25 April Thursday
മേപ്പാടി പോളിയിലെ മയക്കുമരുന്ന്‌ മാഫിയ

പ്രതികൾക്ക്‌ യുഡിഎഫ്‌ 
സംരക്ഷണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
 
കൽപ്പറ്റ  
മേപ്പാടി ഗവ. പോളിടെക്നിക്കിലെ മയക്കുമരുന്ന്‌ മാഫിയക്ക്‌ പിന്തുണ നൽകുന്ന കെഎസ്‌യു–-എംഎസ്‌എഫ്‌ നേതാക്കൾക്കെതിരെ നടപടി എടുക്കാതെ ജില്ലയിലെ യുഡിഎഫ്‌ നേതൃത്വം. മയക്കുമരുന്ന്‌ വാങ്ങാൻ പണം കണ്ടെത്തുന്നതിന്‌ കോളേജ്‌ ലാബിൽനിന്ന്‌ മോഷ്ടിച്ച ജനറേറ്റർ എംഎസ്‌എഫ്‌ യൂണിറ്റ്‌ സെക്രട്ടറിയുടെ മുറിയിൽനിന്ന്‌ കണ്ടെടുത്തിട്ടും മുസ്ലിംലീഗ്‌ നേതൃത്വം ഇടപെട്ടിട്ടില്ല. കോളേജിലെ ട്രാബിയോക്ക്‌ എന്ന മയക്കുമരുന്ന്‌ സംഘത്തിലെ അംഗമായ എംഎസ്‌എഫ്‌ നേതാവടക്കം ഏഴുപേർ താമസിക്കുന്ന മുറിയിൽനിന്നാണ്‌ ജനറേറ്റർ കഴിഞ്ഞദിവസം പിടികൂടിയത്‌. ഇവർക്കെതിരെ മോഷണത്തിനുള്ള വകുപ്പ്‌ ചേർത്ത്‌ കേസെടുത്തിട്ടുമുണ്ട്‌. 
കെഎസ്‌യു പ്രവർത്തകരും ട്രാബിയോക്കിൽ അംഗങ്ങളാണ്‌. ഇവരെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ്‌ കോൺഗ്രസ്‌ നടത്തുന്നത്‌. എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ മയക്കുമരുന്ന്‌ ഉപയോഗിച്ച വിദ്യാർഥിസംഘം വളഞ്ഞിട്ട്‌ ആക്രമിച്ച ദിവസം കോളേജിൽ എത്തിയ പ്രമുഖ നേതാവ്‌ അദ്ദേഹത്തിന്റെ സ്വന്തം വാഹനത്തിലാണ്‌ പ്രതികളെ രക്ഷപ്പെടുത്തിയത്‌. അക്രമികളെ സഹായിക്കുന്ന ഈ നേതാവിനെതിരെ ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾക്കും എതിർപ്പുണ്ട്‌. അപർണയെ ആക്രമിച്ച പ്രതികൾക്കെതിരെ നിസ്സാര വകുപ്പ്‌ ചുമത്താൻ പൊലീസിനുമേൽ സമ്മർദം ചെലുത്താനും ചില നേതാക്കൾ ശ്രമിച്ചു. 
കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ സാലിമിനെ മർദിച്ചെന്ന്‌ കള്ളക്കേസുണ്ടാക്കി മേപ്പാടി പൊലീസ്‌ സ്‌റ്റേഷൻ മാർച്ച്‌ ഉൾപ്പെടെ യുഡിഎഫ്‌ നടത്തി. മുഹമ്മദ്‌ സാലീം ഉൾപ്പെടെയുള്ളവർ മോഷണക്കേസിൽ പ്രതികളാണ്‌. ഇവരുടെ മുറിയിൽ മയക്കുമരുന്ന്‌‌ ഉപയോഗിച്ചതിനുശേഷമുള്ള സാധനങ്ങളുടെ വീഡിയോയും പുറത്തുവന്നിരുന്നു. അപർണയെ ആക്രമിച്ച സംഭവത്തിൽ ആറുപേരാണ്‌ ഇതുവരെ പിടിയിലായത്‌. മറ്റുള്ളവരെ ഒളിവിൽ പോകാൻ സഹായിച്ചത്‌ ജില്ലയിലെ ലീഗ്‌–-കോൺഗ്രസ്‌ നേതൃത്വമാണെന്ന്‌ ആക്ഷേപമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top