16 April Tuesday

ശാസ്താംകോട്ട തടാകത്തെ തിരിച്ചുപിടിക്കും

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

ശാസ്താംകോട്ട തടാകം

കൊല്ലം
ശാസ്താംകോട്ട തടാകത്തെ വീണ്ടെടുക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ആഴവും സംഭരണശേഷിയും കുറഞ്ഞുവെന്ന ബാത്തിമെട്രിക് സർവേയുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ  തടാകത്തിന്റെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അഭ്യർഥനയെ തുടർന്നാണ് പ്രത്യേക അനുമതി നൽകി പണം അനുവദിച്ചിരിക്കുന്നത്.  
ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സ്വാഭാവിക നീരുറവയെ ബാധിക്കുംവിധം ചെളി അടിഞ്ഞുകൂടിയതായും ആഴം കുറഞ്ഞതായും ഹൈഡ്രോളജി വിഭാഗം കണ്ടെത്തിയിരുന്നു. ബാത്തിമെട്രിക് സർവേയിലാണ് തടാകത്തിന്റെ മിക്ക ഭാഗങ്ങളിലും വലിയതോതിൽ ചെളി അടിഞ്ഞതായി കണ്ടെത്തിയത്. ഇതുമൂലം ശരാശരി ആഴം 15 മീറ്ററായി കുറഞ്ഞു. നീരുറവകൾ നശിച്ചതാണ് വേനൽക്കാലത്ത് ജലനിരപ്പ് വലിയതോതിൽ താഴുന്നതിന് കാരണം. നേരത്തെ നീരുറവകൾ വഴി തടാകത്തിലേക്ക് വൻതോതിൽ വെള്ളം ഒഴുകിയെത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അടിയന്തരമായി തടാകത്തിന്റെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
നിലവിൽ കൊല്ലം കോർപറേഷനിലെയും ഏഴു പഞ്ചായത്തിലെയും കുടിവെള്ള വിതരണം ശാസ്‌താംകോട്ട തടാകത്തെ ആശ്രയിച്ചാണ്‌. 
മധ്യഭാഗത്ത്‌ ആഴം ഏറ്റവും കൂടുതൽ 14.6 മീറ്ററും കരയോട്‌ ചേർന്ന്‌ മൂന്ന്‌ –- നാല്‌ മീറ്ററുമാണെന്ന്‌ ബാത്തിമെട്രിക്‌ സർവേ വ്യക്തമാക്കുന്നു. പരമാവധി വെള്ളത്തിന്റെ സംഭരണശേഷി 15.2 മീറ്ററായും വെള്ളത്തിന്റെ ആഴം ഏകദേശം 70 സെന്റിമീറ്ററായും കുറഞ്ഞതായി റിപ്പോർട്ടിലുണ്ട്‌. പുല്ലും കുറ്റിക്കാടും എക്കലും മൂലം സംരക്ഷിത മേഖലയിൽ വെള്ളത്തിന്റെ സംഭരണശേഷി 20 ശതമാനമായി കുറഞ്ഞതായും സർവേയിൽ കണ്ടെത്തി. ആദ്യമായാണ്‌ ശാസ്‌താംകോട്ട തടാകത്തിൽ വിശദമായ ഗ്രൗണ്ട്‌ സർവേ നടന്നത്‌.
കൊല്ലം അസിസ്റ്റന്റ്‌ മറൈൻ സർവേയർ മിനിമോളുടെ നേതൃത്വത്തിലുള്ള സംഘം 21 ദിവസംകൊണ്ടാണ്‌ സർവേ പൂർത്തിയാക്കിയത്‌. ഇതിനായി കായൽ സഞ്ചാരത്തിന്‌ ഇലക്ട്രിക്‌ എൻജിൻ ഘടിപ്പിച്ച റബർ വള്ളമാണ്‌ ഉപയോഗിച്ചത്‌. ജപ്പാനിൽനിന്ന്‌ വള്ളം ഇറക്കുമതി ചെയ്യുകയായിരുന്നു. തടാകത്തിൽ പെട്രോൾ, ഡീസൽ എൻജിനുകൾ ഉപയോഗിക്കാറില്ല. 15ലക്ഷം രൂപയാണ്‌ സർവേയ്‌ക്കായി സർക്കാർ ചെലവഴിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top