്തും വീണ്ടും’ 
അരപതിറ്റാണ്ട്‌ പിന്നിട്ട സമരവീര്യത്തിന്റെ തീക്ഷ്‌ണത അണഞ്ഞിട്ടില്ല. പ്രായം തളർത്താത്ത പോരാട്ടഗാഥയുമായി അവർ ഒത്തുചേർന്നു. -ജീവനക്കാരും അധ്യാപകരും കൈകോർത്ത  ഐതിഹാസിക സമരത്തിന്റെ 54 ദിനരാത്രങ്ങൾ പിന്നെയും ഉയിർത്തു. 1973ലെ പണിമുടക്കിന്റെ 50–-ാം വാർഷിക ഭാഗമായി എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം ചരിത്രത്തിന്റെ ഓർമപ്പെടുത്തലായി.  
തുച്ഛവേതനവും പരിമിത അവകാശങ്ങളും നിലനിന്ന കാലത്താണ്‌  ജീവനക്കാരും അധ്യാപകരും സമയബന്ധിത ശമ്പളപരിഷ്‌കരണം ഉൾപ്പെടെയുള്ളവ നേടിയെടുക്കാൻ  സമരത്തിനിറങ്ങിയത്‌. പണിമുടക്കിൽ അണിചേർന്നവർക്ക്‌ ഭീഷണിയും സസ്‌പെൻഷനും അറസ്റ്റും പട്ടിണിയും... പ്രതിസന്ധികൾ ഏറെ.  എങ്കിലും പിന്മാറാൻ തയ്യാറായില്ല. ഒരേമനസ്സോടെ വിജയംവരെ പോരാടി. ആ സ്‌മരണകൾ പങ്കിട്ടപ്പോൾ അത്‌ പുതുകുതിപ്പിന്‌ ഊർജമേകി. 
സംഗമം എൻജിഒ യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്തു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ്‌  പി എ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയും പണിമുടക്ക് സമരപോരാളിയുമായ  ഇ എൻ മോഹൻദാസ്‌  ആദരപത്രം നൽകി. കെഎസ്‌ടിഎ മുൻ സംസ്ഥാന സെക്രട്ടറി കെ പി രമണൻ മുഖ്യപ്രഭാഷണം നടത്തി. വി പി വാസുദേവൻ, ടി കെ കരുണാകരൻ, മണമ്പൂർ രാജൻബാബു, വി സി കമലം, പി എം സാവിത്രി, ഗംഗാധരൻ എന്നിവർ സമരസ്മരണകൾ പങ്കുവച്ചു. എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, എഫ്എസ്ഇടിഒ മുൻ സംസ്ഥാന പ്രസിഡന്റ്‌ സി ഉസ്മാൻ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ എന്നിവർ സംസാരിച്ചു. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ട്രഷറർ എം ശ്രീഹരി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top